കാത്തിരുന്ന പ്രണയം കൈയില്‍ വന്നിട്ട് കുറെ ദിവസങ്ങളായി. അടുത്തു (തീയറ്ററില്‍ ) വന്നപ്പോഴും കാണാന്‍ അവസരമില്ലാതെ പോയതാണ്. കാത്തിരിപ്പ് നമ്മെ കൊണ്ട് സ്വപ്നം കാണിക്കുകയും കാഴ്ചയെ മികച്ച അനുഭവമാക്കുകയും ചെയ്യുമെന്ന സത്യം അറിയാവുന്നത് കൊണ്ട് യോജിച്ചൊരു ദിവസത്തിനായി ഞാനും കാത്തിരിക്കുകയായിരുന്നു. ഈ രാത്രിയില്‍ മഴ പെയ്തു തുടങ്ങിയ നേരത്ത്, മനസ്സില്‍ പ്രണയം നുരഞ്ഞെത്തി. ലാപ്പ്ടോപ്പ് നെഞ്ചോട് ചേര്‍ത്തു വെച്ച് പ്രണയത്തിന്റെ ലബ്ബ് ടബ്ബ് താളം നുകര്‍ന്ന് ഞാനാ സിനിമ കാണാനിരുന്നു.
സിനിമയില്‍ നിന്നും കടലും മഴയും ഇപ്പോള്‍ എനിക്കു മുന്നില്‍ നിറഞ്ഞു വരുന്നു. നായകനും നായികയും തമ്മില്‍ കാണുന്ന കൂടുതല്‍ സീനുകളും അവിടെ ഫോര്‍ട്ട്‌കൊച്ചിയില്‍ കായല്‍ കടലിനോടു ചേരുന്നതിന്റെ ഓരത്തെ വാക്ക്‌വേയില്‍ വെച്ചായിരുന്നു. എന്റെ ആദ്യപ്രണയത്തോട് അവസാനമായി സംസാരിച്ചതിനു ശേഷമുള്ള ദിവസം കോഡര്‍ ഹൗസിലെ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയത് തൊട്ടു മുന്നിലെ ആ കടല്‍ വഴിയിലായിരുന്നു. കൂട്ടിനു മഴയും.. ഏതോ നഷ്ടബോധത്തില്‍ സ്വയം നനഞ്ഞ് ഞാന്‍ വെയിലും മഴയും കൈകോര്‍ത്തു പെയ്യുന്ന ആ കടല്‍ സന്ധ്യയുടെ അറ്റത്തേക്ക് നടന്നു. കടലുപ്പ് കനപ്പിച്ച കാറ്റ് ലംബമായ് വീശി മഴയുടെ സംഗീതം കാതില്‍ നിറച്ചു കൊണ്ടിരുന്നു. ചുണ്ടിലിറ്റിയ മഴത്തുള്ളികളില്‍ കണ്ണീര്‍ ചുവയ്ക്കുന്നതറിയിച്ച നാവു ഇവിടെ ഒരു രസം കൊല്ലിയാണ്. തൂഫ്....
അപ്പോള്‍ , ആ വഴിയുടെ വിരാമത്തില്‍ നില്‍ക്കുമ്പോള്‍ ഫോര്‍ട്ട്കൊച്ചിയുടെ വടക്കേ മുനമ്പില്‍ നിന്നും വൈപ്പില്‍ ദ്വീപിലേക്ക് വക്രിച്ചു നീളുന്ന, പണ്ടെങ്ങോ അറ്റു പോയൊരു മഴവില്ലിനെ വിരലറ്റം കൊണ്ട് വരച്ചു മുഴുമിപ്പിക്കാനുള്ള കാല്പനികശ്രമത്തിലായിരുന്നു ഞാന്‍.
വൈദ്യുതി നിലച്ചതേതുമറിയാതെ ഗൂഡസ്മൃതികളില്‍ അഭിരമിച്ച് സിനിമ ആസ്വദിക്കുകയായിരുന്നു അത്രനേരം ഞാന്‍. വരകളൊക്കെയും വര്‍ത്തുളമായി പാതി വഴിയില്‍ തീര്‍ന്നു പോകുന്ന മഴവില്ലു പോലെ ഒടുവില്‍ , ലാപ്ടോപ്പ് ഊര്‍ദ്ധന്‍ വലിച്ചു ചിത്രം മാഞ്ഞു, hibernate മോഡിന്റെ ഒടുക്കത്തെ ചുവപ്പ് കത്തിയമര്‍ന്നു. ഇരുട്ടിന്റെ തിരശീലയില്‍ അതുവരെ കണ്ട പ്രണയത്തിന്റെ ഭാഗങ്ങള്‍ വീണ്ടും വീണ്ടും കാട്ടി തന്നു കൊണ്ടിരുന്നു ന്റെ ലാപ്ടോപ്പ്. സ്വപ്‌നങ്ങള്‍ പറഞ്ഞു മുഴുമിപ്പിക്കാതെ, ഇടവേളയില്‍ ഇറങ്ങി പോയൊരു പ്രണയമായ് അവളും യാത്ര പറയാതെ തിരിച്ചു നടക്കുന്നതാണിപ്പോള്‍ കാണുന്നത്.
ഇനിയീ സ്നേഹരാവില്‍ ഒരിക്കലും കയ്യെത്തി പിടിക്കാന്‍ പറ്റാത്ത വിധം അകലെയായിരിക്കുന്നു ന്റെ പ്രണയം. നാളെയുടെ പ്രഭാതം പ്രണയത്തിനായുള്ള കാത്തിരിപ്പിലേക്കും കനിവിലേക്കും കണ്‍ തുറക്കട്ടെ.
ഇപ്പോള്‍ നിങ്ങള്‍ക്ക് കേള്‍ക്കാമോ ആ പാട്ട്...
നല്ലെഴുത്ത്
ReplyDeleteഇനിയീ സ്നേഹരാവില്‍ ഒരിക്കലും കയ്യെത്തി പിടിക്കാന്‍ പറ്റാത്ത വിധം അകലെയായിരിക്കുന്നു ന്റെ പ്രണയം. നാളെയുടെ പ്രഭാതം പ്രണയത്തിനായുള്ള കാത്തിരിപ്പിലേക്കും കനിവിലേക്കും കണ്‍ തുറക്കട്ടെ.
ReplyDeleteപ്രണയ നിമിഷങ്ങളുടെ വീര്‍പ്പുമുട്ടലുകള്‍
പുലരി-ഉച്ച-സായന്തനം.പ്രണയം അതിന്റെ കടലറ്റം വരെ പ്രയാണം തുടരട്ടെ -സാര്‍ത്ഥം!
ReplyDeleteകാര്യങ്ങളെന്തൊക്കെയായാലും ഞാനത് കാണാൻ ഉഴിഞ്ഞ് വച്ചതാ. കാണും,അതുറപ്പാ. ആശംസകൾ.
ReplyDelete