Sunday, March 18, 2012

വടക്കുനോക്കിയന്ത്രമെടുക്കാത്തവന്റെ രാത്രിയാനം




ഇരുട്ടിലൂടെ തീയും പുകയുമില്ലാത്തൊരു
ഇരട്ടക്കണ്ണന്‍ തീവണ്ടി വടക്കോട്ട് പായുന്നു.

തിരക്കേറിയ ചന്തക്ലാസിന്റെ
നീലവിരിപ്പിട്ട സീറ്റിലിരിക്കുമ്പോള്‍
അതൊരു സാഗരമെന്നും
വിയര്‍ത്ത ദേഹം എന്നോടു മുട്ടിച്ചെനി -
ക്കരികില്‍ വെറും തറയിലിരിക്കുന്ന സഹയാത്രികര്‍ ,
സ്രാവിന്‍ കൂട്ടങ്ങളെന്നും
ഒരിറ്റു ചോര വീണു കിട്ടിയാല്‍
തത്ക്ഷണം കൊള്ളിയാന്‍ വേഗത്തില്‍ പാഞ്ഞടുത്ത -
വയെന്നെ കടിച്ചു കീറുമെന്ന
അന്തംകെട്ട ചിന്തകള്‍ വല്ലാതെ ഭ്രമിപ്പിക്കുന്നു.

കയ്യെത്തും അകലത്തായൊരു ദ്രാവിഡസുന്ദരിയിരിപ്പുണ്ട്.
പേശാമടന്തയുടെ കഥ ഭോജരാജാവിനു പറഞ്ഞു കേള്‍പ്പിച്ച
സാലഭഞ്ജികയുടെ ലാസ്യഭാവങ്ങള്‍
അവളില്‍ കണ്ടു ഞാന്‍ കൊതികൂട്ടുന്നു.
അവളെയെന്റെ കാഴ്ച്ചയില്‍ നിന്നും മറയ്ക്കുന്ന
കറുത്ത മേഘങ്ങളെ ശബ്ദരഹിതമായി ഉച്ചത്തില്‍ കയര്‍ത്തും
തെറി പറഞ്ഞും ആ കാഴ്ച്ച തിരിച്ചു പിടിക്കാന്‍
ഞാന്‍ വൃഥാ ശ്രമം നടത്തി കൊണ്ടിരുന്നു.
യാത്രാവേളകളില്‍ ചെവിയില്‍ തിരുകിയ
സംഗീതത്തിനപ്പുറം ചില നേരമ്പോക്കുകള്‍ ...
(വായ്നോട്ടമെന്ന ആരോപണം 
അപരിഷ്കൃതമാകയാല്‍ നിങ്ങളിതിനെ 
സൗന്ദര്യാരാധനയെന്നു, 
വിശാലാര്‍ത്ഥത്തിലെടുക്കാന്‍ 
ഞാന്‍ നിര്‍ബന്ധിക്കുന്നു.)

______________________________

പണ്ടൊരു ഏപ്രില്‍ മാസത്തില്‍
വേനലുരുക്കിയ മെഴുകുരൂപം
കണക്കെ രണ്ടു പേര്‍
തീവണ്ടിയുടെ ആടിയുലയലുകളൊന്നുമറിയാതെ
ആള്‍ക്കൂട്ടത്തിലും, ആരേയും കാണാതെ ചേര്‍ന്നിരുന്നു.
പകലാലസ്യങ്ങളില്‍ ഉറക്കം തൂങ്ങിയ
അവനവളുടെ ഉണ്ണിവയറില്‍ തല ചായ്ച്ചുറങ്ങുമ്പോള്‍
അവളവന് ഒരു അമ്മയാവുകയായിരുന്നു.
ബന്ധങ്ങളുടെ ലാവണ്യശാസ്ത്രങ്ങളെ
തെറ്റിച്ച് തെറ്റിച്ച് അവളെന്നുമെന്നുമെന്നും
അത്ഭുതപ്പെടുത്തുന്നുണ്ട്.
മനുഷ്യജന്മത്തിലൊരുവള്‍ക്കാവാനാകുന്ന
എല്ലാ വ്യക്തിസ്വരൂപങ്ങളിലേക്കും
ആയാസന്യേ മാറി മറിയാനും
കൂടി കുഴയാനും അവള്‍ക്കാകുന്നുണ്ട്.

__________________________________

ആവിയില്ലാത്ത യന്ത്രം, ആവിയന്ത്രമാകുന്ന അത്ഭുതപ്രവര്‍ത്തി
ഷൊര്‍ണൂരില്‍ നടത്തും മുമ്പ്,
മണല്‍ മാത്രമായിരുന്ന പുഴയുടെ ഇടവേളകളില്‍
തളംകെട്ടിക്കിടക്കുന്ന കണ്ണീരാഴങ്ങളില്‍
അക്കരവെട്ടം തിളങ്ങുന്നതും
ക്ഷണികകാഴ്ച്ചയായ്‌ കണ്ണില്‍ പിടഞ്ഞു.

