കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Sunday, April 15, 2012

സംക്രാന്തിമുറ്റത്തെ നിലാപ്പെയ്ത്ത്
ദുഃഖാദുഃഖങ്ങള്‍ തുല്യമായ് വര്‍ത്തിക്കുന്ന
ദിനങ്ങളെനിക്ക് വിഷുവായിരുന്നു...

രാശിചക്രങ്ങളുടെ പല്ലിടകളില്‍
കുരുങ്ങാന്‍ വിധിക്കപ്പെട്ട -
യെന്റെ പ്രിയപ്പെട്ടവള്‍ക്കത്
സ്നേഹസംക്രാന്തി...

വിഷു വന്നു,
പോയി...
ഒത്തിരി ഘോഷങ്ങളുമായി
ആഘോഷങ്ങള്‍ പലതു വന്നു,
പോയി...

ഖരങ്ങളുടേയും അതിഖരങ്ങളുടേയും
ഖിന്നരൂപകങ്ങള്‍ ഇപ്പോള്‍
"പ്രണയം"
എന്ന വാക്കിന്റെ
അര്‍ത്ഥശൂന്യമായ വക്കില്‍
പറ്റിക്കൂടിയിരിക്കുന്നു.

നേരത്തിന് പൂക്കാന്‍ മറന്ന
പാഴ്ക്കൊന്ന കണക്കെ വ്യര്‍ത്ഥബുദ്ധിയില്‍
ഞാന്‍
ഈ വൈകിയ വേളയില്‍ ,
മഞ്ഞ നിറമിറ്റിയ കുറച്ചു സ്നേഹ-
മവള്‍ക്കു നല്‍കുന്നു...

ഒന്നിനുമല്ല... വെറുതെ...

സദാ ധൂര്‍ത്തനായ ഞാന്‍
അവളോടു മാത്രം
ലുബ്ധ് കാട്ടുന്നതെങ്ങിനെ...

12 comments:

 1. അവളോട് ലുബ്ധ് കാട്ടുന്നതെങ്ങനെ എന്ന് വിചാരിച്ച് അവൾക്കിങ്ങനെ എല്ലാം വാരിക്കോരി കൊടുത്തോ, കുഴപ്പമില്ല. അതിനുള്ള സ്നേഹം അവളിൽ നിന്ന് കിട്ടിയാൽ മതി. ആശംസകൾ.

  ReplyDelete
  Replies
  1. വരവറിയാതെ ചെലവ് ചെയ്യുന്നവനെയല്ലോ മനേഷേ നമ്മള്‍ ധൂര്‍ത്തനെന്ന് വിളിക്കുന്നത്‌....
   സ്നേഹത്തിന്റെ കാര്യത്തില്‍ അതെനിക്കെപ്പോഴും ചേരുന്ന വിശേഷണമാണ് മനേഷ്... ഇപ്പൊ സങ്കടം തീരെയില്ല... ശീലമായിരിക്കുന്നു.. :(

   Delete
 2. എല്ലാം തുല്യമായ വിഷു...

  ReplyDelete
 3. നല്ലൊരു കിടിലന്‍ പേര് ."സംക്രാന്തിമുറ്റത്തെ നിലാപ്പെയ്ത്ത്" .കവിതയുമായി അതെത്ര പൊരുത്തപ്പെടുന്നു എന്ന് പിടികിട്ടിയില്ല .
  സംക്രാന്തി എന്നാല്‍ സംക്രമണം .ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു. അതെ സമയം സംക്രാന്തി മുറ്റം എന്നത് കൊണ്ട് കവി ഉദ്ദേശിക്കുന്നത് എന്താണ് ? സൂര്യന്റെ സഞ്ചാര സമയത്തെയാണ് സംക്രമണം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നിരിക്കെ നിലാ പെയ്ത്തു ഇവിടെ എങ്ങിനെ വരും ?
  അതുപോലെ തന്നെ
  എന്താണീ ദുഃഖാദുഃഖങ്ങള്‍ ? ന്യായാന്യായങ്ങള്‍ (ന്യായവും അന്യായവും ) ചരാചരങ്ങള്‍ (ചരങ്ങളും അചരങ്ങളും -അതായത് ചലിക്കുന്നവയും ചലിക്കാത്തവയും) അത് പോലെ ദുഃഖം അദുഃഖം എന്ന് പ്രയോഗിച്ചു കണ്ടിട്ടില്ല ..അങ്ങനെയാണോ സന്ദീപ്‌ ഉദ്ദേശിച്ചത് ?
  കവിതയില്‍ തീരെ കവിത കാണുന്നില്ലല്ലോ സന്ദീപ്‌ ..വായിച്ചു വായിച്ചു എഴുതി എഴുതി താഴെക്കാണോ യാത്ര ?

