കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Saturday, June 16, 2012

SPIRIT
ഇന്നലെ സെക്കന്റ്‌ ഷോയ്ക്ക് പോയി  സ്പിരിറ്റ്‌ കണ്ടാര്‍ന്നു. പണ്ട് ദൂരദര്‍ശനിലും മറ്റും കണ്ടിട്ടുള്ള, പൊതുജന നന്മയ്ക്കു വേണ്ടി പടച്ചുണ്ടാക്കുന്ന ഫിലിം ഡിവിഷന്‍ ഡോക്യുമെന്റ്ററി പോലെയാണ് രഞ്ജിത്തിന്റെ 'സ്പിരിറ്റ്‌' എനിക്ക് അനുഭവപ്പെട്ടത്. ലഹരി വിരുദ്ധപ്രചാരണത്തിന് പ്രാധാന്യം കൊടുത്തപ്പോള്‍ രഞ്ജിത്ത് സിനിമയെന്ന കലയെ മറന്നു പോയെന്നു തോന്നുന്നു. അതോ ഭൂതകാലപ്രതാപങ്ങളില്‍ തളച്ചിടപ്പെടുന്നുണ്ടോ എന്റെ പ്രിയപ്പെട്ട സംവിധായകനേയും കാലം.??

രഞ്ജിത്ത് എന്ന ബ്രാന്‍ഡിനെ നടപ്പു മലയാളസിനിമയുടെ നെറുകയിലെത്തിക്കാന്‍ സഹായിച്ച അദ്ദേഹത്തിന്‍റെ മുന്‍ചിത്രങ്ങളായ പ്രാഞ്ചിയേട്ടനിലെ മാതിരി തൃശ്ശൂര്‍ ഭാഷ ഒരു സീനില്‍ പ്രയോഗിച്ചു തീയറ്റര്‍ കയ്യടി നേടുന്നുണ്ട് ലാലേട്ടന്‍ .. ഇന്ത്യന്‍ റുപിയിലേതു പോലെ ഒരു സൗഹൃദസായാഹ്നത്തില്‍ നായകന്‍, കുറഞ്ഞ ഇന്‍സ്ട്രുമെന്റ്സിന്റെ പിന്‍ബലത്തോടെ പാടുന്ന പാട്ടു സീനും കടം കൊള്ളുന്നുണ്ട് ഈ സിനിമയില്‍ . സ്വന്തം സൃഷ്ടികളുടെ പ്രേതബാധയാണ് ഏതൊരു കലാകാരന്റെയും ശാപമെന്ന് ഓര്‍ത്തു പോയി ഈ സീനുകള്‍ കണ്ടപ്പോള്‍ ..

"പുകവലി, മദ്യപാനം ആരോഗ്യത്തിനു ഹാനികരം" എന്ന മുന്‍കൂര്‍ജാമ്യം സ്ക്രീനിന്റെ ഇടതു വശത്തു താഴെയായി മിക്കാവാറും സീനുകളില്‍ തെളിയുന്നുണ്ട്. അതായതു മദ്യപ്പിക്കുന്നതോ പുകവലിയ്ക്കുന്നതോ ആയ രംഗങ്ങളിലൂടെയാണ് സിനിമ കൂടുതലായും കടന്നു പോകുന്നത്... അതൊരു തെറ്റായി കൂട്ടേണ്ടതില്ലാ... കൊതുകുതിരിയുടെ പരസ്യത്തില്‍ കൊതുകല്ലേ പ്രധാനമോഡല്‍ എന്ന് ഒരു സുഹൃത്ത്‌ പറഞ്ഞത് പോലെ....

