Showing posts with label Socialised. Show all posts
Showing posts with label Socialised. Show all posts

Sunday, March 17, 2013

കൃഷ്ണലീല

ഗോപികമാരുടെ ശല്യം സഹിക്കാതെയാണ് കണ്ണന്‍ മഥുരാപുരിയിലേക്ക് നാട് വിടുന്നത്.... 
ഗോപികമാരെക്കാള്‍ ഭേദം 
കംസന്‍ തന്നെയെന്ന് കരുതീട്ട്.... 

(കംസനൊരു മോളുണ്ടായിരുന്നു എന്നും, 
മുറപ്പെണ്ണിനെ കെട്ടാനും 
അമ്മാവന്റെ സ്വത്ത്‌ സ്വന്തമാക്കാനുമുള്ള 
ഗൂഡലക്ഷ്യങ്ങള്‍ 
മനസ്സില്‍ കണ്ടു കൊണ്ട് പോയതാന്നു 
അസൂയക്കാര്‍ അക്കാലത്ത്‌ അമ്പാടിയില്‍ 
പറഞ്ഞു പരത്തിയിരുന്നു...

മോളെ കെട്ടിച്ചു തരില്ലെന്ന് പറഞ്ഞ അമ്മാവനെ
നെഞ്ചാങ്കൂട് ഇടിച്ചു പൊളിച്ചു പഞ്ഞിക്കിട്ടെങ്കിലും
മുറപ്പെണ്ണ് അപ്പോഴേക്കും തന്റെ പൂര്‍വ്വകാമുകനോടൊപ്പം
ഹസ്തനപുരിയിലേക്ക് ഒളിച്ചോടിയിരുന്നു...

വേദവ്യാസന്‍ കുലമഹിമ സംരക്ഷിക്കാന്‍
പലതും പറയാതെ മറച്ചു.... ഹും... )

ലേബല്‍ : അബോധത്തിലുണ്ടാവുന്ന ജ്ഞാനധാര

Thursday, February 21, 2013

നേര്‍ച്ചക്കോഴികള്‍

ഇറച്ചിയ്ക്കായി വളര്‍ത്തുന്ന കോഴികള്‍
വെളുപ്പിനെഴുന്നേറ്റ്‌ കൂവാറില്ലാ....

പൂവന്‍, പിടയ്ക്കു മേലേ കയറി
സവാരി ഗിരി ഗിരി നടത്താറുമില്ലാ.... :-(

മാതൃഭാഷാദിനാശംസകള്‍

മാതൃഭാഷാ സ്നേഹികളായ എന്റെ കൂട്ടുകാരേ...

നിങ്ങളുടെ ഭാഷാ സ്നേഹം മുഴുവന്‍
ഇംഗ്ലീഷിന്റെ നെഞ്ചത്ത് കയറിയിട്ടാവരുത്
എന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ട്
എല്ലാവര്‍ക്കും
മാതൃഭാഷാദിനാശംസകള്‍ നേരുന്നു...

Monday, February 18, 2013

കഥാവശേഷന്‍

"For the shame of being alive" - കഥാവശേഷന്‍

ജീവിച്ചിരിക്കാനുള്ള നാണക്കേട് കൊണ്ടാണ് ഗോപിനാഥ മേനോന്‍ ഇത്തരമൊരു കുറിപ്പ് എഴുതി വെച്ച് ആത്മഹത്യ ചെയ്യുന്നത്... അത്രമേല്‍ തല ചെടിപ്പിക്കുന്ന കാഴ്ചകളാണ് ഓരോ ദിവസം നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്....

ടി.വി. ചന്ദ്രന്റെ "കഥാവശേഷന്‍ " എന്ന സിനിമ അതിന്റെ മികച്ച അവതരണരീതി കൊണ്ടും സാമൂഹികപ്രസക്തി കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു. കഥാവശേഷനായ നായകന്റെ പൂര്‍വ്വകാല കഥകള്‍ അന്വേഷിച്ചു പോകുന്ന അയാളുടെ പ്രതിശ്രുതവധുവിലൂടെയാണ് കഥ നീങ്ങുന്നത്.... അയാളുടെ സുഹൃത്തുകളില്‍ നിന്നും പരിചയക്കാരില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ ചേര്‍ത്തു വെച്ച് നമുക്ക് ഗോപിനാഥമേനോന്റെ ജീവിതത്തിന്റെ രേഖാചിത്രം വരച്ചു തീര്‍ക്കാനാവും.... അയാളുടെ ആത്മഹത്യയ്ക്ക് കാരണം തിരയുകയാണ് രേണുകയോടൊപ്പം പ്രേക്ഷകരും...

