ദില്‍ ചാഹ്താ ഹേ....
ആദ്യമായി ഈ സിനിമ കണ്ടതെന്നാണെന്നു എന്റെ ഓര്‍മ്മ പോലും പിടി തരുന്നില്ല.
പക്ഷെ ഇത് കാണുന്നതിനും എത്രയോ മുന്‍പേ അവര്‍ എനിക്കൊപ്പമുണ്ട്. എന്റെ ഏറ്റവും പ്രിയ ചങ്ങായിമാര്‍ .... സൗഹൃദങ്ങളെ കുറിച്ചോ ബന്ധങ്ങളെ കുറിച്ചോ ചിന്തകളില്ലാതെ ഏകാകിയായി, എങ്ങും തങ്ങാതെ പാറിപറന്നിരുന്നൊരു കൌമാരകാലത്തിലെന്നോ ഞാന്‍ പോലുമറിയാതെ അവരോടു കൂട്ടുകൂടുകയായിരുന്നു. അവരുടെ ചങ്ങാത്തം കിട്ടാനുള്ളത്ര യോഗ്യതയൊന്നും എനിക്കില്ല, അന്നും ഇന്നും.. എന്നിട്ടും അവര്‍ എല്ലായ്പ്പോഴുമെന്നെ ഹൃദയത്തോട് ചേര്‍ക്കുന്നു. എന്നെ സഹിക്കുന്നു... ഈ ലോകത്തില്‍ ഞാന്‍ ഒറ്റപ്പെട്ടു പോവാതിരിക്കാന്‍ അവരുടെ കരുതലുകളാവാം, കാരുണ്യവുമാവാം. എങ്കിലുമെപ്പോഴും ഭ്രമണപഥത്തില്‍ നിന്നും കുതറി തെറിക്കുന്നൊരു താന്തോന്നിയായ, ഒറ്റയാന്‍താരകമാകുന്നു ഞാന്‍ ..
ഇഷ്ടപ്പെട്ടവയെല്ലാം പുറന്തള്ളികൊണ്ടൊരു ഏകാന്തവാസമാണ് എനിക്കീ പ്രവാസകാലം. ആ ഇഷ്ടങ്ങളില്‍ എന്റെ പ്രിയപ്പെട്ടവരെ... നിങ്ങളും... എത്ര ദൂരെയായിരുന്നാലും, എന്നുമോര്‍ത്തില്ലെങ്കിലും, ജീവിക്കാനുള്ള പരക്കംപാച്ചിലിന്റെ പകലറുതിയില്‍ അന്നേ ദിവസത്തെയെല്ലാ ആലസ്യവുമേറ്റുവാങ്ങുന്ന വിജനരാവില്‍ ഉണര്‍വിനുമുറക്കത്തിനുമിടയിലുള്ള. തീര്‍ത്തുമെന്നിലേക്ക് മടങ്ങുന്ന ഏതാനും നിമിഷങ്ങളില്‍ മനസ്സിന്റെ ഏതോയിടങ്ങളില്‍ ഒരു ശൂന്യത അനുഭവപ്പെടുന്നുവെങ്കില്‍ അത് തീര്‍ച്ചയായും നിങ്ങളെ ചൊല്ലിയായിരിക്കും. ഒരു ദീര്‍ഘനിശ്വാസത്തിന്റെ ആയുസ്സില്‍ എല്ലാ ചിന്തകളെയും മായ്ച്ചു കളഞ്ഞു മറ്റൊരു ദിവസത്തേയ്ക്ക് ഉണര്‍ന്നെഴുന്നേല്പാന്‍ അലാറം സെറ്റ് ചെയ്തു ആ കുഞ്ഞുമരണത്തിലേക്ക് വീണ്ടും വീണുമയങ്ങുന്നു. യന്ത്രത്തിന്റെ ക്ലിപ്തയോടെ ജീവിതം ടിക് - ടിക് എന്ന താളത്തില്‍ വട്ടം തിരിയുന്നു.