തിരൂരുള്ളൊരു തുഞ്ചനെയിനി നമുക്ക് മറക്കാം.
തിരൂരെന്നൊരു ദേശത്തു തീവണ്ടിയാപ്പീസിലെ
ശീതികരിച്ച കാത്തിരിപ്പാലയത്തെ
കോടാനുകോടി സ്മരണകളുടെ സംഗമഭൂമിയാക്കുകയും
അവിടെയന്നത്തെ അവസാന പത്തു നിമിഷങ്ങളെ -
യൊരു സ്റൈന്‍ലെസ്സ് ബ്ലേഡാല്‍
കുനു കുനെ മുറിയ്ക്കുകയും
സമയത്തിന്റെ ആപേക്ഷികതയെ
സൈദ്ധാന്തികനിര്‍ദ്ധാരണം നടത്തി
ആവര്‍ത്തിച്ചു വിഘടിപ്പിച്ചു
തന്മാത്രകളും പിന്നെ നാനോ കണങ്ങളും
കണ്ടെത്താനുള്ളയെന്റെ പതിവു ശ്രമങ്ങളെയെല്ലാം
തൂത്തു പെറുക്കി മൂങ്ങാക്കൂട്ടിലെ ചിന്താഭാരങ്ങളാക്കി, ഞാന്‍
ജനലഴികള്‍ വരയിട്ട ആകാശത്തിന്റെ വെള്ളകടലാസില്‍
കണ്ണില്‍ രാവിരുട്ടിന്‍ മഷി നിറച്ചൊരു എഴുത്തെഴുതി..

പ്രിയ ലല്ലുഭായ്‌,
അങ്ങറിയുവാന്‍ അടിയനുണര്‍ത്തിക്കുന്ന നിവേദനം.
തിരൂര്‍ സ്റ്റേഷനെ ഉടനെയൊരു സ്മാരകമോ
തീര്‍ഥാടനകേന്ദ്രമോ ആക്കി തീര്‍ക്കാന്‍
അങ്ങേക്ക് കനിവുണ്ടാകുമാറാകണം

സ്നേഹപൂര്‍വ്വം
പരശ്ശതം പ്രണയിതാക്കള്‍ക്കു വേണ്ടി -
യൊരു അപരന്‍

അര്‍ത്ഥമറിയാത്ത, ലിപികളിലാത്തൊരു ഭാഷയില്‍
എഴുതി നിറച്ച കത്ത്
മേഘത്തിന്റെ പ്രാകൃത അഞ്ചല്‍പ്പെട്ടിയില്‍ നിക്ഷേപിച്ചു.

കാറ്റു കുടമണി കിലുക്കി
അഞ്ചലോട്ടക്കാരന്റെ ശുഷ്കാന്തിയോടെ
ചില്ലകള്‍ വിട്ടു ചില്ലകളിലേക്കും
ജില്ലകള്‍ വിട്ടു ജില്ലകളിലേക്കും
ദേശാന്തരപ്രയാണം നടത്തി.
കണ്ണില്ലാത്ത കാറ്റ് ലക്‌ഷ്യം കണ്ടാലായെന്നു
ഞാനോ ഗദ്ഗദപ്പെട്ടു.
ഗദ്ഗദപ്പെട്ടു.
പെട്ടു.

(10 / 3 / 2012 )

[ വെളുപ്പിനെത്തുന്ന, കണ്ണൂരിലേക്കു പോകുന്ന യശ്വന്ത്പൂരിനായുള്ള മൂന്നു മണിക്കൂര്‍ വിരസമായ കാത്തിരിപ്പിനിടയില്‍ , ഷൊര്‍ണൂരിലെ A.C waiting roomല്‍ വെച്ച് പരിചയപ്പെട്ട പാലക്കാട്ടേക്ക് പോകുന്ന സ്നേഹിതയ്ക്കരികിലിരുന്നു, അവള്‍ക്കു വേണ്ടി, അവളുടെ ഹ്ര്വസ്വനേരസൗഹൃദത്തിന്റെ ഓര്‍മ്മയ്ക്കായ്‌ കുത്തി കുറിച്ചത് . ]

[ചിത്രത്തിനു കടപ്പാട് : ഫേസ്ബുക്കില്‍ ഈ ചിത്രം പോസ്റ്റ്‌ ചെയ്ത ഏതോ ചങ്ങാതിയ്ക്ക്...]

11 comments:

  1. ലല്ലുഭായ്‌ സിംഹാസനമോഴിഞ്ഞിട്ടു നാളെത്രയായി ?പത്രം വായിക്കാരില്ലേ ?