  ReplyDelete
  Replies
  1. രമേശേട്ടാ...
   നമ്മള്‍ സ്കൂളില്‍ പഠിച്ചു വന്ന / വായിച്ചറിഞ്ഞ ഭാഷയല്ല ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്...
   സ്നേഹത്തിന്റെ ഭാഷ ഉള്‍ച്ചേര്‍ക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്...
   അത് കൊണ്ടു തന്നെ വാക്കുകളുടെ നേരര്‍ത്ഥങ്ങളും
   ശാസ്ത്രസാംഗത്യങ്ങളും മുന്‍വിധികളും വെച്ചുള്ള വായന ഇതിനു പാകമാവില്ല...

   സ്വന്തമായ ഭാഷയും അര്‍ത്ഥങ്ങളും ഉണ്ടാക്കാനുള്ള
   എന്റെ എളിയ ശ്രമം / പരീക്ഷണം ആണിതെന്നു പറഞ്ഞാല്‍
   അതൊരു അഹങ്കാരമായോ
   അവസ്ഥയില്ലാത്ത അവകാശവാദമായോ ചേട്ടന്‍ കരുതരുത്....
   കാര്യങ്ങള്‍ അല്‍പ്പം കൂടി വിശദമാക്കിയാല്‍ , നമ്മള്‍ കണക്കിലൊക്കെ കണ്ടിട്ടുള്ള
   x, y വര്‍ഗ്ഗങ്ങളുടെ മൂല്യം കാണുന്ന പോലെ ഇതിലെ വാക്കുകള്‍ നിര്‍ദ്ധാരണം ചെയ്‌താല്‍ ഒരു പക്ഷെ ആശയം വ്യക്തമാവുമായിരിക്കും....
   (അതില്ലാതെ വായിക്കാന്‍ താത്പര്യമുള്ളവര്‍ അങ്ങനെയാവട്ടെ.. വായിക്കുന്നവര്‍ക്ക് ഞാന്‍ ഉദ്ദേശിച്ചത് മനസ്സിലാവാതെ പോവുന്നത് എന്റെ പരാജയം തന്നെ...)

   ചേട്ടന്‍ ചോദിച്ച സ്ഥിതിയ്ക്ക് തലക്കെട്ടിനെ കുറച്ചു സൂചനകള്‍ :
   സംക്രാന്തിമുറ്റം എന്നത് അവള്‍ ആണ്... എന്റെ പ്രിയപ്പെട്ടവളുടെ മനസ്സാണ് ...
   നിലാപെയ്ത്ത്, സ്നേഹമാണ്.. ന്റെ സ്നേഹം..
   (ഇതിനുള്ള സൂചനകള്‍ വരികളില്‍ തന്നെ ചേര്‍ത്തിട്ടുണ്ട് എന്നാണു ന്റെ വിശ്വാസം..)