കലാപങ്ങളിലും മറ്റു അക്രമങ്ങളിലും പെട്ട് മാനവും ജീവനും ജീവിതവും നഷ്ടപ്പെടുന്ന സ്ത്രീകള്‍ / മനുഷ്യരുടെ ദൈന്യതയിലേക്കാണ് സിനിമ ഒടുവില്‍ ചെന്നെത്തുന്നത്.... ആ ദുരന്തങ്ങളുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത വണ്ണം അയാള്‍ ഈ ലോകത്തില്‍ ജീവിച്ചിരിക്കാന്‍ അര്‍ഹനല്ലെന്ന് കണ്ടു ജീവിതം അവസാനിപ്പിക്കുകയാണ് ഒടുവില്‍ ...

ഇതിലെ ബംഗാളി പെണ്‍കുട്ടി പാടുന്ന ഹിന്ദി പാട്ടാണ് കഴിഞ്ഞ രാവ് മുതല്‍ എന്നെ വിടാതെ പിന്തുടരുന്നത്....
അവള്‍ പാടുന്നു... മുറിവേറ്റവരുടെ ഈണത്തില്‍ ....

"ഇവിടെ മരണത്തിന്റെ നിഴലുകള്‍ മാത്രം
ഈ ലോകത്തിലെങ്ങും അന്ധകാരം മാത്രം
ഈ ലോകം എന്റെ ലോകമല്ല
ഈ ലോകം എന്റെ ലോകമല്ല...."


Tuesday, February 12, 2013

പര്‍ദേസി പര്‍ദേസി....

ട്രെയിനിലെ അന്ധഗായകര്‍ പാടുന്ന പാട്ടില്‍
"പര്‍ദേസി പര്‍ദേസി.... "
എന്ന പാട്ടുണ്ട് വിട്ടുപോവാതെ ഓര്‍മ്മയില്‍ ....

പരന്ന കല്ലിന്‍കഷ്ണങ്ങള്‍ വിരലുകള്‍ക്കിടയില്‍ തിരുകി-
യവ തമ്മില്‍ കൊട്ടിയുണ്ടാക്കുന്ന ശബ്ദം
ചെവി തുളയ്ക്കുന്നതും
ഹൃദയമിടിപ്പു കൂട്ടുന്നതുമാണ്....

അന്യരുടെ സെന്റിമെന്റ്സ് മുതലെടുത്തു ജീവിക്കുന്ന
വലിയ റാക്കറ്റിന്റെ ചൂണ്ടകൊളുത്തില്‍ കോര്‍ത്ത
വെറും മണ്ണിരകള്‍ മാത്രമാകുന്ന ജന്മങ്ങള്‍ .... :-(

എന്തൊക്കെയായാലും കൂട്ടരേ...
നിങ്ങള്‍ ഭിക്ഷാടനത്തെ ഒരിക്കലും
പ്രോത്സാഹിപ്പിക്കരുത് ...

നിങ്ങള്‍ പിച്ചപാത്രത്തില്‍ എറിഞ്ഞു കൊടുക്കുന്ന
നാണയത്തുട്ടുകള്‍ അല്ല അവര്‍ക്കാവശ്യം....
ആ ദുരിതജീവിതത്തില്‍ നിന്നൊരു മോചനമാണ് .......

Thursday, January 24, 2013

വര്‍ത്തമാനം

ഭൂതത്തേയും ഭാവിയേയും
രണ്ടായ്‌ മുറിച്ചു പോകുന്ന
ഒരു നീളന്‍ രേഖ...

വര്‍ത്തമാനം...

Monday, January 21, 2013

Nostalgia

നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന
നാടിന്റെ നന്മകള്‍ എല്ലാം
എനിക്ക് മധുരതരമായ
നൊസ്റ്റാള്‍ജിയയാണ്..... :(

Monday, January 14, 2013

അഹം ബോധം

ഞാനെന്നെ -
യറിഞ്ഞില്ലെങ്കില്‍
പിന്നെ -
യീ
ലോകത്തെയറിഞ്ഞിട്ടെന്ത്....

Tuesday, December 04, 2012

ദേവബലി

കായീന്റെ ദേവബലി
സ്വീകരിക്കപ്പെടാതിരുന്നത്
ദൈവത്തിന്റെ ഏതു
കച്ചവടസൂത്രത്താലായിരുന്നു അച്ചോ...??

