കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Sunday, December 25, 2011

കാട്ടുക്കോഴിയുടെ കര്‍ക്കിടസംക്രാന്തികള്‍


ഈ വര്‍ഷത്തെ ക്രിസ്തുമസ് 
നിസ്സംഗതയുടെ ആഘോഷമായിരുന്നു... 
ആര്‍ക്കും ആശംസകള്‍ പറയാതെ, 
ആശംസിച്ചവര്‍ക്ക് മറുപടി കൊടുക്കാതെ.. 

മുന്‍പേ പറഞ്ഞുപോയൊരു കുരുന്നു നുണയ്ക്ക് 
പ്രായശ്ചിത്തമെന്ന വണ്ണം 
വീട്ടില്‍ നിന്നും കാതങ്ങള്‍ അകലെ 
നിലയില്ലാതെ അലയാന്‍ മനസ്സ് 
സ്വയമേ തയ്യാറെടുക്കുകയായിരുന്നു. 
കൂട്ടിനൊരു കൂട്ടുകാരന്റെ കാരുണ്യവും.

തിരികെ മടങ്ങുമ്പോള്‍ 
ജീവിതത്തില്‍ മറന്നു പോവാതെ സൂക്ഷിക്കാന്‍ പോന്ന 
അനുഭവങ്ങള്‍ മനസ്സിലിട്ടു കശക്കി 
പകലിന്റെ അലച്ചിലുകളുടെ ആലസ്യത്തില്‍ 
ബസ്സിന്റെ നീല ജനലഴിയില്‍ തലചേര്‍ത്തു 
മയങ്ങിയും തെളിഞ്ഞും ഞാന്‍ .. 
അപ്പോള്‍ .. 
സ്വപ്നാവസ്ഥയിലും പ്രേതഭാവത്തില്‍
അലറിവിളിച്ചും ബസ്സ്‌
രാത്രിയെ തുരന്നു മുന്നേറികൊണ്ടിരുന്നു..

ഇരുട്ടിന്റെ കാട്ടിലെന്നെ തനിയെവിട്ട് 
ബസ്സ്‌ പിന്നെയും ലക്‌ഷ്യമെന്ന മിഥ്യ തേടിയലയുന്നു. 
ഭ്രമണപഥത്തില്‍ നിന്നും കുതറിത്തെറിച്ചൊരു 
കെട്ടകാലത്തിന്റെ നാല്ക്കവലയില്‍ നില്‍ക്കുന്നു ഞാന്‍..,.

“എനിക്കുറങ്ങും മുന്‍പേ കാതങ്ങള്‍ താണ്ടണം.. 
എനിക്കുറങ്ങും മുന്‍പേ കാതങ്ങള്‍ താണ്ടണം.."*** 
എന്ന പഴയവാക്യത്തിന്റെ അര്‍ത്ഥരാഹിത്യത്തില്‍ 
തെരുപിടിച്ചു ഒരിക്കലും നിര്‍ത്തുവാന്‍ വഴിയില്ലാത്ത, 
ഭീകരമായ്‌ മുക്രിയിടുന്ന ലോറിക്കൂറ്റന്മാരുടെ 
പ്രകാശാഗ്രങ്ങളെ മുറിച്ച്, 
പ്രത്യാശയുടെ കൈകള്‍ വീശി 
വീടെത്താനുള്ള അവസാനശ്രമങ്ങളില്‍ ആവേശം നിറച്ചു 
ഞാന്‍ രാത്രിയുടെ തളിര്‍ത്ത 
ദേഹത്തില്‍ ആഴത്തില്‍ മുത്തിയും
തെരുവിലൊരു ഏകാന്തതാരകമായ്‌ .

പണ്ടൊരു ഡിസംബര്‍ രാവില്‍
വഴിയറിയാതെ നില്‍ക്കുമാ 
ജ്ഞാനത്തിന്റെ രാജാക്കന്മാര്‍ക്കു
മുന്നില്‍ അവതരിച്ച ഗബ്രിയല്‍ മാലാഖ പോല്‍
എനിക്ക് മുന്നിലിതാ മീന്‍വണ്ടിയുമായി 
പ്രകാശന്‍ എന്ന അജ്ഞാതദൂതന്‍ .
ചത്തുമലച്ചു നിര്‍വികാരതയില്‍
മരവിച്ചു ജീവിക്കുന്ന മത്തിക്കൂട്ടങ്ങള്‍ക്ക് മുന്നിലിരുന്ന്
ഞങ്ങള്‍ ഹൈവേകടലിന്റെ അടിയൊഴുക്കില്‍ തെന്നിനീങ്ങി.