   "ദുഃഖാദുഃഖങ്ങള്‍ " - ആരും പ്രയോഗിക്കാന്‍ മുതിരാത്ത
   ഒന്നായത് കൊണ്ടു മാത്രം (മനപ്പൂര്‍വ്വം) പ്രയോഗിച്ചതാണ്....
   വാക്കുകള്‍ക്കു മുന്നേ "അ" എന്ന ശബ്ദം ചേരുമ്പോള്‍ വിപരീതാര്‍ത്ഥം കിട്ടുമെന്ന ലീലാതിലകസൂത്രം.... :-)
   ( എഴുത്തില്‍ പുതുപദങ്ങള്‍ കൊണ്ടുവരാനുള്ള
   എഴുത്തുകാരന്റെ (ദു)സ്വാതന്ത്രം എടുത്തതാണ്... )

   ഇതിലെ ഓരോ കുത്തിലും കോമയിലും ഘോഷത്തിലും ആഘോഷത്തിലും ഖരത്തിലും അതിഖരത്തിലും മഞ്ഞ നിറമിറ്റിയ സ്നേഹത്തിലും ധൂര്‍ത്തിലും വിഷുവിലും സംക്രാന്തിയിലുമെല്ലാം വ്യത്യസ്ത അര്‍ത്ഥങ്ങള്‍ തുന്നി ചേര്‍ത്തിട്ടുണ്ട്....
   (അടുത്തിടെ ഡാവിഞ്ചി കോഡ് വായിച്ചത് പ്രശ്നമായോയെന്തോ...) :-)

   പിന്നെ ഇത് കവിതയൊന്നുമല്ല... എന്റെ പ്രണയത്തിന്റെ ചുരുക്കെഴുത്തുകള്‍ മാത്രമാണിത് രമേശേട്ടാ.... വായിച്ചതില്‍ സന്തോഷം....

   Delete
 4. ലീലാ തിലക സൂത്രം സൂചിപ്പിച്ചത് കൊണ്ട് ചോദിക്കട്ടെ അതില്‍ അ കാരം സംബന്ധിച്ച് പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ വായിച്ചിട്ടുണ്ടോ സന്ദീപ്‌ ?? .."അ" വിപരീതാര്‍ത്ഥം നല്‍കും എന്ന് പറയുന്നതിനൊപ്പം എല്ലായിടത്തും ഇത് ബാധകമാവില്ല എന്ന് കൂടി പറയുന്നുണ്ട് എല്ലാ വ്യാകരണ ശാസ്ത്രങ്ങളും..കവി സ്വന്തം ഇഷ്ടപ്രകാരം ഈ കവിതയില്‍ അ ഉപയോഗിച്ച് നിഷിദ്ധമായ വിപരീത പദം കണ്ടു പിടിച്ചതാണ് എങ്കില്‍ പിന്നെ എന്തിനാണ് ലീലാതിലക സൂത്രത്തെ കൂട്ട് പിടിച്ചത് ??
  ബാക്കി പിന്നെ :)

  ReplyDelete
  Replies
  1. എന്തു കൊണ്ട് ഉപയോഗിച്ചു കൂടാ എന്നാണു എന്റെ ചിന്ത...
   വ്യാകരണത്തിന്റെ കരിങ്കല്‍ചുവരുകള്‍ക്കുള്ളില്‍ ഇട്ട്
   ഭാഷയെ ശ്വാസം മുട്ടിക്കുന്നതെന്തിന് രമേശേട്ടാ...
   അര്‍ത്ഥ സംവേദനം നടക്കുന്നുവെങ്കില്‍ ഭാഷയുടെ കര്‍മ്മം പൂര്‍ത്തിയാകുന്നില്ലേ...

   ഇതൊരു പൊറുക്കപ്പെടാത്ത (വ്യാകരണ)തെറ്റായി കാണേണ്ടതില്ല
   എന്ന് പറയാന്‍ മാത്രം ലീലാതിലകത്തെ കൂട്ട് പിടിച്ചുള്ളൂ...
   പിന്നെ അറിവില്ലായ്മയില്‍ വന്ന അബദ്ധം അല്ലെന്നു പറയാനും...

