കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Sunday, April 07, 2013

രാഗസാന്ദ്രമായൊരു ബ്ലും !!!മുങ്ങിത്താഴാൻ പോകുന്നൊരുവന്റെ
ഒടുവിലത്തെ കുതിപ്പാണ് പെണ്ണെ,
നിന്നോടുള്ള എന്റെ വാക്കുകൾ ...

നോക്കി പരിഹസിക്കരുത്‌;
സഹതപിക്കയുമരുത് ...

കഴിയുമെങ്കിൽ;
കഴിയുമെങ്കിൽ മാത്രം
കൈയൊട്ടു വിറയാതെ,
നിന്നേക്കാളുമെന്നേക്കാളും 
നമ്മുടെ സ്വപ്നങ്ങളേക്കാളും
നമുക്കു പിറന്ന / പിറക്കാതെ പോയ
കോടാനുകോടി അക്ഷരക്കുഞ്ഞുങ്ങളേക്കാളും
നിരാശമുറ്റിയ ദീർഘമൗനങ്ങളേക്കാളും,
ഘനമേറിയ നിസ്സംഗതയുടെ
വല്യോരുരുളൻ കല്ലെടുത്തെന്റെ 
നെറുകിലേക്കിട്ടെന്നെ വിസ്മൃതിയുടെ
അന്തംകെട്ട ആഴങ്ങളിലേക്ക്‌ മുക്കിക്കളയുക. 
ബ്ലും !!!
----------------

ഇളംപച്ചഞെരമ്പുകള്‍ പിണഞ്ഞു കിടക്കുന്ന
സുതാര്യവും പേലവവുമായ നിന്റെ കൈകൾക്കു പകരം 
കിനാവള്ളികൾ വന്നു മുറുക്കട്ടെയെന്റെ മേൽ .

നിന്റെ ചെഞ്ചോരചുണ്ടുകള്‍
കൊതിച്ചയെന്റെയധരങ്ങളില്‍
കടലൊച്ചുകൾ കൂട്ടമായ്‌ വന്നു
വഴുവഴുത്തുമ്മകൾ വെയ്ക്കട്ടെ..

ഒരോ അണുവിലും നിന്നെ പ്രതീക്ഷിച്ചു -
ച്ചത്തിൽ വിയർത്ത മാംസം
നത്തോലികൂട്ടങ്ങൾക്കു തിരുവത്താഴമാകട്ടെ..

ശേഷിക്കുന്നൊരസ്ഥിപഞ്ചരം
കൂട്ടം പിരിഞ്ഞു പോയൊരു
പിരാനക്കുഞ്ഞിനു ഒറ്റവായ്‌ തീറ്റയാവട്ടെ.

അപ്പോഴും,
അവറ്റകളൊക്കെയുമാദ്യം തിരഞ്ഞ-
യെന്റെ ഹൃദയം മാത്രം ഭദ്രമായ്‌
നിന്റെ പക്കലുണ്ടല്ലോ..
അത്രമാത്രം മതിയീ ജീവന്‌,
നിത്യമുക്തിയേകുവാന്‍ ...

8 comments:

 1. ബിംബകൽപ്പനകൾക്ക് പുതുമയുണ്ട്.....
  അത് കോർത്തുവെച്ച രീതിയും ആകർഷകമായി....
  വാക്കുകളും പദങ്ങളും ചേർന്ന് സൃഷ്ടിക്കുന്ന ഭാവലോകം അനുഭവിക്കാനാവുന്നു....
  ഇതൊക്കെയല്ലേ ഉത്തമ കവിതയുടെ ലക്ഷണങ്ങൾ....

  ReplyDelete
 2. ഇത്രയേറെ മുറിവുകള്‍... വേദന..

  ReplyDelete
 3. പ്രണയനൊമ്പരം...

  ReplyDelete
 4. കുറേയായ്‌ ബ്ലോഗ്‌ വായിച്ചിട്ട്..
  തലക്കെട്ട് വായിച്ചപ്പോള്‍ തമാശയാവും എന്നാ വിചാരിച്ചേ..
  പക്ഷെ വേദനയുടെ ആഴം......!
  ശരിക്കും മനസ്സ് നൊന്തു കുറിച്ചതാണോ സന്ദീപ്‌....
  എന്തായാലും കവിത ഇഷ്ടമായ്‌...
  ദുരൂഹതയില്ലാതെ തീര്‍ത്ത വാക്കുകളുടെ ബിംബങ്ങളുടെ ലയം...

  ReplyDelete