കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Monday, November 21, 2011

വൃശ്ചികരാവ്


പാതിരാത്തണുപ്പു കനത്തിരിക്കുന്നു.. 

അര്‍ദ്ധചന്ദ്രന്‍, 
തലപോയ തെങ്ങില്‍ 
പിടിച്ചു തൂങ്ങിയൊരിറ്റു 
നിലാനന്മയെന്നിലേക്കെറിയുന്നു. 

ദൂരെ, 
അയ്യപ്പന്‍ കാവില്‍ നിന്നും 
അവ്യക്തമായ കടുംതുടി.. 

നിശ, 
ഉറക്കമില്ലാതെയെനിക്കൊപ്പമിരുന്നു 
ശൂന്യബോധത്തില്‍ പിച്ചും പേയും .. 

അതോ, 
പ്രാചീനശീലില്‍ താരാട്ട് മൂളുന്നതോയിത്.. 
മഞ്ഞിന്‍ തരികള്‍ക്കിടയിലൂടവ കിതച്ചെത്തി- 
യെന്‍ കാതിനെ കിടുകിടുപ്പിക്കുന്നു.. 

രാവിന്‍ സാന്ദ്രസ്നേഹത്തെ 
കീറിക്കൊണ്ടിടയ്ക്കിടെ 
ഗന്ധകം നിറഞ്ഞ അമൂര്‍ത്തഘോഷം. 

ഈ രാവിന്റെ ഊര്‍ദ്ധനിശ്വസങ്ങളെ 
ഞാന്‍ പ്രണയിച്ചു കൊണ്ടിരിക്കുന്നു. 
ഒരു പ്രകാശവര്‍ഷം അകലെയാവട്ടെ 
നീയെന്‍ പ്രഭാതമേ.. 

No comments:

Post a Comment