ഇബ്നു മാലിക്കിന്റെ പുരാതനദേവാലയത്തിന്‍ മുന്നില്‍ 
ഇറങ്ങുമ്പോള്‍ കയ്യില്‍ ചുരുട്ടിപ്പിടിച്ചു നീട്ടിയ 
സന്തോഷത്തെ മറുസന്തോഷം കൊണ്ട് വിലക്കി 
സ്നേഹത്തിന്റെ ഭാഷയില്‍ ശാസിച്ചു 
ആ മനുഷ്യന്റെ കറപിടിച്ച ചിരിയില്‍ 
കഫം കനപ്പിച്ച തൊണ്ടയില്‍ 
നിന്നും തെറിച്ച വാക്കില്‍ 
ഞാനറിയുകയായിരുന്നു ദൈവത്തിന്റെ സ്നേഹം .

നന്ദി പറയാതിരുന്നാലതു നന്ദികേടാവും തീര്‍ച്ച.
നന്ദി കൂട്ടുകാരാ.. നന്ദി ഗബ്രിയല്‍ മാലാഖേ.
നന്ദി കൊഴിഞ്ഞ പകലേ.. നന്ദി വാത്സല്യരാവേ..
നന്ദി തെരുവിളക്കുകളേ.. നന്ദി സാന്ദ്രമഞ്ഞേ..
നന്ദി... നന്ദി... നന്ദി...

(25/12/2011)

------------------------------------------------------------------------------------
*** "Miles to go before I sleep

And miles to go before I sleep"


NB : എന്റെ അസാന്നിദ്ധ്യത്തിലും, നിങ്ങളുടെ സന്തോഷങ്ങളില്‍ എന്നെ ഓര്‍ത്ത പ്രിയകൂട്ടുകാര്‍ക്ക്, നിങ്ങള്‍ എനിക്ക് നല്‍കിയ സ്നേഹാശംസകള്‍ക്കു മറുപടിയായി (അല്‍പ്പം വൈകിയെങ്കിലും) മുന്‍കാലപ്രാബല്യത്തോടെ അളവറ്റ സ്നേഹവും ഉമ്മയും നല്‍കുന്നു. നന്ദി....

15 comments:

 1. വൈകിപ്പോയെങ്കിലും വളരെ നന്നായിട്ടുണ്ട്, ഇനി വൈകാതെ പുതുവർഷത്തിന് കാണുമല്ലൊ,,,

  ReplyDelete
 2. ബസ്സിന് പിന്നേയും ക്യത്യമായ ലക്ഷ്യമുണ്ടായിരുന്നിട്ടും ‘മിഥ്യ’ എന്നു പ്രയോഗിച്ചതെന്തിനാണാവോ..?


  വായില്‍ കൊള്ളാത്ത നുണയും പറഞ്ഞ് ഇനിയും നാ‍ടുചുറ്റാനാണോ..?
  ന്യൂ ഇയറിന് ഇവ്ടൊക്കെ കണ്ടേക്കണം..ക്രിസ്തുമസ് പോലാകരുത്..!
  ആശംസകള്‍ ഇപ്ലേ..അറിയിക്കുന്നു..!!

  പുതുവത്സരാശംസകളോടെ..പുലരി

  ReplyDelete
 3. ബസ്സിനു വ്യക്തമായ ലക്ഷ്യമുണ്ട് മുന്നില്‍ എങ്കിലും ആ സ്ഥലം എത്തിയാല്‍ അടുത്ത ലക്ഷ്യത്തിലേക്ക് വീണ്ടും യാത്ര തുടരുമല്ലോ അത്... അപ്പോള്‍ ശ്വാശ്വതമായൊരു ലക്ഷ്യമില്ലാ അതിനു എന്നുള്ള ചിന്തയില്‍ എഴുതിയതാവണം "ലക്ഷ്യമെന്ന മിഥ്യ"യെന്നു..

  പുതുവത്സരാഘോഷങ്ങളില്‍ ഞാനിവിടെ ഉണ്ടാവുമെന്ന വിശ്വാസത്തില്‍ ആണ്.. ഇന്‍ഷാ അള്ളാ....

