കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Saturday, October 27, 2012

സഫറോം ക്കി സിന്ദകി....


ഒരു കടലോരഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നതിനാലാവണം കടല്‍ എന്നെ അത്രയൊന്നും ആകര്‍ഷിച്ചിട്ടില്ല.... എങ്കിലും സങ്കടങ്ങള്‍ മനസ്സില്‍ കുറുകുമ്പോള്‍ ഒറ്റയ്ക്ക് കടപ്പുറത്ത് പോയി കരിങ്കല്‍ കൂട്ടത്തില്‍ മലര്‍ന്നു കിടക്കുകയും അനന്തവിഹായസില്‍ പാറി പറക്കുന്ന വെളിച്ചപ്രാവുകളെ കണ്ണില്‍ കോരുക്കാനും എന്നെന്നും ഇഷ്ടവുമാണ്....
ഇന്നലെ പെരുന്നാള്‍ അവധി ആഘോഷമാക്കാന്‍ മല കേറി പോയത് യിത്തി എന്ന ഒമാന്‍ ഉള്‍ഗ്രാമത്തിലേക്കായിരുന്നു... ഒരു മഴ പെയ്താല്‍ ഉരുള്‍പൊട്ടി, പുറം ലോകവുമായുള്ള സമസ്തബന്ധങ്ങളും നഷ്ടപ്പെടുന്നത്ര മലകളാല്‍ ചുറ്റപ്പെട്ടതും ഒറ്റപ്പെട്ടതുമായ ഗ്രാമമാണ് യിത്തി.. മലയും കടലും വാധികളും കണ്ടല്‍ കാടുകളും കൂറ്റന്‍ പാറക്കെട്ടുകളും നിറഞ്ഞ വന്യമായ ഭൂപ്രകൃതിയിലൂടെ വളഞ്ഞുലഞ്ഞു പോകുന്ന നീണ്ട കറുത്തപാതയിലൂടെയുള്ള സാഹസികമായ യാത്ര.... ജീവിതം പോലെ ഇടയ്ക്കിടെ അപ്രതീക്ഷിതമായ കുത്തനെയുള്ള കയറ്റിറക്കങ്ങള്‍ ...കുന്നു കേറി ചെന്നപ്പോഴേക്കും സൂര്യന്‍ പടിഞ്ഞാറു ചാഞ്ഞിരുന്നു. യിത്തി ഗ്രാമത്തിന്റെ വഴിയോരത്തു പ്രദേശവാസികള്‍ ഇറച്ചി മുളംകമ്പില്‍ കോര്‍ത്തു കനലില്‍ ചുട്ടെടുക്കുന്നുണ്ടായിരുന്നു. "മുഷ്ക്കാക്ക്" എന്നാണു അവരതിനെ വിളിക്കുന്നത്‌..,... മുള്ളില്‍ കോര്‍ത്തത് എന്നത്രേ അതിനര്‍ത്ഥം. ഉപചാരമര്യാദകളില്‍ അറബികളെ നമ്മള്‍ സ്തുതിയ്ക്കാതെ വയ്യ... മുഷ്‌ക്കാക്ക് ചോദിച്ചു ചെന്നപ്പോള്‍ അവര്‍ സന്തോഷപൂര്‍വം അവരുടെ ഭക്ഷണത്തില്‍ നിന്നും ഒരു പങ്ക് ഞങ്ങള്‍ക്ക് തന്നു. ബുര്‍ഹാത്ത് മസാലയും വറ്റല്‍ മുളകിന്റെ എരിവും പുരണ്ട കാളയിറച്ചി, നാവില്‍ രുചിയുടെ ജെല്ലിക്കെട്ട് നടത്തി..യിത്തി മലയുടെ മറുവശമുള്ള കടല്‍ത്തീരം വരെ വണ്ടിയോടിച്ചു പോയി; ഗ്രാമത്തിലൂടെ ചെറുങ്ങനെയൊന്നു വലംവെച്ച് മടക്കം. ഇരുള്‍ കനത്ത മരുപ്പാതയിലൂടെ മടങ്ങുമ്പോള്‍ കൂടെയുണ്ടായിരുന്ന ചങ്ങാതികള്‍ ജിന്നുകളുടെയും മലക്കുകളുടെയും അതിശയിപ്പിക്കുന്ന കഥകള്‍ പറയാന്‍ തുടങ്ങി. അറബിനാട്ടിലെ ഇബിലീസുങ്ങളുടെ അപദാനങ്ങള്‍ പറഞ്ഞു പറഞ്ഞു ഒടുവില്‍ നാട്ടിലെ യക്ഷി, മാടന്‍ , മറുത, ഒടിയന്‍, എന്നിങ്ങനെ നീണ്ടു പോകുന്ന പ്രാദേശിക പ്രേതകഥകളിലേക്ക് വന്നെത്തി സംസാരം. ഇടയ്ക്കെപ്പോഴോ നൗഷാദ്‌ മറ്റുളളവര്‍ക്ക് ഹൈമാവതിയുടെ കഥ പറഞ്ഞു കൊടുത്തു... എന്റെ ചിന്തയപ്പോള്‍ ഹൈമാവതിയിലേക്ക് പാറി പറന്നു പോയി... തിരുവനന്തപുരം കാര്യവട്ടത്തെ ആ പ്രണയ/ യക്ഷി കഥ കഴിഞ്ഞ മാസമാ ഞാന്‍ ആദ്യമായ്‌ കേള്‍ക്കുന്നത്.. മറ്റു യക്ഷി കഥകളില്‍ നിന്നും പാടേ വ്യത്യസ്തമായി കാല്‍പ്പനികമായൊരു മാനം എങ്ങനെയോ ഹൈമാവതിയില്‍ വന്നു കൂടിയിട്ടുണ്ട്...

