Tuesday, January 17, 2012

പ്രിയനന്ദിത - എന്റെ പ്രിയപ്പെട്ട കവിത




ഇന്നലെയവളെഴുതിയ അക്ഷരക്കൂട്ടുകള്‍
വെറും കവിതകളായിരുന്നില്ല;
അതവളുടെ ജീവിതമായിരുന്നു.
നിങ്ങളതു വായിച്ചു വികലവൃത്തമെന്നും
പ്രാസരഹിതമെന്നും തീര്‍പ്പെഴുതും മുന്‍പേ-
യവള്‍ മരണത്തിനൊപ്പമേതോ
താരാട്ടിന്റെ താളത്തിലാടുകയായിരുന്നു.
രാവിന്റെയോരത്താരുമറിയാത്ത യാമത്തില്‍
തണുത്ത പ്രണയവുമായി കാമിക്കുമ്പോഴു-
മവള്‍ കവിതകളെഴുതിക്കൊണ്ടിരുന്നു.

ആ പ്രണയകവിതകളുടെ വക്കില്‍
കന്യാഛേദരക്തം കറുത്തുകട്ടപിടിച്ചു
ഈച്ചയാര്‍ത്തു കിടപ്പുണ്ടായിരുന്നു വെളുപ്പിന്.
അതു നക്കിത്തുവര്‍ത്താന്‍ വന്ന
മരണത്തിന്റെ നിറമുള്ള ഉറുമ്പിന്‍ കൂട്ടത്തേയും
സ്നേഹം മൂളിയെത്തിയ മണിയനീച്ചകളെയു-
മാട്ടിയകറ്റിയവളുടെ കവിതകള്‍ക്കു ഞാന്‍ കാവലിരുന്നു.

നഷ്ടസ്വപ്‌നങ്ങള്‍ കണ്ടു മരവിച്ച കണ്ണുകളില്‍
ഞാനന്ത്യ ചുംബനമേകുമ്പോളെന്റെ ചുണ്ടില്‍ പറ്റിയ,
ഉപ്പുചുവയില്‍ ചവര്‍പ്പിച്ച കണ്ണുനീര്‍
എന്നോടുള്ള അവളുടെ പ്രണയമായിരുന്നു.
ഞാനതറിയുമ്പോഴേക്കുമവള്‍ അവസാനശ്വാസവും
നിലച്ചൊരു ഷെഹ്നായീണമായ് മാറിയിരുന്നു.

അവളിപ്പോഴും, അക്ഷരത്തെറ്റിനു താഴെ
ചുവന്നടിവരയിട്ടൊരു വരി പോലെ,
മനസ്സില്‍ തെളിഞ്ഞു തെളിഞ്ഞു കിടക്കുന്നു.

അവള്‍ക്കു തെറ്റിയ കാലമിപ്പോഴു-
മവളെ ഗര്‍ഭം ധരിക്കുന്നു.
എന്റെ കവിതകളിലെ
വിരസാവര്‍ത്തിതാലങ്കാരം പോലവളെ
പിന്നെയും പിന്നെയും പ്രസവിക്കുന്നു.


10 comments:

  1. വായിച്ചു നല്ല വരികള്‍

    ReplyDelete
  2. ആ കവിതകള്‍ മുഴുവനന്വേഷിച്ചിട്ടും മരണത്തോടുള്ള അഭിനിവേശമല്ലാതെ ജീവിതത്തില്‍ നൈരാശ്യം ഉണ്ടാകാന്‍ പാകത്തില്‍ ഒന്നുമില്ലെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്...
    എല്ലാവരെയും പോലെ ഞാനും ചോദിയ്ക്കുന്നു,എന്തിനാണ് നന്ദിതാ നീ.............

    ReplyDelete
  3. അവളിപ്പോഴും, അക്ഷരത്തെറ്റിനു താഴെ
    ചുവന്നടിവരയിട്ടൊരു വരി പോലെ,
    മനസ്സില്‍ തെളിഞ്ഞു തെളിഞ്ഞു കിടക്കുന്നു.

    ഉചിതമായി ഈ അനുസ്മരണം..

    ReplyDelete
  4. നല്ല കവിതക്കെന്റെ ഭാവുകഗ്ങൾ

    ReplyDelete
  5. എനിക്ക് ഒന്നും പറയാനറിയില്ല...

    അകാലത്തില്‍ പൊലിഞ്ഞ ആ പ്രകാശകണത്തിന് നിത്യശാന്തി നേരുന്നു.

    ReplyDelete
  6. നന്ദിത- തന്റെ ആയുസ് തന്റെ തന്നെ കവിതയ്ക്ക്
    കടം കൊടുത്ത് മറഞ്ഞു പോയവള്‍..

    ReplyDelete
  7. ആ കവയിത്രിക്ക് നിത്യശാന്തി നേരുന്ന്നു

    ReplyDelete
  8. "അവളിപ്പോഴും, അക്ഷരത്തെറ്റിനു താഴെ
    ചുവന്നടിവരയിട്ടൊരു വരി പോലെ,
    മനസ്സില്‍ തെളിഞ്ഞു തെളിഞ്ഞു കിടക്കുന്നു....."

    ReplyDelete
  9. അവസാനശ്വാസവും
    നിലച്ചൊരു ഷെഹ്നായീണമായ്

    ശരിയാണു....


    നല്ല കവിത സന്ദീപ്

    ReplyDelete