Wednesday, November 07, 2012

ഒരു ഷെഫിന്റെ ഔദ്യോഗിക ജീവിതം

ഒരു ഷെഫിന്റെ ഔദ്യോഗിക ജീവിതത്തെ കുറിച്ച്
ആധുനിക മനുസ്മൃതിയില്‍ പറയുന്നതിങ്ങനെ....

രാജാവിന്റെ ഭക്ഷണം....

മന്ത്രിയുടെ അധികാരം....

നായിന്റെ ഉറക്കം...... :-(

Saturday, November 03, 2012

സ്മൈലി / Smiley

വാക്കുകള്‍ അപ്രസക്തമാവുന്ന
ചില പ്രസക്തമായ അവസരങ്ങളില്‍
സ്മൈലിയോളം അര്‍ത്ഥവത്തായ പ്രതികരണം
മറ്റൊന്നില്ലാ....

വാക്കിന്റെ പ്രയോഗം ഒരുവന്‍ അറിഞ്ഞിരിക്കേണ്ടത് പോലെ
സ്മൈലിയുടെയും സന്ദര്‍ഭോചിതമായ ഉപയോഗം
പഠിക്കേണ്ടതുണ്ട് നമ്മള്‍ ..... :)

Tuesday, October 16, 2012

ഗ്രാന്‍ഡ്‌ സര്‍ക്കസ്‌

ഒരു ട്രപ്പീസുകളിക്കാരന്റെ മെയ്‌വഴക്കത്തോടെ
കൈവിട്ട കളികള്‍ അതിന്റെ എല്ലാ അതിസാഹസികതയോടും കൂടി
ചെയ്തു കൊണ്ടാണ് നമ്മള്‍ ജീവിക്കുന്നതെന്ന്
സ്വയം ഊറ്റം കൊള്ളുകയും,
ഒടുവില്‍ ജീവിതത്തിന്റെ ഗ്രാന്‍ഡ്‌ സര്‍ക്കസില്‍
വെറുമൊരു കോമാളിയുടെ വേഷമായിരുന്നു നമുക്കെന്നു
നമ്മെയറിയിക്കുന്ന വിധിയുടെ പ്രാകൃതമായ വികൃതിയെ കുറിച്ചാണ്
ഞാന്‍ പലപ്പോഴും ചിന്തിച്ചു പോകുന്നത്...

Monday, October 01, 2012

ഈഗോ

'ഈഗോ' മൂത്ത മനുജന്‍
ആക്രമിക്കപ്പെട്ട മൃഗത്തെ പോലാണ്.....

Friday, August 31, 2012

നൊസ്റ്റാള്‍ജിയ ഒരു രോഗമാണോ ഡോക്ടര്‍ര്‍ര്‍ര്‍ര്‍ര്‍ര്............



മടി മൂത്ത് സ്കൂളില്‍ പോകാതിരിക്കുന്ന ദിവസങ്ങളില്‍ ,
കളിക്കൂട്ടുകാരെ കിട്ടാഞ്ഞ് അമ്പേ തനിച്ചാവുന്ന വിഷമസന്ധിയില്‍ ,
കയറഴിഞ്ഞു പോയ പശുവിനെ പോലെ,
കുഞ്ഞായിരുന്ന ഞാന്‍ പറമ്പിലേക്ക്‌ ഇറങ്ങും.

കിളച്ചു മറിച്ചിട്ട മണ്ണില്‍ പുതുമഴയില്‍ തളിര്‍ത്ത
ു പൊങ്ങുന്ന കുഞ്ഞു ചെടികളെ സാകൂതം നോക്കി നോക്കിയങ്ങ് നടക്കും.. ആ കൂട്ടത്തില്‍ എരിവുള്ള ഈ മഞ്ഞപൂവിനോട് വല്ലാത്തൊരിഷ്ടമാ...

ഇതില്‍ കുറച്ചെണ്ണം പറിച്ചെടുത്ത് അടുത്തു നില്‍ക്കുന്ന ചേമ്പിലയില്‍ തങ്ങി നില്‍ക്കുന്ന മഴക്കുളിരില്‍ മുക്കി മണ്ണു കളഞ്ഞ് മെല്ലെ വായിലിട്ട് ചവയ്ക്കും....

ഹാ..........