തലേ ദിവസത്തെ ഉറക്കമൊഴിച്ചുള്ള ജോലികള്‍ ശരീരത്തിനും മനസ്സിനും വരുത്തിയ ക്ഷീണം, മലങ്കാറ്റുമായി പ്രതിപ്രവര്‍ത്തിച്ചു എന്നെ മയക്കക്കത്തിലേക്ക് തള്ളി വീഴ്ത്തിയെപ്പോഴോ.. ഹൈമാവതിയെ കുറിച്ച് എനിക്ക് പറഞ്ഞു തന്ന എന്റെ "യക്ഷി കുഞ്ഞ്" മയക്കത്തിലെന്നെ കൈ പിടിച്ചു കാര്യവട്ടത്തെ അക്വേഷ്യാ കാടിനുള്ളിലൂടെ ഹൈമാവതികുളത്തിലേക്ക് കൊണ്ടു പോയി. അവള്‍ വാ തോരാതെ പെയ്യുന്നുണ്ടായിരുന്നു ഹൈമാവതിയെ കുറിച്ച്. ഞാനതില്‍ നനഞ്ഞു കുതിരുകയും.

മലയിറക്കത്തിന്റെ അവസാനത്തെ കൊടുംവളവു തിരിഞ്ഞപ്പോഴേക്കും ഞാനുണര്‍ന്നു കൂടെയുള്ളവരുടെ സംസാരങ്ങളില്‍ ചെന്നു ചേര്‍ന്നു. മത്രയും മസ്ക്കറ്റും കോര്‍ണിഷും വലം വെച്ച് സഹയാത്രികര്‍ക്ക് രാത്രി സലാം വെച്ച് റുസൈലില്‍ ഇറങ്ങി അവിടെ നിന്നും എനിക്ക് വീടെത്താന്‍ നൗഷാദ്‌ ഏര്‍പ്പാടാക്കി തന്ന ടാക്സിയില്‍ കേറി പിന്നെയും ഒരു മണിക്കൂര്‍ നീണ്ട യാത്ര...

സഫറോം ക്കി സിന്ദകി.... :)


(27/ 10 / 2012)

യിത്തി യാത്രയുടെ ഏതാനും ചിത്രങ്ങള്‍ കൂടി.....ചിത്രങ്ങള്‍ക്ക് കടപ്പാട് : Noushadali Poolamannil

13 comments:

 1. ആഹാ., മരുഭൂമിയുടെ സംസ്കാരം ഇനിയും ഇനിയും പറയൂ സന്ദീപ്. അറബികളുടെ വൈവിദ്ധ്യപൂർണമായ ഗോത്രത്തനിമകളെക്കുറിച്ച് വളരെ കുറച്ചേ അറിയൂ.... നിങ്ങളൊക്കെ വേണം അതു പകർത്തി ഞങ്ങൾക്കു പങ്കുവെക്കാൻ....

  കുറച്ച് ഫോട്ടോകൾ കൂടി ആവാമായിരുന്നു.....

  ReplyDelete
 2. ഓരോ യാത്രകളും മനോഹരങ്ങളാണ്. ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ. ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു

  ReplyDelete
 3. സഫറോം കി സിന്ദഗി..
  നല്ല എഴുത്ത്

  ReplyDelete
 4. ബാബു ഭരദ്വാജിനു ശേഷം ആരും മരുഭൂമിയുടെകഥകള്‍ പറഞ്ഞെന്നെ ആകര്‍‌ഷിച്ചിട്ടില്ല. പക്ഷേ, മുത്ത് നിനക്ക് പറ്റും എന്നു എനിക്ക് തോന്നുന്നുണ്ട്. പൂരിപ്പിക്കത്ത കഥയാണ് ജീവിതം എന്നു നിനക്കറിയാം.

