Saturday, February 18, 2012

മഹാഗണി കാഴ്ച



മുറ്റത്തെ മഹാഗണിയിലെ ഇലകളീ
വേനപ്പകലില്‍ കൊഴിഞ്ഞു തീരുന്നു.
അടരുവാന്‍ വയ്യാതെ വിമ്മിട്ടപ്പെട്ട്,
തണ്ടു കാട്ടിയ കുറച്ചു കരിയിലകളും,
കൊഴിഞ്ഞു പോയ ഗതകാലത്തിന്റെ
പച്ചപ്പ് ശേഷിപ്പിച്ച ശൂന്യതയും
പിന്നെയും ചില്ലകളില്‍ കുരുങ്ങി നിന്നു.
(മരങ്ങളുടെ ഫാന്റം ലിംബിനെ കുറിച്ച്
നിങ്ങള്‍ക്കെന്തറിയാം..
വലിയന്നൂരാശാന്‍ നിങ്ങളോടെന്തെങ്കിലു -
മെപ്പൊഴെങ്കിലും മൊഴിഞ്ഞിരുന്നുവോയെന്തോ...)

വരാനിരിക്കുന്ന കൊടുങ്കാറ്റുകള്‍ക്കു വീഴ്ത്താനൊന്നും
മിച്ചം വരുത്താതെയൊരു നേര്‍ത്ത തെന്നലിന്റെ
തഴുകിത്തലോടലില്‍ മൃതപ്രായരാകാന്‍
വിധിക്കപ്പെട്ടവര്‍ ശിഷ്ട ജന്മങ്ങള്‍ ..

ഹോമിയോ മരുന്നിന്റെ നിശ്ചിത
ഇടവേളകളുടെ സമയസൂക്ഷത്തോടെ,
വിണ്ടുതിരുന്ന മഹാഗണിക്കായ്കള്‍
അശനിപാതം പോലാര്‍ത്തനാദത്തോടെ
മണ്ണിനെ ചുംബിക്കുന്നതിടയ്ക്കിടെ -
യെന്നില്‍ നടുക്കം തീര്‍ക്കുന്നു.
----------------------------------------

കരിയിലകള്‍ പോലെയങ്ങനെ -
യെന്റെ ദിവസങ്ങള്‍ പൊഴിഞ്ഞു വീഴുന്നു.

കൊഴിഞ്ഞ ദിനങ്ങള്‍ വാരിക്കൂട്ടി കത്തിച്ച്
ഇടതു കാലില്‍ ജ്ഞാനമുറഞ്ഞു കൂടിയൊരു
ഭ്രാന്തന്‍ തീ കായുന്നു..
ഉറക്കെ പൊട്ടിച്ചിരിക്കുന്നു...


ഹാ.............

OFF NOTE : എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ ...

7 comments:

  1. ഇതിങ്ങനെ ഉന്മാദിയുടെ പൊട്ടിച്ചിരിയായി എങ്ങുമെത്താതെ പോവരുതല്ലോ സന്ദീപ് .....

    ReplyDelete
    Replies
    1. ജീവിതത്തിന്റെ അസന്നിഗ്ദ്ധതകളില്‍ മനസ്സ് വീഴുമ്പോള്‍
      ആ ആകുലതകള്‍ വാക്കുകളില്‍ വരുന്നതാണ്, എല്ലാ ഉന്മാദത്തോടെയും...
      എന്റെ വ്യര്‍ത്ഥദിനങ്ങളെ ഞാന്‍ അടയാളപ്പെടുത്തുന്നതിങ്ങനെയാണ് മാഷേ.. ക്ഷമിക്കൂ....

      Delete
  2. വരാനിരിക്കുന്ന കൊടുങ്കാറ്റുകള്‍ക്കു വീഴ്ത്താനൊന്നും
    മിച്ചം വരുത്താതെയൊരു നേര്‍ത്ത തെന്നലിന്റെ
    തഴുകിത്തലോടലില്‍ മൃതപ്രായരാകാന്‍
    വിധിക്കപ്പെട്ടവര്‍ ശിഷ്ട ജന്മങ്ങള്‍ .

    നന്നായിരിക്കുന്നു ആശംസകള്‍

    ReplyDelete
  3. വരാനിരിക്കുന്ന കൊടുങ്കാറ്റുകള്‍ക്കു വീഴ്ത്താനൊന്നും
    മിച്ചം വരുത്താതെയൊരു നേര്‍ത്ത തെന്നലിന്റെ
    തഴുകിത്തലോടലില്‍ മൃതപ്രായരാകാന്‍
    വിധിക്കപ്പെട്ടവര്‍ ശിഷ്ട ജന്മങ്ങള്‍ ..

    ReplyDelete
  4. ഉന്മാദികളും ഭ്രാന്തന്മാരും ഇങ്ങനെ പൊട്ടിച്ചിരിച്ച് കൊണ്ട് ജീവിതം വെറുതേ പൊലിച്ച് തീർക്കരുത്. ഇന്നത്തെ ഭ്രാന്തന്മാരാണ് നാളത്തെ 'ആൽക്കെമിസ്റ്റുകൾ'. അവരാണ് നള്ളെയെ 'കണ്ടവർ'. ആശംസകൾ.

    ReplyDelete
  5. അടരുവാന്‍ വയ്യാതെ വിമ്മിട്ടപ്പെട്ട്,
    തണ്ടു കാട്ടിയ കുറച്ചു കരിയിലകളും,
    കൊഴിഞ്ഞു പോയ ഗതകാലത്തിന്റെ
    പച്ചപ്പ് ശേഷിപ്പിച്ച ശൂന്യതയും

    സുന്ദരമായ ഈ വരികള്‍ വായിച്ചു മുന്നേറവേ അവസാനത്തെ നാല് വരികളില്‍ എന്നിലെ വായന ഉടക്കി. പിന്നെ സന്ദീപിന്റെ തന്നെ താഴെ കൊടുത്ത വരികള്‍ ശ്രദ്ധിച്ചു .

    ആ ആകുലതകള്‍ വാക്കുകളില്‍ വരുന്നതാണ്, എല്ലാ ഉന്മാദത്തോടെയും...
    എന്റെ വ്യര്‍ത്ഥദിനങ്ങളെ ഞാന്‍ അടയാളപ്പെടുത്തുന്നതിങ്ങനെയാണ്

    ഇത്രയും മതിയല്ലോ ആ നാല് വരികളെ അറിയാന്‍. അവതാര ദുഖത്തിന് ശേഷം സന്ദീപിന്റെ മറ്റൊരു നല്ല കവിത. ആശംസകള്‍

    ReplyDelete