സിനിമയുടെ ആദ്യഭാഗത്ത് അമിതമദ്യപാനിയായ നായകന്‍ മദ്യത്തെ പ്രകീര്‍ത്തിക്കുന്ന സംഭാഷണങ്ങളും മൂവന്തി നിറമുള്ളതും / നിറമില്ലാത്തതുമായ ലഹരി നുണഞ്ഞിറക്കുന്നത്, കള്ളിതു വരെ കയ്യോണ്ട് തൊട്ടിട്ടില്ലാത്തവനെ കൂടി കൊതിപ്പിക്കുന്നുണ്ടാര്‍ന്നു. പണ്ട് പട്ട ചാരായത്തില്‍ കരിക്കൊഴിച്ചു കുടിയ്ക്കുന്ന glorified കുടിയ്ക്കു ശേഷം രഞ്ജിത്ത് പുതുമകള്‍ തേടി നായകന് കൊണ്യാക്കില്‍ കട്ടന്‍ ചായയൊഴിച്ചു കൊടുക്കുന്നു ഈ സിനിമയില്‍ ... ഇത് കണ്ടിട്ടോയെന്തോ, ആവേശം മൂത്തയേതോ ആരാധകന്‍ തീയറ്ററിലെ ഇരുട്ടിന്റെ സ്വാതന്ത്രത്തിലിരുന്നു അത്യുച്ചത്തില്‍ ലാലേട്ടനു "ചിയേര്‍സ്" നേരുന്നുണ്ടായിരുന്നു. ഉള്ളില്‍ കിടക്കുന്ന കള്ളിന്റെ ബലമാവും.. ആ... വോ....

പക്ഷെ സിനിമയുടെ ആദ്യപകുതിയുടെ അന്ത്യത്തില്‍ തന്നെ കാര്യങ്ങള്‍ അമ്പേ മാറുകയാണ്. സ്ഥിരമായി കള്ളൊഴിച്ചു കൊടുക്കുന്ന ബാര്‍ബോയില്‍ നിന്നും ജ്ഞാനോദയം ലഭിച്ചു മാനസാന്തരപ്പെടുന്ന നായകന്‍ ഇടവേളയ്ക്കു ശേഷം ഒരു പുതിയ മനുഷ്യനാവുകയാണ്... ശിഷ്യനും സുഹൃത്തുമായ സമീറിന്റെ അമിത മദ്യപാനം മൂലമുള്ള അകാല മരണവും അയാളെ പ്രേരിപ്പിക്കുന്നുണ്ടാ തീരുമാനത്തിലേക്ക്.. നൈജാമാലിയെന്ന വിളി പേരില്‍ നിന്ന് കൊണ്ട് രവിയെന്ന ഇതിഹാസകഥാപാത്രത്തിന്റെ ജന്മമെന്നു സ്വയം വിശേഷിപ്പിച്ച ആ കഥാപാത്രം മനസ്സില്‍ പതിഞ്ഞു. ബൊഹീമിയന്‍ ഗാനം പകുതിയില്‍ പതറി നിര്‍ത്തിയ അതെ ജോണ്‍ ലൈന്‍ .... :-)

കഥാഗതിയ്ക്ക് വേണ്ടി കൂട്ടി തുന്നിയ ഇത്യാദി സംഭവങ്ങള്‍ക്ക് ശേഷം ലഹരിവിമുക്തമായ പുതിയ പ്രഭാതങ്ങള്‍ നായകനെ തേടി വരുന്നു. കുടിച്ചു തീര്‍ത്ത കാലത്തെ ഓര്‍മ്മിപ്പിക്കാന്‍, ഒഴിഞ്ഞ കുപ്പികള്‍ ഷോകേയ്സില്‍ കിടപ്പുണ്ടപ്പോഴും, കുറ്റബോധത്തിന്റെ നിഴല്‍ പോലെ. പാപപരിഹാരം പ്രായശ്ചിത്തമെന്ന യുക്തിയില്‍ ലഹരി വിരുദ്ധപ്രചാരണത്തിനു തന്റെതായ ഒരു വഴി കണ്ടെത്തുകയാണ് നായകന്‍ . "ഷോ ദ സ്പിരിറ്റ്‌" എന്ന സ്വന്തം ടെലിവിഷന്‍ ഷോയിലൂടെ പ്രേക്ഷകര്‍ക്ക്‌ മഹത്തായ ഉത്ഭോധനം നല്‍കി കൊണ്ട് നായകനും സംവിധായകനും സിനിമ അവസാനിപ്പിക്കുമ്പോള്‍ പറയാന്‍ ശ്രമിച്ച സന്ദേശം ജനങ്ങളിലേക്ക് പൂര്‍ണ്ണമായും എത്തിക്കാന്‍ കഴിഞ്ഞു എന്ന സംതൃപ്തി ഇവര്‍ക്ക്‌ സ്വന്തമാണ്. സിനിമ എന്ന നിലയില്‍ അത്രയൊന്നും മികച്ചതാവാന്‍ സ്പിരിറ്റിനായില്ലായെങ്കിലും കേരളത്തിലെ അനേകായിരം കുടിയന്മാരെ ഒരല്‍പ്പമെങ്കിലും ചിന്തിപ്പിക്കാന്‍ ഈ സിനിമയ്ക്ക് സാധിച്ചുവെങ്കില്‍ ഇതിന്റെ അണിയറ പ്രവര്‍ത്തകരെ അനുമോദിക്കാതെ തരമില്ല. മദ്യപാനത്തെ സ്നേഹിക്കുന്നവരും വെറുക്കുന്നവരും ഒരുപോലെ കണ്ടിരിക്കേണ്ട ഒരു സിനിമ.