   Delete
 5. ഒരാള്‍ വസ്ത്രം ധരിക്കുന്നത് എന്തിനാണ് ? വസ്ത്രമാകുന്ന അസ്വാതന്ത്ര്യത്തെ ഒഴിവാക്കി നഗ്നനായി ശ്വാസം മുട്ടുന്ന ശരീരാവയവങ്ങളെ മോചിപ്പിച്ചു കൂടെ ?സ്വന്തം ശരീരത്തെ കുറിച്ച് ചിന്തയില്ലാത്തയാള്‍ ഭാഷയുടെ ശ്വാസം മുട്ടല്‍ ഓര്‍ത്ത്‌ ശ്വാസം മുട്ടണോ ? :)) പുതിയ ഭാഷ്യം വരട്ടെ .:)

  ReplyDelete
 6. കൊള്ളാം നന്നായിരിക്കുന്നു ചിന്ത.. പക്ഷേ പതിവു നിലവാരത്തിലുയർന്നോ എന്നാണു സംശയം..തലേക്കെട്ട് ഒന്നു പുനഃപരിശോധിക്കുന്നത് നല്ലതായിരിക്കും എന്നതാണെന്റെ അഭിപ്രായം..ഖരങ്ങളും അതിഖരങ്ങളും ‘പ്രണയം’ എന്ന വാക്കിന്റെ വക്കിൽ പറ്റിപ്പിടിച്ചിരിക്കുന്നത് വ്യക്തമാക്കുമോ? ‘പ’ മാത്രമല്ലെ വരൂ അതും ഖരം...അതിഖരം എവിടെ? ‘ണ’ അനുനാസികവും ‘യ’ മധ്യമവും അല്യേ? സംശയങ്ങളാണ് .... കവിയുടെ വ്യാഖ്യാനം പ്രതീക്ഷിക്കുന്നു.. പരിമിതമായ അറിവു വർദ്ധിപ്പിക്കാമല്ലോ..സ്നേഹത്തിൽ ധൂർത്ത് നല്ലതു തന്നെ..തിരിച്ചൊന്നും പ്രതീക്ഷിക്കാതെ വാരിക്കോരി കൊടുക്കാൻ സാധിക്കുന്ന ഏക വസ്തുവും സ്നേഹം തന്നെ..ഇനി കവിതയ്ക്കുള്ളിലേക്ക് പോയാൽ ചില സംശയങ്ങൾ തോന്നാതെയില്യാ..‘ദുഃഖാദുഃഖങ്ങൾ’ ഒരു കല്ലുകടിയായി തന്നെ തോന്നുന്നു.. കവിയുടെ വ്യാഖ്യാനം കണ്ടു..ലീലാതിലകത്തിൽ എതിർപദം ഉണ്ടാക്കാൻ പല വിധികൾ പറയുന്നുണ്ട്.. വാക്കുകൾ തുടങ്ങുന്ന അക്ഷരത്തിനനുസരിച്ചാണ് അവ വ്യത്യാസപ്പെട്ടിരിക്കുന്നത്..സ്വരാക്ഷരങ്ങളിൽ തുടങ്ങുന്ന വാക്കുകൾക്ക് മുന്നിൽ ‘അൻ’ ചേർത്താണു വിപരീതാർത്ഥമുള്ള വാക്കുകൾ ഉണ്ടാക്കേണ്ടത് എന്നു പറയുന്നു ‘ഉചിതം---അനുചിതം’ എന്ന പോലെ..വ്യഞ്ജനാക്ഷരങ്ങളിൽ തുടങ്ങുന്ന വാക്കുകളുടെ എതിർപദങ്ങളിലാണവ ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നത്..‘അ’ മാത്രമല്ല ‘നി’ ഉപയോഗിക്കാറില്ലേ ‘ശബ്ദം---നിശബ്ദം’..അങ്ങനെ പലതും..പിന്നെ x, y എന്നിവയ്ക്ക് മൂല്യം കൊടുത്ത് നിർദ്ധാരണം ചെയ്തത് പോലെ ആണെന്നു പറയാനാവുമോ..? x, y യ്ക്ക് മൂല്യങ്ങൾ സങ്കൽ‌പ്പിക്കും പക്ഷേ മൂല്യങ്ങൾ യാഥാർത്ഥ്യങ്ങളാണു സങ്കൽ‌പ്പങ്ങളല്ല...ഭാരതീയർ സംഭാവന ചെയ്ത പൂജ്യം ഉൾപ്പടെയുള്ള പ്രചുരപ്രചാരത്തിലിരിക്കുന്ന സംഖ്യകളെയാണു സങ്കൽ‌പ്പിക്കുന്നത്.. ശ്ശോ അഭിപ്രായം കാടു കയറിയോ..വിമർശനങ്ങളെ പോസിറ്റീവായി എടുക്കു..ഇതിലും ശക്തിയോടെ പുതിയ കവിതയുമായി വീണ്ടും വരിക...ആശംസകൾ..

