കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Friday, October 28, 2011

ആരാണീ മറിയാമ്മ...??
"ആനുകാലികങ്ങളില്‍ കഥാകൃത്തിന്റെ സ്ഥാനത്തു "മറിയാമ്മ" എന്ന പേര് ഇനി കാണുമ്പോള്‍ കൗതുകത്തോടെ ഒന്നു നോക്കിപ്പോകാന്‍ പ്രേരിപ്പിക്കുന്നതല്ലാതെ ഈ കുമ്പസാരത്തിനു നമ്മുടെ സാഹിത്യലോകത്തു വലിയ പ്രാധാന്യമൊന്നും ഉണ്ടെന്നു തോന്നുന്നില്ല." - ചന്ദ്രമതി
==============================================

ചന്ദ്രമതി ടീച്ചറുടെ ഈ വാക്കുകള്‍ക്കു അടിവരയിടുന്നു ഞാനും.. ഓണപതിപ്പുകളുടെ പരസ്യം ടി.വി.യിലും പത്രത്തിലും കണ്ടപ്പോള്‍ ഇത് എനിക്കും തോന്നിയിരുന്നു.. എന്നാല്‍ പറയാന്‍ മടി. ഒരു പക്ഷെ എന്റെ വായനയുടെ അപര്യാപ്തത കൊണ്ടാവും ഇങ്ങനെയൊരു എഴുത്തുകാരിയെ (എഴുത്തുകാരനെ) അറിയാതെ പോയതെന്ന്.

അല്ല.. ആരാണീ മറിയാമ്മ...??

വിജയനും മുകുന്ദനും കാക്കനാടനും പുനത്തിലും പത്മരാജനും പത്മനാഭനുമൊക്കെ പങ്കിട്ടെടുത്ത എന്റെ വായനാ ലോകത്തില്‍ ഞാന്‍ മറിയാമ്മയെ കണ്ടുമുട്ടാതിരുന്നത് എന്റെ കുറവാകും. ഖസാക്കിന്റെ ഇതിഹാസത്തിലൂടെ മലയാളനോവല്‍ ശാഖയെ അതിനു മുന്‍പും ശേഷവും എന്ന് രണ്ടായി തിരിക്കാന്‍ കഴിഞ്ഞ വിജയേട്ടനെ പോലെ എന്തെങ്കിലും അത്ഭുതപ്രവര്‍ത്തികളും ഈ മറിയാമ്മ ചെയ്തിട്ടുണ്ടാകുമോ..?? അവര്‍ എഴുതിയിരുന്ന കാലത്ത് ഞാന്‍ ജനിച്ചിട്ടില്ലാതിരുന്നതിനാല്‍ എനിക്ക് ചരിത്രം പരതേണ്ടി വരും അത് കണ്ടെത്താന്‍.

ഇപ്പോള്‍ ഈ ഓണക്കാലത്ത് മാതൃഭൂമി ഷക്കീലയെ വിശുദ്ധയായി പ്രഖ്യാപിച്ചു മുന്നേറിയപ്പോള്‍ അതിനു ബദലായി ഒരു സെന്‍സേഷന്‍ വിരുന്നു ഒരുക്കാന്‍ ശ്രമിച്ചതല്ലേ മനോരമ ഈ മറിയാമ്മയിലൂടെ.. അതിനു മേമ്പൊടിയായി എന്റെ പ്രിയ കഥാകാരനായ ശ്രീ. N.S. മാധവന്റെ മലയാളഭാഷയിലെ പെണ്ണെഴുത്തിനെ കുറിച്ചുള്ള വിശദമായ പഠനവും ചേര്‍ത്തിരുന്നു. മറിയാമ്മ ആണോ പെണ്ണോ എന്നത് വായനക്കാരെ സംബന്ധിച്ചിടത്തോളം എന്ത് പ്രസക്തിയാണുള്ളത്.. എഴുത്ത് ആസ്വാദ്യകരമാണ് എങ്കില്‍ അത് വായിക്കപ്പെടും. അത്ര തന്നെ. നമ്മള്‍ വിലാസിനിയെയും ജോര്‍ജ് ഇലിയറ്റിനെയും വായിച്ചിട്ടുള്ളത് അവരുടെ ലിംഗഭേദം നോക്കിയല്ലല്ലോ..

സാഹിത്യമൂല്യങ്ങളെ ഊറ്റിക്കളഞ്ഞു പുതിയ കച്ചവടസമവാക്യങ്ങളെ എഴുത്തിടങ്ങളില്‍ തുന്നിച്ചേര്‍ക്കാന്‍ ശ്രമിക്കുന്ന പൊള്ളയായ നവമാധ്യമവിപ്ലവത്തെ തിരിച്ചറിയേണ്ടതുണ്ട് പ്രബുദ്ധരായ വായനക്കാര്‍ . ഈ ഓണക്കാലത്ത് മനോരമ ഉയര്‍ത്തി പിടിച്ച "മറിയാമ്മ" എന്ന കടലാസുപുലിയെ അതര്‍ഹിക്കുന്ന സ്ഥാനത്തില്‍ മാത്രം വയ്ക്കണമെന്നും ചേര്‍ക്കുന്നു...

No comments:

Post a Comment