തന്റെ സിനിമയില്‍ രഞ്ജിത്ത് കരുതി വെയ്ക്കുന്ന നാടിന്റെ ചില സമകാലീന സംജ്ഞകളെ ഈ സിനിമയിലും വിദഗ്ധമായി ഉള്‍ച്ചേര്‍ത്തിരിക്കുന്നു.  അതിലൊന്ന് സ്ത്രീകളെ പൊതു സ്ഥലത്തു വെച്ച് കേറി പിടിയ്ക്കുന്നതും മറ്റും മൊബൈല്‍ ക്യാമറയിലൂടെ പകര്‍ത്തി അതു യൂ ട്യൂബിലും മറ്റും അപ്പ്‌ ലോഡ്‌ ചെയ്തു കൗമാരരതി തൃഷ്ണകള്‍ തീര്‍ക്കുന്ന ഒരു പയ്യന്റെ / പയ്യന്മാരുടെ വികലമനസ്സ് രഞ്ജിത്ത് തിരകഥയില്‍ എഴുതി ചേര്‍ത്തത്..

മറ്റൊന്ന് സംസാരശേഷിയില്ലാത്ത മകന്റെ ആംഗ്യഭാഷ മനസ്സിലാകാതെ നിസഹായനാവുന്ന നായകനെ പകര്‍ത്തുന്നതിലൂടെ, വളര്‍ന്നു വരുന്ന മക്കളുടെ ലോകത്തു നിന്നും അകന്നു പോകുന്ന പുതിയകാല മാതാപിതാക്കളെ ഒളിഞ്ഞു കുത്തുന്നുണ്ട് സംവിധായകന്റെ വിരുത് .

പിന്നൊന്ന്, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ radiation ഏല്‍ക്കുന്നത് കുറയ്ക്കാന്‍ ഹെഡ് സെറ്റ്‌ ഉപയോഗിക്കണം എന്നുള്ള ഒരു സന്ദേശം കൊടുക്കും പോലെ ഇതിലെ നായകന്‍ മൊബൈല്‍ ഫോണിനു കൂടെ കൊണ്ട് നടക്കുന്ന ഫോണ്‍ റിസീവര്‍ ആദ്യം ഒരു കൗതുകമായി കണ്ടെങ്കിലും പിന്നീട് അതൊരു നല്ല ആശയമാണെന്ന് തോന്നി. (അതോരെണ്ണം എവിടെന്നെങ്കിലും തരപ്പെടുത്തിയെടുക്കണം) അങ്ങനെയങ്ങനെ ഒരുപാട് സന്ദേശങ്ങള്‍ പ്രേക്ഷകന് കൊടുത്തു കൊണ്ട് സിനിമ അവതരിപ്പിക്കാന്‍ രഞ്ജിത്ത് പതിവ് പോലെ ശ്രദ്ധിച്ചിട്ടുണ്ട്.

ആവര്‍ത്തിച്ചുള്ള ആംഗലേയ തെറി പറച്ചിലുകളും , സ്ത്രീകഥാപാത്രം തെറി പറയുന്നതുമൊക്കെ കേള്‍ക്കുമ്പോള്‍ കാണികള്‍ കോള്‍മയിര്‍ കൊള്ളുന്നതു മനസ്സില്‍ കണ്ട്  സംവിധായകന്‍ അളന്നു കുറിച്ച് ആ ജാതി ചൂടന്‍ ഡയലോഗ്സ് ഈ സിനിമയില്‍ എഴുതി വെച്ചിട്ടുണ്ട്... പുതുസിനിമയുടെ അവശ്യസംഭാഷണമായി മാറിയിരിക്കുന്നോ FUCK എന്ന പദം.... ഏതാണ്ട് എടുത്താ പൊന്താത്ത പീരങ്കിയെടുത്ത് ശത്രുവിനു നേരെ പ്രയോഗിക്കുന്ന അതെ വീര്യമാകും ഈ മെട്രോ ജീവികള്‍ക്ക് FUCK എന്ന് പിറുപിറുക്കുമ്പോള്‍ ... 
(നാട്ടിന്‍പുറത്തെ തെറികള്‍ നന്മകളാല്‍ സമൃദ്ധം എന്നൊരു പഴഞ്ചൊല്ലുണ്ടാക്കണം...)