ഓര്‍മ്മകള്‍ക്ക് മേലൊരു ഊച്ചല്‍ ....

LABEL : നൊസ്റ്റാള്‍ജിയ ഒരു രോഗമാണോ ഡോക്ടര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ ............

Wednesday, August 29, 2012

ഓണമില്ലായ്മ

ഹോട്ടല്‍ ഇന്‍ഡട്രിയില്‍ വന്നിട്ട് ഇപ്പൊ ആറ്‌ വര്‍ഷം കഴിഞ്ഞിരിക്കുന്നു... 

ഫസ്റ്റ് ട്രെയിനിംഗ് സമയത്ത് തന്നെ,
കൂടെ ജോലി ചെയ്യുന്നവര്‍ പറഞ്ഞു തന്ന ഒരു വാചകം എന്നും മനസ്സിലുണ്ട്... 

"കാട്ടുകോഴിയ്ക്ക് എന്ത് കര്‍ക്കിടക സംക്രാന്തി"യെന്നു.... 

ലോകം മുഴുവന്‍ ആര്‍ത്തുല്ലസിക്കുമ്പോള്‍ ഞങ്ങള്‍ പണിയിലാവും... 
അവര്‍ക്കായ്‌ ഞങ്ങള്‍ നെയ്‌ചോറും കോഴീം, 
അപ്പവും വീഞ്ഞും വിളമ്പും...
പാലടയും പ്രഥമനും സദ്യവട്ടങ്ങളുമൊരുക്കും....

സ്വന്തം കര്‍മ്മത്തില്‍ വിശ്വസിക്കുന്നതിനാലാവണം, ആഘോഷങ്ങള്‍ക്ക് അവധി കൊടുത്ത്
സന്തോഷത്തോടെ അത് ചെയ്യുന്നു.

ആര്‍പ്പുവിളികളും ആഘോഷവുമില്ലാതെ
എല്ലോര്‍ക്കും ആശംസകള്‍ മാത്രം നേര്‍ന്നു കൊണ്ട്...

സ്നേഹപൂര്‍വ്വം
സന്ദീപ്‌

Tuesday, August 28, 2012

സോമന്റെ ഉത്തമഗീതങ്ങള്‍ 16 - 12



പ്രിയേ വരിക...

നമുക്ക് ഗ്രാമങ്ങളില്‍ ചെന്നു രാപ്പാര്‍ക്കാം...

അതികാലങ്ങളില്‍ എണീറ്റ്‌ വയലേലകളിലേക്ക് നമുക്ക് പോകാം.

അവിടെ ചക്കിപ്പൂ വിരിഞ്ഞോയെന്നും

ആമ്പലില്‍ മൊട്ടുകളിട്ടോയെന്നും നോക്കാം...

പൂവട്ടികളില്‍ ആവുന്നത്ര പൂ നിറയ്ക്കാം...

നമ്മുടെ വീടിന്റെ കൊച്ചു മുറ്റത്ത് പൂക്കളമൊരുക്കാം....

അവിടെ വെച്ച് ഞാന്‍ നിനക്കെന്റെ ഓണാശംസകള്‍ നേരും....




(സോമന്റെ ഉത്തമഗീതങ്ങള്‍ 16 - 12 )

Monday, August 27, 2012

സോമന്റെ ഉത്തമഗീതങ്ങള്‍ 16 - 12

പ്രിയേ വരിക...
നമുക്ക് ഗ്രാമങ്ങളില്‍ ചെന്നു രാപ്പാര്‍ക്കാം...
അതികാലങ്ങളില്‍ എണീറ്റ്‌ വയലേലകളിലേക്ക് നമുക്ക് പോകാം.
അവിടെ ചക്കിപ്പൂ വിരിഞ്ഞോയെന്നും
ആമ്പലില്‍ മൊട്ടുകളിട്ടോയെന്നും നോക്കാം...
പൂവട്ടികളില്‍ ആവുന്നത്ര പൂ നിറയ്ക്കാം...
നമ്മുടെ വീടിന്റെ കൊച്ചു മുറ്റത്ത് പൂക്കളമൊരുക്കാം....
അവിടെ വെച്ച് ഞാന്‍ നിനക്കെന്റെ ഓണാശംസകള്‍ നേരും....

(സോമന്റെ ഉത്തമഗീതങ്ങള്‍ 16 - 12 )

Saturday, August 25, 2012

ഫേസ്ബുക്കേ.. സ്തോത്രം...

