കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Monday, August 27, 2012

ഓപ്പോളേ.. അനിയന്‍കുട്ടന്‍ വിളിക്കുന്നു.
( 27 / 08 / 2012 )

ഒരുപാട് നാളുകള്‍ക്കു ശേഷം... ഇന്നലെ പുലര്‍ക്കാലസ്വപ്നമായി ന്റെ ഓപ്പോള്‍ വന്നു. ഞങ്ങളുടെ സംസാരങ്ങളില്‍ എന്നും വന്നു നിറയാറുള്ള, എങ്ങോ കളഞ്ഞു പോയ ഞങ്ങളുടെ ബാല്യത്തിന്റെ കുസൃതികള്‍ തന്നെയായിരുന്നു ഈ പുലര്‍ക്കാലസ്വപ്നത്തിലും...

ഓപ്പോള്‍ടെ കൈ പിടിച്ചു, പെയ്തോഴിഞ്ഞതിനു ശേഷമുള്ള ഈറന്‍ പ്രഭാതത്തില്‍ ഞങ്ങള്‍ തൊടിയിലൂടൊക്കെ ഓടി കളിക്കുന്നു. മുറ്റത്ത് മഴ തീര്‍ത്ത കുഞ്ഞു കുളങ്ങളെ തട്ടിത്തെറിപ്പിച്ചു പളുങ്കുമണികളുണ്ടാക്കുന്നു.

ഇലച്ചാര്‍ത്തുകളില്‍ കുടുങ്ങി കിടക്കുന്ന മഴയെ കുലുക്കി മരം പെയ്യിച്ച് ഓപ്പോളേ അടിമുടി നനയ്ക്കാന്‍ ശ്രമിക്കുന്ന അനിയന്‍കുട്ടന്റെ കുറുമ്പ്.
അതില്‍ നിന്നും വിദഗ്ദ്ധമായി ഒഴിഞ്ഞുമാറി കൊഞ്ഞനം കുത്തിയെന്നെ ശുണ്ഠി കേറ്റുന്നു ഓപ്പോള്‍ . കണിക്കൊന്നമലര്‍ പോലെ ഓപ്പോള്‍ പൊട്ടിച്ചിരിക്കുന്നു. ചെമ്പരത്തിപ്പൂ പോലെ ചുവന്ന ഓപ്പോള്‍ടെ പട്ടുപാവാടയില്‍ മഴത്തുള്ളികള്‍ ചിത്രമെഴുതി. ആ കണ്ണില്‍ നിന്നും ബാലസൂര്യന്റെ നേര്‍ത്ത വെളിച്ചത്തരികള്‍ ചിന്നി ചിതറുന്നുണ്ടായിരുന്നു. അപ്പോഴൊക്കെയും മഴ ഞങ്ങളെ വിടാതെ ചേര്‍ത്തു പിടിച്ചു.

സമയത്തിന്റെ പരിമിതിയെ ഓര്‍മ്മിപ്പിച്ചു കൊണ്ട് അലാറം വലിയ വായില്‍ നിലവിളിച്ചെന്നെ ആ മധുരസ്വപ്നത്തില്‍ നിന്നും വലിച്ചിറക്കി കൊണ്ടു വന്നു. യാന്ത്രികമായി കുളിച്ചു തോര്‍ത്തി ഡ്യൂട്ടിയ്ക്ക് കേറിയപ്പോഴേക്കും അരമണിക്കൂര്‍ വൈകിയിരുന്നു. ഉറക്കം വിട്ടുമാറാത്ത മനസ്സ് അപ്പോഴും ഒരു സ്വപ്നാവസ്ഥയില്‍ ഓപ്പോള്‍ടെ പട്ടു പാവാടത്തുമ്പില്‍ പിടിച്ച് ചുറ്റി തിരിയുന്നുണ്ടായിരുന്നു.

കിച്ചണിലെ ഒരുവട്ട അലസഗമനത്തിനു ശേഷം ഒരു കപ്പ് സുലൈമാനിയുമെടുത്തു മെല്ലെ മൊത്തി, സ്റ്റൊറിലേക്ക് പോകും വഴി റെജീനേച്ചി വിളിക്കുന്നു.