അത് പോലെ ലാലേട്ടന്‍ ഫാന്‍സിനെ സന്തോഷിപ്പിക്കാനുള്ള തരത്തില്‍ അത്യാവശ്യം ഗിമ്മിക്കുകളും ചേര്‍ത്തിരിക്കുന്നു. ബി.ഉണ്ണികൃഷ്ണന്‍ ചേട്ടനോളം തരംതാഴേണ്ടതില്ലായിരുന്നു രഞ്ജിത്ത് എന്ന് തോന്നി ഒരു സീനില്‍ ; നിങ്ങള്‍ നല്ല ആക്ടറാണെന്നു സിനിമയിലെ തന്നെ ഒരു കഥാപാത്രത്തെ കൊണ്ട് പറയിച്ച് കൈയ്യടി നേടാന്‍ ഗ്രാന്‍ഡ്‌ മാസ്റ്ററില്‍ ശ്രമിച്ചത് അതുപോലെ ഇവിടെയും അനുകരിച്ചിരിക്കുന്നു. ഫാന്‍സിനു വേണ്ടി സ്ക്രിപ്റ്റ് തിരുത്താന്‍ / കൂട്ടി ചേര്‍ക്കാന്‍ രഞ്ജിത്തും തയ്യാറാവുന്നോ... ?? ശ്ശൊ...

എന്റെ പ്രിയ സംവിധായകാ.... നിങ്ങളില്‍ നിന്നും ഇതിലുമധികം പ്രതീക്ഷിക്കുന്നുണ്ട് ഞങ്ങള്‍ .... പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ഭാരമാവാതെ സ്വന്തം പുറംതോടില്‍ അടയിരിക്കാതെ മികച്ച സിനിമകളുമായി ഇനിയുമെത്താന്‍ സാധിക്കട്ടെ അങ്ങേക്ക്.... എന്ന് ആശംസിച്ചു കൊണ്ട് സന്ദീപ്‌ സൈനിംഗ് ഓഫ് ...
ബ്ലിംഗ് !!!!

6 comments:

 1. നോ സ്പിരിറ്റ്

  ReplyDelete
 2. സിനിമ കാണാതെ ആസ്വാദനം എഴുതുന്ന ഈ കാലത്ത് സിനിമ കാണാതെ ആസ്വാദനത്തിനു കമന്റ്‌ ഇടുന്നത് വലിയ തെറ്റൊന്നുമല്ല (മുന്‍‌കൂര്‍ ജാമ്യം). പറയാന്‍ തെരഞ്ഞെടുത്ത വിഷയങ്ങള്‍ പ്രസക്തവും, പറഞ്ഞ രീതി പ്രശംസനീയവും.
  (ആ രവിയുടെ സ്പിരിടിനെ വെറുതെ വിടരുത്)

  ReplyDelete
 3. സൗദിയിൽ എന്ത് പടം കാണൽ, എന്ത് സ്പിരിറ്റ്!!!!

  ReplyDelete
 4. ഒറ്റ നോട്ടത്തിലെ നിരൂപണം ശരിയാകുമോ എന്ന് മാത്രമേ സംശയം ഉള്ളൂ....!

  ReplyDelete
 5. സന്ദീപിന്റെ നല്ല നിലവാരമുള്ള വിലയിരുത്തലും വിവരണവും.
  ഒരു രഞ്ജിത്ത് പടമായിപ്പോയകൊണ്ട് കാണാതെ വിടാന്‍ ഒരു വിഷമം!

  ReplyDelete
 6. കണ്ടിട്ടില്ല..കാണാതെ ഇപ്പൊ ന്ത് പറയും ഞാന്‍..

  ReplyDelete