കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Wednesday, January 30, 2013

യക്ഷിക്കുഞ്ഞുങ്ങളുടെ സ്നേഹരാവ്‌

(ദേവൂട്ടിയ്ക്ക്.....)

യക്ഷിക്കുഞ്ഞുങ്ങളിങ്ങനെ
രാത്രിയെ തള്ളി പറയാന്‍ പാടില്ല്യാ....

പാല പൂക്കുന്നതും
പാരിജാതം വിരിയുന്നതും
നിശാശലഭം പരാഗണം നടത്തുന്നതും
ഈ സ്നേഹരാവിലാണ്...

അകലെ കുന്നിന്‍ ചെരുവിലെ വീട്ടില്‍
നിലാവില്‍ ജാലകപ്പടി മേലെ മുടിയഴിച്ചിട്ടു
ഗന്ധര്‍വനെ പ്രതീക്ഷിച്ചുറക്കമൊഴിക്കുന്ന
കന്നിപ്പെണ്ണിന്റെ ചുണ്ടില്‍ ആ ഗഗനചാരി***
ഒരു മുത്തമാവുന്നതും
ഈ സ്നേഹരാവിലാണ്...

ആശാമ്പറമ്പിലെ കരിമ്പനക്കെട്ടില്‍
നിന്നിറങ്ങി വന്നു
കൊമ്പല്ലോക്കെ നീട്ടി,
വഴിതെറ്റി വന്നുപെടുന്ന
രാത്രിജീവികളോടു
ചുണ്ണാമ്പു ചോദിക്കേണ്ടതും
ഈ സ്നേഹരാവിലാണ്...

ചുണ്ണാമ്പില്ല സഖാവേ
വേണേല്‍ ഹാന്‍സ്‌ പിടിച്ചോന്നു
പറഞ്ഞു വരുന്ന വരത്തനെ
കഴുത്തില്‍ കടിച്ച്
ചുടുചോരയില്‍ ദാഹം തീര്‍പ്പേണ്ടതും
ഈ സ്നേഹരാവിലാണ്...

അതോണ്ട്...
യക്ഷിക്കുഞ്ഞുങ്ങളിങ്ങനെ
രാത്രിയെ തള്ളി പറയാന്‍ പാടില്ല്യാ....

___________________________

*** മലയാളിയുടെ കാല്‍പ്പനിക ഗന്ധര്‍വ്വ സങ്കല്‍പ്പം പപ്പേട്ടന്റെ "ഞാന്‍ ഗന്ധര്‍വ"നില്‍ അവസാനിക്കുന്നു എന്ന ബോധത്തില്‍ ഒരു വരി കടം കൊണ്ടിരിക്കുന്നു പ്രിയകഥാകാരനില്‍ നിന്നും....

1 comment: