കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Thursday, October 20, 2011

വീരപുത്രന്മാരെ വെള്ളിത്തിര പ്രസവിക്കുമ്പോള്‍


ചരിത്രങ്ങള്‍ സിനിമയുമായി കൂട്ടി കുഴച്ചു വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങിയ എല്ലാ കാലത്തും ഉയര്‍ന്നു കേട്ടിരുന്ന ഒന്നാണ് 'ചരിത്രത്തെ വളച്ചൊടിക്കുന്നു' എന്ന വാദം. അതിന്റെ ശരിതെറ്റുകളിലേക്ക് കടക്കുന്നില്ല ഞാന്‍. അതിനിവിടെ ചരിത്രപണ്ഡിതര്‍ ധാരാളമുണ്ടല്ലോ. വീരപുത്രനില്‍ എത്തിനില്‍ക്കുന്ന മലയാളത്തിലെ ചരിത്രസിനിമകളിലൂടെ കണ്ണോടിച്ചപ്പോള്‍ മനസ്സില്‍ തെളിഞ്ഞ ചിന്തകള്‍ :

1) പാത്രസൃഷ്ടികളിലുള്ള ഭാവനാശുഷ്കത കൊണ്ടാണോ ഈ സിനിമാക്കാര്‍ ചരിത്രങ്ങളെ കൂട്ടുപിടിച്ച് അതിലെ പ്രസക്തരും അപ്രസക്തരും ആയവരെ അടര്‍ത്തിയെടുത്ത് സിനിമ ചമയ്ക്കുന്നത്.

2) സിനിമ എന്ന വ്യവസായത്തിന്റെ വാണിജ്യതാത്പര്യങ്ങള്‍ കൊണ്ടാണോ സിനിമയിലെ അബ്ദുറഹിമാന്‍ സാഹിബ് നമുക്ക് മുന്നില്‍ പാട്ടുപാടി കുഴഞ്ഞത്.

3) ഒരു ചരിത്രപുരുഷന്റെ ദാമ്പത്യജീവിതത്തിന്റെ cinematic അവതരണത്തിലൂടെ പ്രേക്ഷകനോട് സംവിധായകന്‍ സംവദിക്കാന്‍ ശ്രമിക്കുന്നതെന്താണ്..??
ഭൂരിപക്ഷം വരുന്ന ലോലന്മാരായ മലയാളികളുടെ കേവലമായ 'ലോല'വികാരങ്ങളെ ഇളക്കി വിടുന്നതിലൂടെ ബോക്സ്‌ ഓഫീസ് വിജയമോ ലക്‌ഷ്യം..??

4) ചരിത്രങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ കാലവര്‍ത്തിതമായി ആവര്‍ത്തിക്കുന്നു എന്ന കാരണം കൊണ്ടോ മറ്റോ ചരിത്രത്തെ അറിയണമെന്നുള്ള ന്യായവാദങ്ങള്‍ നിലനില്‍ക്കുന്നതിനെ അംഗീകരിക്കാം. എന്നാല്‍ ചരിത്രസിനിമകളുടെ കാലികപ്രസക്തിയെ ചൂണ്ടിക്കാണിക്കാന്‍ വേണ്ടി ഇന്നത്തെ സമൂഹത്തിന്റെ ജീര്‍ണ്ണതയെ ഒരു ചട്ടകൂടിലാക്കി പഴയകഥ ഫ്ലാഷ്ബാക്കിലൂടെ പറഞ്ഞു പോകുന്ന പതിവ് ഫോര്‍മാറ്റുകളെ തീരെ അംഗീകരിക്കാനാവുന്നില്ല. ജനങ്ങളുടെ സാമാന്യബോധത്തെയും ചിന്താശേഷിയും വിലക്കുറച്ച് കാണുന്ന മുന്‍വിധിയോടെയുള്ള സമീപനമല്ലേ ഈ spoon feedingലൂടെ ഇവര്‍ മുന്നോട്ടു വെയ്ക്കുന്നത്. അതോ ഹിന്ദിയിലെ 'രംഗ് ദേ ബസന്തി' എന്ന മികവുറ്റ സിനിമയിലെ അവതരണരീതിയെ അന്ധവും വികലവുമായി അനുകരിക്കുന്നതോ..??

5) സിനിമയെ സിനിമയായും ചരിത്രത്തെ ചരിത്രമായും കാണണം എന്ന് ഉദ്ഘോഷിച്ച സംവിധായകന് കഥാതന്തു തിരഞ്ഞെടുക്കുമ്പോള്‍ പാവം അബ്ദുറഹിമാന്‍ സാഹിബിനെ വെറുതെ വിടാമായിരുന്നില്ലേ..??

6) സിനിമ എന്ന മാധ്യമം കച്ചവടം കൂടെയെന്നിരിക്കെ അര്‍ദ്ധമനസ്സോടെ ഇതൊക്കെ വിട്ടു കളയാമെന്നു കരുതിയാലും എന്റെ സന്ദേഹങ്ങള്‍ നീളുന്നു പിന്നെയുമെന്റെ ഗുരുസ്ഥാനീയനായ എഴുത്തുകാരനായ എന്‍.പി.മുഹമ്മദിലേക്ക്. അദ്ദേഹത്തിന്‍റെ എഴുത്ത് കാലഘട്ടത്തില്‍ ഞാന്‍ ജനിച്ചിട്ട് പോലുമുണ്ടാവില്ല എന്നത് കൊണ്ട് വൈകിയ വേളയിലും ചോദിച്ചു പോകുന്നു. ചരിത്രാഖ്യായികകളില്‍ എഴുതിനിറയ്ക്കുമ്പോള്‍ സ്വന്തം ഭാവനാവിലാസത്തിന്റെ ആധിക്യത്താല്‍ ആവിഷ്ക്കാരസ്വതന്ത്രത്തെ കൂട്ടുപിടിച്ചു ചരിത്രവസ്തുതകളെ മറക്കാമോ അങ്ങ്..??

മനുഷ്യന്റെ സാമാന്യബോധങ്ങളെ മന്ദീഭവിപ്പിച്ചു, മായക്കാഴ്ചകളില്‍ ഉറക്കിക്കിടത്തുന്ന ഒരു കലാരൂപമാണ് സിനിമ എന്നറിയുന്നത് കൊണ്ട് തത്ക്കാലം ഈ വക ചിന്തകളെ മാറ്റി നിര്‍ത്തി ചലച്ചിത്രാസ്വാദനത്തില്ലേക്ക് കടക്കാം. സിനിമ നല്ലത് തന്നെ. ഇടയ്ക്ക്‌ ഇങ്ങനെയൊരു ഓര്‍മ്മപ്പെടുത്തലുകള്‍ നമ്മുടെ സമൂഹത്തിനു നല്ലതാണ്. ആദ്യസിനിമയായ 4 the peopleലും പിന്നീട് വന്ന അന്തിക്കാട്‌ സിനിമയിലും സുനിലെന്ന നരേനില്‍ നിന്നും കിട്ടിയ പ്രതിഭയുടെ തീപ്പൊരികള്‍ ഈ സിനിമയില്‍ ആളിപ്പിടിച്ചിരിക്കുന്നത് കാണുന്നു. വര്‍ഷങ്ങള്‍ക്കു മുന്പെങ്കില്‍ ഈ റോള്‍ മമ്മുട്ടി ചെയ്തിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോയേനെ..

സിനിമ എന്ന വ്യവസായത്തോട് ഏറെ കുറെ നീതി പുലര്‍ത്തുന്ന സംവിധായകനായി മാറാന്‍ പി.ടി. കുഞ്ഞിമുഹമ്മദ്‌ അവര്‍കള്‍ക്ക് കഴിയുമെന്ന് ഈ സിനിമയിലൂടെ ശ്രമിച്ചിരിക്കുന്നതു കാണാം. മഗ്റീബും ഗര്‍ഷോമും മനസ്സില്‍ മായാതെ കിടക്കുന്നത് കൊണ്ടാവും സംവിധായകനോട് ഉള്ളിന്റെയുള്ളില്‍ നിസ്സംഗമായ മമത നിറയുന്നത്.

"പട്ടിണി കിടന്ന് മരിക്കുമെന്നായാല്‍ പോലും കച്ചവടസിനിമയുടെ ലോകത്തേക്ക് ഞാന്‍ കടന്നു പോവില്ല. എന്റെ സഹജീവികളോട് സംവദിക്കാന്‍ ഞാന്‍ തിരഞ്ഞെടുത്ത മാധ്യമമാണ് സിനിമ. ഉറങ്ങാന്‍ എനിക്കൊരു മേല്‍ക്കൂരപോലും വേണ്ട. പട്ടിണി കിടക്കാനും എനിക്കറിയാം. എനിക്ക് ഞാനാഗ്രഹിക്കുന്ന സിനിമാകളുണ്ടാക്കിയാല്‍ മതി."
എന്ന ജോണ്‍ അബ്രഹാമിന്റെ വാക്കുകള്‍ക്കു മുന്നില്‍ 1000 'LIKE' പറഞ്ഞും കൊണ്ട് നിര്‍ത്തുന്നു.

17/10/2011

No comments:

Post a Comment