  ReplyDelete
  Replies
  1. ഓപ്പോള്‍ ഈ പറയുന്നതൊക്കെ ഭാഷയുടെ സാങ്കേതികതയാണ്... ഞാന്‍ മുന്നേ പറഞ്ഞുവല്ലോ... ഇതിലുപയോഗിച്ചിരിക്കുന്ന ഭാഷ ഭാഷയ്ക്കുമപ്പുറം നില്‍ക്കുന്ന സ്നേഹത്തിന്റെ ഭാഷയാണ്...

   ഈ അനിയന്‍കുട്ടന്റെ മനസ്സറിയുന്ന ഒപ്പോള്‍ക്ക് ന്റെ സ്നേഹത്തിന്റെ ഭാഷ മനസ്സിലാവാതെ പോയത് സങ്കടം തന്നെ...
   ഞാന്‍ വിശദമായി മെയില്‍ അയച്ചിട്ടുണ്ട് ഒപ്പോള്‍ക്ക് ഈ അവസ്ഥയെ കുറിച്ച്... എനിക്ക് ഇവിടെ എല്ലാം തുറന്നു എഴുതാന്‍ ആവില്ലാ...
   സ്നേഹത്താല്‍ വായ് മൂടപ്പെടുന്ന അവസ്ഥയാണിത്.. മനസ്സിലാക്കുമല്ലോ..

   വിമര്‍ശനങ്ങള്‍ പോസിറ്റിവ് ആയിട്ട് എടുക്കുന്നു... ഇനിയും മനസ്സ് വിങ്ങുമ്പോള്‍ എന്തെങ്കിലും എഴുതിയേക്കും... :)

   സ്നേഹം..

   ഓപ്പോള്‍ടെ സ്വന്തം അനിയന്‍കുട്ടന്‍

   Delete
  2. മനസ്സ് വിങ്ങുമ്പോൾ മാത്രല്യാ...മനസ്സിൽ നിറയുന്നതെന്തും പകർത്തണം..തൂലികയെ കൂട്ടുകാരനാക്കു...അക്ഷരങ്ങളെ പ്രണയിക്കൂ...നല്ല സൃഷ്ടികൾ പിറക്കട്ടെ..

   എഴുതുന്നവരെക്കുറിച്ച് അവരുടെ സൃഷ്ടികൾ വായിച്ചു വായിച്ച് അനുവാചകഹൃദയങ്ങളിൽ ഒരു ധാരണയുണ്ടാവും..അത് നിലനിറുത്തിക്കൊണ്ട് പോകാൻ വല്യ ബുദ്ധിമുട്ടാണ്..അങ്ങനെ കൊണ്ടു പോകുന്നവരാണ് വല്യ എഴുത്തുകാരായിട്ടുള്ളതും...

   ((( എന്റെ കാര്യവും ഇതുപോലൊക്കെ തന്നെ...ഹിഹി...)))

   Delete
 7. ഇനിയും മലകൾ പലത് കയറേണ്ടിയിരിക്കുന്നു(ഞാൻ)
  :)

  ReplyDelete