ഫോണ്‍ എടുത്ത പാടേ "ഓപ്പോളേ..." എന്ന് വിളിച്ചു ഞാന്‍ സംസാരിക്കാന്‍ തുടങ്ങി. ഉറക്കപ്പിച്ചില്‍ എന്തൊക്കെയോ പറഞ്ഞു. ഞാനെന്താ പറഞ്ഞതെന്ന് തിരിയാതെ റെജിനേച്ചിയും കുഴങ്ങി കാണും. അല്‍പ്പ നേരം കഴിഞ്ഞപ്പോഴാ ആളു മാറിപ്പോയ അബദ്ധം മനസ്സിലാവുന്നത്. അതിന്റെ ജാള്യതയേക്കാള്‍ , വിളിച്ചത് ഓപ്പോളല്ലെന്നുള്ള തിരിച്ചറിവ് എന്നെയാകേ കുഴച്ചു മറിച്ചിരുന്നു.

ഒമാനിലെ എന്റെ ഫോണ്‍ നമ്പര്‍ ഓപ്പോള്‍ക്ക് അറിയത്തില്ലെന്നും അതിനാല്‍ ഒരു കാരണവശാലും ഓപ്പോള്‍ അപ്പോള്‍ എന്നെ വിളിക്കാന്‍ തരമില്ലെന്നും ഞാന്‍ ഓര്‍ക്കാതെ പോയി... ആ നിമിഷത്തില്‍ ഓപ്പോളേ അത്രമേല്‍ ഞാന്‍ മിസ്സ്‌ ചെയ്തിരുന്നു എന്നതാണ് വാസ്തവം.

"ഓപ്പോളേ... നീയെവിടാ...
വേഗം വായോ..
മഴയിപ്പം പെയ്തു തീരും..."

10 comments:

 1. പെട്ടെന്ന് നമ്മള്‍ ഒറ്റയായി എന്ന് തോന്നുമ്പോള്‍ പ്രിയമുള്ളവരുടെ സാന്നിധ്യം വരാതെ വന്നെന്നു തോന്നും..

  ReplyDelete
 2. ഓപ്പോളുടെ അനിയന്‍കുട്ടന്‍

  ReplyDelete
 3. കുറച്ചു നാള്‍ ഉണ്ടാവും സന്ദീപ്‌ ഈ ചിന്തകള്‍..
  ജീവിതം എന്ന വലിയ സത്യം മുന്നില്‍ നില്‍ക്കുമ്പോള്‍ ഏതു ചുറ്റുപാടിനെയും പതുക്കെ പതുക്കെ ഉള്‍ക്കൊണ്ടേ മതിയാവൂ എന്ന് താനേ നാം മനസ്സിലാക്കും ... ഓണാശംസകള്‍

  ReplyDelete
 4. എം.മുകുന്ദന്‍ പ്രവാസത്തില്‍ എഴുതിയപോലെ, എല്ലാ പ്രവാസിക്കും കാണും ഓരോരോ വേദനകള്‍, നടുവേദന, വിരഹവേദന,........അങ്ങനങ്ങനെ.....!!
  തിരുവോണാശംസകള്‍! സന്ദീപ്‌,!

  ReplyDelete
 5. ഇത് സ്വാഭാവികം . പ്രവാസത്തിന്റെ ആദ്യനാളുകളിൽ ആരും കടന്നു പോവുന്ന അവസ്ഥ. സന്ദീപിലെ എഴുത്തുകാരന് അത് പലതരം ബിംബകൽപ്പനകളിലൂടെ അത് പ്രതിഫലിപ്പിക്കാനാവുന്നു,

  ReplyDelete
 6. ഓണാശംസകള്‍ ,ഒപ്പോള്‍ക്കും അനിയന്‍ കുട്ടനും

  ReplyDelete
 7. ഒരു ചേച്ചി ഉണ്ടായിരുന്നെങ്കില്‍ ആ മടിയില്‍ മുഖം പൂഴ്ത്തി കിടക്കായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്...പ്രത്യേകിച്ച് ഇത്രയും ദൂരെ എത്തിയപ്പോള്‍..., അതാണ്‌ സന്ദീപ്‌ പ്രവാസം!

  ഓണാശംസകള്‍...

  ReplyDelete
 8. ഇപ്പോളാണല്ലോ ഞാന്‍ ഇത് കണ്ടത് ...!!
  ഒരു ഒപ്പോളായി ഞാന്‍ വന്നാ മതിയോ തല്‍ക്കാലം ??

  ReplyDelete
  Replies
  1. ഹ ഹ... പറ്റൂലാ...
   ചേച്ചി കൊച്ചുമോള്‍ ചേച്ചിയായി തന്നെ വന്നാ മതീട്ടോ.... സ്നേഹം

   Delete