  ReplyDelete
 4. നന്ദി... നന്ദി... നന്ദി...നിനക്കുവേണ്ടി ജീവന്‍ പൊലിച്ച മത്തിക്കൂട്ടങ്ങള്‍ക്കും........:)

  ReplyDelete
 5. കെട്ടകാലത്തിന്റെ നാല്‍ക്കവലയില്‍ നിന്നും പുഷ്പകാലത്തിന്റെ നാല്‍ക്കവലയിലേക്കുള്ള ചുവടുമാറ്റമാകട്ടെ ഈ കവിതയും , അതിലെ നന്ദിപ്രവാഹവും . ഭാവിയുണ്ട് .ഭാവുകങ്ങള്‍..

  ReplyDelete
 6. നന്നായി പറഞ്ഞു രാത്രിയാത്രയും, മീന്വണ്ടിയുമെല്ലാം.. പുതുവത്സരാശംസകള്‍..

  ReplyDelete
 7. ഇതെന്താണ് സന്ദീപ്., കഥപോലെയുള്ള കാവ്യാത്മകമായൊരു അനുഭവക്കുറിപ്പോ...?. സര്‍ഗാത്മകസൃഷ്ടികള്‍ക്ക് പരമ്പരാഗതമായ ചില രൂപമാതൃകകള്‍ വേണമെന്ന വ്യവസ്ഥാപിത തിട്ടൂരങ്ങളോട് കലഹിക്കാനുള്ള പുറപ്പാടാണോ... നല്ലത്. ഇനിയും എഴുതുക.... പ്രകാശന്‍ എന്ന അജ്ഞാതദൂതനും .,ചത്തുമലച്ചു നിര്‍വികാരതയില്‍ മരവിച്ചു ജീവിക്കുന്ന മത്തിക്കൂട്ടങ്ങള്‍ക്കുമൊക്കെ നല്ല തിളക്കമുണ്ട്...

  ഈ ബിംബകല്‍പ്പനകളെ സന്ദീപ് ഒരു കഥയുടെ ശരീരത്തിലേക്ക് സന്നിവേശിപ്പിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ എന്ന് ആഗ്രഹിച്ചു പോവുന്നു...

  ദേ വീണ്ടും പരമ്പരാഗത രൂപമാതൃകകളുടെ വക്കാലത്തുമായി .....

  ReplyDelete
 8. :-) നന്ദി 'ഞാനാ'രോടു ചൊല്ലേണ്ടു.. :-)

  ReplyDelete
 9. നന്നായിരിക്കുന്നു.

  ReplyDelete
 10. ഭ്രമണപഥത്തില്‍ നിന്നും കുതറിത്തെറിച്ചൊരു
  കെട്ടകാലത്തിന്റെ നാല്ക്കവലയില്‍ നില്‍ക്കുന്നു ഞാന്‍..,.

  പുതുവത്സരാശംസകള്‍.

  ReplyDelete
 11. ഈ പോസ്റ്റിന്റെ അറിയിപ്പ് എനിക്ക് അയച്ചതിന്
  നന്ദി പറയാതിരുന്നാലതു നന്ദികേടാവും തീര്‍ച്ച.
  നന്ദി കൂട്ടുകാരാ...

  ReplyDelete
 12. നന്നായി എഴുതീട്ടുണ്ടല്ലോ. വ്യത്യസ്തമായ രീതിയിൽ......അഭിനന്ദനങ്ങൾ.
  അജ്ഞാത ദൂതനും ചത്തുമലച്ച മത്തിക്കൂട്ടങ്ങളും വളരെ ഹൃദയസ്പർശിയായിരുന്നു.

  ReplyDelete
 13. മനസ്സ് എവിടെയൊക്കെയോ സഞ്ചരിച്ചു തിരിച്ചെത്തി അല്ലേ?.. എങ്കിലും കൊള്ളാം.. നന്നായിരിക്കുന്നു ഈ എഴുത്ത്..!

  ഭാവുകങ്ങൾ
  സ്നേഹപൂർവ്വം

  തിരിച്ചും നന്ദി നന്ദി നന്ദി.നന്ദി നന്ദി നന്ദിനന്ദി നന്ദി നന്ദിനന്ദി നന്ദി നന്ദി...................................................

  .ഇരിക്കട്ടെ കുറേയെണ്ണം .. അതിനു പിശുക്കി എന്നു കരുതേണ്ടാ.. ഹി ഹി

  ReplyDelete
 14. Yaathrakkarkku...!

  Manoharam, Ashamsakal...!!!

  ReplyDelete
 15. ലക്ഷ്യമെന്ന മിഥ്യയിൽ മയങ്ങാതെ യാത്രതുടരുമ്പോൾ കരുതിവെക്കാനുള്ള രണ്ടക്ഷരം മാത്രം . നന്ദി !

  ReplyDelete