  ReplyDelete
 5. ഈ യാത്രയില്‍ ഞാനും അകലെ മാറി നിങ്ങളോടൊപ്പമുണ്ടായിരുന്നല്ലോ ;) നിങ്ങളെ വിളിച്ച് സംസാരിച്ചുകൊണ്ടിരുന്നപ്പോ റേഞ്ച് ഇല്ലാത്ത സ്ഥലത്ത് വെച്ച് ഫോണ്‍ കട്ടായതും, തിരികെ വരുമ്പോ നിങ്ങളെന്നെ വിള്‍ച്ച്ചതും ഒക്കെ ഓര്‍ക്കുന്നു .. ഇപ്പൊ പഴയ പോലെ സമയം കിട്ടാറില്ല എന്നറിയാം എങ്കിലും സമയം ഉള്ള പോലെ എഴുതണം !
  ആശംസകള്‍ !

  ReplyDelete
 6. ഒരു കടലോരഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നതിനാലാവണം കടല്‍ എന്നെ അത്രയൊന്നും ആകര്‍ഷിച്ചിട്ടില്ല.... എങ്കിലും സങ്കടങ്ങള്‍ മനസ്സില്‍ കുറുകുമ്പോള്‍ ഒറ്റയ്ക്ക് കടപ്പുറത്ത് പോയി കരിങ്കല്‍ കൂട്ടത്തില്‍ മലര്‍ന്നു കിടക്കുകയും അനന്തവിഹായസില്‍ പാറി പറക്കുന്ന വെളിച്ചപ്രാവുകളെ കണ്ണില്‍ കോരുക്കാനും എന്നെന്നും ഇഷ്ടവുമാണ്....

  സന്ദീപേ നിന്റെയീ എഴുത്ത് വായിക്കുമ്പോൾ എനിക്ക് ഭയങ്കര ജാള്യത തോന്നുന്നു. എന്ത് മനോഹരമായിട്ടാ നീയിതിലെല്ലാം കുറിച്ച് വച്ചിരിക്കുന്നത്. ഞാനൊക്കെ എന്തിനാടാ ഒരു ബ്ലോഗർ എന്നും പറഞ്ഞ് നിങ്ങൾക്കിടയിലിങ്ങനെ......?
  ഒരു തരം സാഹിത്യ ഭംഗിയോ സാഹിത്യവാക്കുകളോ പ്രയോഗങ്ങളോ അറിയാതെ... എനിക്ക് ലജ്ജ തോന്നുന്നെടാ,സത്യം നിന്റെയീ കുറിപ്പിന്റെ ഭംഗിയാസ്വദിക്കുമ്പോ. ആശംസകൾ.

  ReplyDelete
 7. കുറിപ്പിഷ്ടമായി സന്ദീപ്. ഈ അവധിയ്ക്ക് എവിടെയെങ്കിലും പോവണമെന്ന് കരുതി പാസ്പോർട്ട് ഒക്കെ കൈയിൽ വച്ചിരുന്നു. എന്ത് കൊണ്ടോ വീട്ടിനുള്ളിൽ തന്നെയായി പോയി ഇരിപ്പ്.

  ReplyDelete
 8. നന്നായിരിക്കുന്നു സന്ദീപ്‌...

  ReplyDelete
 9. നിയ്ക്കും ഇഷ്ടമായി..
  മഴക്കും കടലിനും യക്ഷിക്കും എനിക്കും നിനക്കുമിടയിൽ നാടും നാട്ടാരും ഒരു മറയല്ലെന്ന് അറിയുക നീ..
  സ്നേഹം ട്ടൊ.,!

  ReplyDelete
 10. ശരിക്കും..ഈ യാത്ര ഞാനും ഇവിടെ ഇരുന്നു അനുഭവിച്ചു..

  ReplyDelete
 11. നിന്റെ ഒപ്പം പോന്ന ഞാന്‍ ഇതൊന്നും അപ്പൊ അനുഭവിച്ചില്ലല്ലോ.
  ഇപ്പൊ എവിടന്നു വന്നു ഇതൊക്കെ?
  എഴുത്തിന്റെ ഇന്ദ്രജാലം തന്നെ .....

  ReplyDelete
 12. നല്ല വിവരണം സന്ദീപ്.കുറച്ച് ഫോട്ടോസ് ആഡ് ചെയ്യാമായിരുന്നില്ലേ?

  ReplyDelete
 13. യാത്രാവിവരണവും ചിത്രങ്ങളും നന്നായിട്ടുണ്ട് സന്ദീപേ ...!

  ReplyDelete