നമ്മുടെ ജീവിതത്തില്‍ സംഭവിക്കാന്‍ സാധ്യതയില്ലാത്ത, സ്വപ്നതുല്യമായ പല രംഗങ്ങളും കണ്‍മുന്നില്‍ കാണിച്ചു തരുന്നതു കൊണ്ടാവാം സിനിമയെന്നെയെക്കാലവും വശ്യം ചെയ്യുന്നത്. ദില്‍ ചാഹ്താ ഹേയിലെ അവരുടെ ഗോവന്‍യാത്ര ഒരു സ്വപ്നമായി എല്ലാ ചെറുപ്പക്കാരുടെയും പോലെ ഞങ്ങളിലും നിറഞ്ഞിരുന്നു. കൂട്ടുകാരൊന്നിച്ചു കാലദേശബോധമില്ലാതെ ഒരുപാടിടങ്ങളില്‍ അലഞ്ഞുതിരിഞ്ഞിട്ടുള്ളപ്പൊഴും ഒരിക്കല്‍ പോലും ഞങ്ങള്‍ ഗോവന്‍തീരത്ത് ചെന്നടിഞ്ഞിട്ടില്ല. എല്ലാവരുടെയും ഒഴിവുകള്‍ ഒന്നിച്ചു ചേരാത്തതു കൊണ്ട് ആ സ്വപ്നം ഇന്നും സ്ക്രീനില്‍ മാത്രം മിന്നി മായുന്നു.
സൗഹൃദം പോലെ പ്രണയവും ഈ സിനിമയെ എന്നിലേക്കടുപ്പിക്കുന്നു. സ്വന്തം പ്രണയിനിയെ കെട്ടാന്‍ തയ്യാറായി നില്‍ക്കുന്ന പയ്യന്റെ മൂക്കിനിടിച്ചു താഴെയിട്ട് വിവാഹതലേന്ന് അവളെ സ്വന്തമാക്കുന്ന നായകന്‍ എന്നത്തെയും പോലെ ഇന്നലെ കണ്ടപ്പോഴും എന്നെ ത്രസിപ്പിച്ചിരുന്നു. പക്ഷെ... സിനിമയ്ക്കുമപ്പുറം എഴുതി തയ്യാറാക്കിയ ശുഭപര്യവസായിയായ തിരകഥകളില്ലാതെ ആടികൊണ്ടിരിക്കുന്ന നിസ്സഹായരായ നമുക്ക് ചില ജീവിതയാഥാര്‍ത്ഥ്യങ്ങളെ അംഗീകരിച്ചേ പറ്റൂ... സിനിമാറ്റിക് രീതിയില്‍ ആകെ ചെയ്യാന്‍ കഴിയുക ചീറി പായുന്ന വാഹനങ്ങളെ നോക്കി, തിരക്കൊഴിഞ്ഞ ഓവര്‍ബ്രിഡ്ജില്‍ നിന്നോ കോണ്ക്രീറ്റ് അടുക്കുകള്‍ നമ്മെ കൊണ്ട് ചെന്നെത്തിക്കുന്ന കണ്ണെത്താത്ത ഉയരങ്ങളില്‍ നിന്നും ഒരു കണ്ണാടിചില്ലിനപ്പുറം, താഴെ തിരക്കില്‍ വീര്‍പ്പു മുട്ടുന്ന നഗരത്തെ നോക്കി തന്‍ഹായി.... എന്ന് ഗദ്ഗദത്തൊണ്ടയില്‍ നീട്ടി പാടാം... പക്ഷെ, ആവര്‍ത്തിച്ചുള്ള പ്രണയതകര്‍ച്ചകള്‍ അത്തരം മടുപ്പിക്കുന്ന വിരഹകാമുകചപലതകളില്‍ നിന്നും എന്നെ വിലക്കുന്നു. ഒരു വിരല്‍ സ്പര്‍ശത്തില്‍ മാഞ്ഞു പോകുന്ന LED പ്രതലം പോലെ മനസ്സും മാഞ്ഞു പോയിരുന്നെങ്കില്‍ ....
പ്രണയങ്ങളുടെ ആവര്‍ത്തനങ്ങള്‍ പോലെ ദില്‍ ചാഹ്താ ഹേ ഇനിയും കണ്ടു കൊണ്ടിരിക്കും. അറ്റമില്ലാത്ത സ്വപ്നങ്ങളും തേടി ഏതോ ഗോവന്‍ തീരത്തണയാന്‍ ഇനിയും കാത്തിരിപ്പ് തുടര്‍ന്നു കൊണ്ടേയിരിക്കും.....
പ്രണയിയോം ക സിന്ദകി ജോ കഭി നഹി കദം ഹോ ജാത്തി ഹേ.......
സ്വപ്നങ്ങളാണ് ജീവിതത്തെ മധുരതരമാക്കുന്നത്
ReplyDelete:)
ReplyDelete