ചില ശീലങ്ങള്‍ ഇങ്ങനെയാണ്... 
എപ്പോ വേണേലും നിര്‍ത്തി കളയാം എന്ന ധാരണയിലാവും നമ്മള്‍ തുടങ്ങുക.. 
അതിന്റെ രസം പിടിച്ചു കഴിഞ്ഞാല്‍ പിന്നെ നിര്‍ത്താനും ഒക്കത്തില്ല.. 
അപ്പൊ അതിനെ ദുഃശീലങ്ങളുടെ പട്ടികയില്‍ പെടുത്തെണ്ടി വരും... 

കഴിഞ്ഞ ഒരു മാസമായി ഫേസ്ബുക്കില്‍ നിന്നും ഭാഗികമായി ഒഴിഞ്ഞു നിന്നപ്പോള്‍ , 
മുഴു കുടിയനെ പിടിച്ചു പോട്ട ധ്യാനകേന്ദ്രത്തില്‍ ചേര്‍ത്ത പോലായി... 
രാവിലെ മുതല്‍ തുടങ്ങും കൈവിറ... 
ഇടയ്ക്കിടയ്ക്ക് മൊബൈല്‍ എടുത്തു നോക്കും.. ആരേലും മെസ്സേജ് അയയ്ച്ചിട്ടുണ്ടോന്ന്..

FBയില്‍ വേറൊന്നും ചെയ്യാന്‍ എന്റെ പാവം 2G മൊബൈലിനു ത്രാണിയുമില്ലാ....

അങ്ങനെ ഇരിക്കപ്പൊറുതി ഇല്ലാണ്ടായാപ്പോ ഞങ്ങളുടെ മാനേജറോട് പറഞ്ഞു സാലറി അഡ്വാന്‍സ്‌ വാങ്ങി ഇവിടത്തെ ബ്രോഡ്ബാന്‍ഡ് കണക്ഷനും റെഡിയാക്കി വീണ്ടുമൊരു അങ്കത്തിനിറങ്ങുവാ... 
(ഇനിയൊരു മാമാങ്കത്തിനു ബാല്യമുണ്ടോ യെന്തോ.. ആ...)

നെറ്റ് ഓഫറിനെ കുറിച്ച് വിവരങ്ങള്‍ പറഞ്ഞു തന്ന റജിന ചേച്ചിയ്ക്ക് (Regina MK) എന്റെ പെരുത്ത് സ്നേഹം... 
എന്നെ ഫേസ്ബുക്കില്‍ കാണാതിരുന്നപ്പോ മെസ്സേജ് വഴിയും ഫോണിലും നേരിട്ടു വന്നും വിശേഷങ്ങള്‍ അന്വേഷിച്ച എന്റെ പ്രിയപ്പെട്ടവര്‍ക്കൊക്കെ എന്റെ ഹൃദയം നിറഞ്ഞ സ്നേഹം.... 

അപ്പൊ പറഞ്ഞു വന്നത്.. ഇനിയപ്പോ ഡ്യൂട്ടി ഇല്ലാത്ത നേരങ്ങളില്‍ ഇവിടൊക്കെ കാണുംന്ന്... ജാഗ്രതൈ.... :)

LABEL : ഫേസ്ബുക്കേ.. സ്തോത്രം... ഹല്ലേലൂയ.... Praise the FB....

Thursday, July 19, 2012

യാത്രാമൊഴി

മസ്ക്കറ്റിന്റെ മണല്‍ക്കാട്ടില്‍ ഒരു മരുപ്പച്ചയാവാന്‍,
എന്‍റെ ഉത്തരാധുനിക ഇന്തോ-അറബ് പാചകരീതികള്‍
പാവം അറബികളില്‍ പരീക്ഷിക്കാന്‍ ... (ഹെന്റെ റബ്ബേ....)
ഞാന്‍ (വൈകുന്നേരം 7 മണിക്കുള്ള പുഷ്പക് വിമാനത്തില്‍ ) പറക്കുന്നു....

ഈ അക്ഷരലോകത്തു നിന്നും അടരുവാന്‍ വയ്യാതെ.....

നിങ്ങളുടെ സ്വന്തം

Sandeep Ayyaril Krishnan

Wednesday, July 04, 2012

സത്യാസത്യങ്ങള്‍

നിങ്ങള്‍ എവിടെ അസത്യത്തെ കണ്ടെത്തുമ്പോഴും
നിങ്ങളിലെ സത്യത്തെ തിരിച്ചറിയുകയാണ്.