    ReplyDelete
    Replies
    1. ലല്ലുഭായ്‌ ഒരു ഇമേജല്ലോ സിയാഫ് ഭായ്‌....,..... :)

      ഈ യാത്രയിലെപ്പോഴോ ഞാന്‍ ഭായിയെ ഓര്‍ത്തിരുന്നു... ഇതെഴുതുമ്പോഴും....

      Delete
  2. അല്ല, , തിരൂരിനെ മ്യൂസിയം ആക്കുന്നതെന്തിനാനെന്നു മനസ്സിലായില്ല.

    ReplyDelete
    Replies
    1. ഹ ഹ... അതൊരു വല്ല്യ കഥയാ റഷിദ്...
      തത്കാലം അതിലെ കുറച്ചു കാര്യങ്ങള്‍ മാത്രം.....
      ആ രണ്ടു കഥാപാത്രങ്ങള്‍ക്കും മറക്കാനാവാത്ത കുറെ നിമിഷങ്ങള്‍ തിരൂരിനെ ചുറ്റി പറ്റിയുണ്ട്....
      അവരുടെ ഓര്‍മ്മകളെ സംരക്ഷിക്കപ്പെടാന്‍ സ്റ്റേഷന്‍ ഒരു സ്മാരകമാക്കണം എന്നുള്ള ആവശ്യം
      അല്‍പ്പം അതിഭാവുകത്വം കലര്‍ന്ന ഭാഷയില്‍ അവതരിപ്പിച്ചതാണ്...
      സത്യത്തില്‍ ഇത് ഞാന്‍ എപ്പോഴെങ്കിലും എഴുതിയേക്കാവുന്ന ഒരു കഥയ്ക്കുള്ള പ്ലോട്ട് ആണ്....
      അത് മറന്നു പോവാതിരിക്കാന്‍ ഞാന്‍ എഴുതി സൂക്ഷിക്കുന്ന ചെറുകുറിപ്പാണ് ഈ വായിച്ചത്....
      അതാ വലിയ പിടി കിട്ടാതെ പോയത്... ക്ഷമിക്കൂ... ഈ വായനയ്ക്ക് നന്ദി...

      Delete
  3. ഗദ്യ കവിത വായിച്ചു, യാത്രാ മധ്യേ കാണുന്ന സരക്കുകളോട്‌ ഒരു ഇത്‌ തോന്നുന്നത്‌ എന്താന്നാവോ അല്ലേ ? !!! എനിക്ക്‌ തോന്നുന്നത്‌ യാത്രകളില്‍ പ്രണയം പെട്ടെന്ന് പൂവിടുമെന്ന്.

    ReplyDelete
    Replies
    1. (വായ്നോട്ടമെന്ന ആരോപണം
      അപരിഷ്കൃതമാകയാല്‍ നിങ്ങളിതിനെ
      സൗന്ദര്യാരാധനയെന്നു,
      വിശാലാര്‍ത്ഥത്തിലെടുക്കാന്‍
      ഞാന്‍ നിര്‍ബന്ധിക്കുന്നു.) ;-)

      Delete
  4. കൊള്ളാം ട്ടോ, ഞങ്ങളുടെ ഷൊറണൂരിലൂടെയുള്ള യാത്രയും നിനക്ക് ഒരു പൊസ്റ്റിടാൻ പ്രചോദനമായല്ലേ ? നല്ലത്. ആശംസകൾ.

    ReplyDelete
  5. പ്രിയ സന്ദീപ്‌,
    എന്‍റെ പോസ്റിനോട് ആദ്യമായി പ്രതികരിച്ചത് നിങ്ങളാണ്. നന്ദി.
    എഴുത്തും അവതരണവും നന്നായിട്ടുണ്ട്. ആശംസകള്‍.
    പക്ഷെ ഇത് നമ്മുടെ കോണ്‍സെപ്റ്റുമായി തീരെ യോജിക്കുന്നില്ലല്ലോ? ഗദ്യ രീതിയിലുള്ള രചനകളാണ് ഉദ്ദേശിക്കുന്നത്.
    അതുകൊണ്ട് യാത്രിക്കിടയിലുണ്ടായ എന്തെങ്കിലും മനസ്സില്‍ തട്ടിയ സംഭവങ്ങള്‍ ഓര്‍ത്തെടുത്തു പോസ്റ്റ്‌ ചെയ്യൂ. അല്ലെങ്കില്‍ എഴുതാന്‍ ഉദ്ദേശിക്കുന്ന ആ കഥയായാലും മതി.
    നമുക്ക് പുസ്തകം ഒരു സംഭാവമാക്കെണ്ടേ?

    ReplyDelete
  6. നല്ല കവിതേണല്ലോ ....

    ReplyDelete