കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Thursday, November 17, 2011

ചിതറാല്‍ സ്വപ്നം


പ്രിയേ വരിക.. 
ഘനസാന്ദ്രമാം മഞ്ഞുറഞ്ഞ 
മലഞ്ചെരിവിലേക്ക് നമുക്ക് പോകാം. 
ഒരു റഷ്യന്‍ ചുരുട്ടിന്റെ ചുണ്ടില്‍ സമത്വ- 
വാദത്തോടെ നമുക്ക് മാറി മാറി ചുംബിക്കാം. 
നീറിയെരിയുന്ന പുകയിലത്തരികളില്‍ നിന്നും 
നീയൊരു ഉഷ്ണവാതമായ്‌ എന്നിലേക്ക് പടരുക. 
നിന്നില്‍ തീ പകരാന്‍ ഞാനരികിലുണ്ട്. 

പ്രിയേ വരിക.. 
ഘനസാന്ദ്രമാം മഞ്ഞുറഞ്ഞ 
മലഞ്ചെരിവിലേക്ക് നമുക്ക് പോകാം.
താഴെ താമ്രപര്‍ണ്ണി, ചെങ്കല്ലിന്റെ 
ചെന്തമിഴ് ചേലില്‍ നഗ്നയായ്‌ ഒഴുകുന്നത്‌ കാണാം. 
കൃഷ്ണശിലകളില്‍ ധ്യാനമുറയുന്ന 
തീര്‍ത്ഥങ്കരന്മാരെ നമുക്ക് തിരയാം. 

പ്രിയേ വരിക.. 
ഘനസാന്ദ്രമാം മഞ്ഞുറഞ്ഞ 
മലഞ്ചെരിവിലേക്ക് നമുക്ക് പോകാം.
ഉറിഞ്ചിപ്പാറകളില്‍ നിന്നും ഉറവപൊട്ടുന്ന 
സ്നിഗ്ദ്ധമാം സലിലബിന്ദുക്കളാല്‍ 
നിന്നെ ഞാന്‍ ജ്ഞാനസ്നാനപ്പെടുത്താം. 
കൈതപ്പൂവിന്റെ വന്യഗന്ധത്തില്‍ 
നമുക്കുന്മത്തരായ്‌ ഗഗനനീലിമയില്‍ 
ചെന്ന് രാപ്പാര്‍ക്കാം. 

പ്രിയേ വരിക.. 
ഘനസാന്ദ്രമാം മഞ്ഞുറഞ്ഞ 
മലഞ്ചെരിവിലേക്ക് നമുക്ക് പോകാം...

1 comment:

 1. പ്രിയേ വരിക..
  ഘനസാന്ദ്രമാം മഞ്ഞുറഞ്ഞ
  മലഞ്ചെരിവിലേക്ക് നമുക്ക് പോകാം.
  ഉറിഞ്ചിപ്പാറകളില്‍ നിന്നും ഉറവപൊട്ടുന്ന
  സ്നിഗ്ദ്ധമാം സലിലബിന്ദുക്കളാല്‍
  നിന്നെ ഞാന്‍ ജ്ഞാനസ്നാനപ്പെടുത്താം.  സ്വസ്തി..

  ReplyDelete