Tuesday, July 23, 2013

ദില്‍ ചാഹ്താ ഹേ....
ദില്‍ ചാഹ്താ ഹേ....
ആദ്യമായി ഈ സിനിമ കണ്ടതെന്നാണെന്നു എന്റെ ഓര്‍മ്മ പോലും പിടി തരുന്നില്ല.
പക്ഷെ ഇത് കാണുന്നതിനും എത്രയോ മുന്‍പേ അവര്‍ എനിക്കൊപ്പമുണ്ട്. എന്റെ ഏറ്റവും പ്രിയ ചങ്ങായിമാര്‍ .... സൗഹൃദങ്ങളെ കുറിച്ചോ ബന്ധങ്ങളെ കുറിച്ചോ ചിന്തകളില്ലാതെ ഏകാകിയായി, എങ്ങും തങ്ങാതെ പാറിപറന്നിരുന്നൊരു കൌമാരകാലത്തിലെന്നോ ഞാന്‍ പോലുമറിയാതെ അവരോടു കൂട്ടുകൂടുകയായിരുന്നു. അവരുടെ ചങ്ങാത്തം കിട്ടാനുള്ളത്ര യോഗ്യതയൊന്നും എനിക്കില്ല, അന്നും ഇന്നും.. എന്നിട്ടും അവര്‍ എല്ലായ്പ്പോഴുമെന്നെ ഹൃദയത്തോട് ചേര്‍ക്കുന്നു. എന്നെ സഹിക്കുന്നു... ഈ ലോകത്തില്‍ ഞാന്‍ ഒറ്റപ്പെട്ടു പോവാതിരിക്കാന്‍ അവരുടെ കരുതലുകളാവാം, കാരുണ്യവുമാവാം. എങ്കിലുമെപ്പോഴും ഭ്രമണപഥത്തില്‍ നിന്നും കുതറി തെറിക്കുന്നൊരു താന്തോന്നിയായ, ഒറ്റയാന്‍താരകമാകുന്നു ഞാന്‍ ..

ഇഷ്ടപ്പെട്ടവയെല്ലാം പുറന്തള്ളികൊണ്ടൊരു ഏകാന്തവാസമാണ് എനിക്കീ പ്രവാസകാലം. ആ ഇഷ്ടങ്ങളില്‍ എന്റെ പ്രിയപ്പെട്ടവരെ... നിങ്ങളും...  എത്ര ദൂരെയായിരുന്നാലും, എന്നുമോര്‍ത്തില്ലെങ്കിലും, ജീവിക്കാനുള്ള പരക്കംപാച്ചിലിന്റെ പകലറുതിയില്‍ അന്നേ ദിവസത്തെയെല്ലാ ആലസ്യവുമേറ്റുവാങ്ങുന്ന വിജനരാവില്‍ ഉണര്‍വിനുമുറക്കത്തിനുമിടയിലുള്ള. തീര്‍ത്തുമെന്നിലേക്ക് മടങ്ങുന്ന ഏതാനും നിമിഷങ്ങളില്‍ മനസ്സിന്റെ ഏതോയിടങ്ങളില്‍ ഒരു ശൂന്യത അനുഭവപ്പെടുന്നുവെങ്കില്‍ അത് തീര്‍ച്ചയായും നിങ്ങളെ ചൊല്ലിയായിരിക്കും. ഒരു ദീര്‍ഘനിശ്വാസത്തിന്റെ ആയുസ്സില്‍ എല്ലാ ചിന്തകളെയും മായ്ച്ചു കളഞ്ഞു മറ്റൊരു ദിവസത്തേയ്ക്ക് ഉണര്‍ന്നെഴുന്നേല്പാന്‍ അലാറം സെറ്റ്‌ ചെയ്തു ആ കുഞ്ഞുമരണത്തിലേക്ക് വീണ്ടും വീണുമയങ്ങുന്നു. യന്ത്രത്തിന്റെ ക്ലിപ്തയോടെ ജീവിതം ടിക് - ടിക് എന്ന താളത്തില്‍ വട്ടം തിരിയുന്നു.

നമ്മുടെ ജീവിതത്തില്‍ സംഭവിക്കാന്‍ സാധ്യതയില്ലാത്ത, സ്വപ്നതുല്യമായ പല രംഗങ്ങളും കണ്‍മുന്നില്‍ കാണിച്ചു തരുന്നതു കൊണ്ടാവാം സിനിമയെന്നെയെക്കാലവും വശ്യം ചെയ്യുന്നത്. ദില്‍ ചാഹ്താ ഹേയിലെ അവരുടെ ഗോവന്‍യാത്ര ഒരു സ്വപ്നമായി എല്ലാ ചെറുപ്പക്കാരുടെയും പോലെ ഞങ്ങളിലും നിറഞ്ഞിരുന്നു. കൂട്ടുകാരൊന്നിച്ചു കാലദേശബോധമില്ലാതെ  ഒരുപാടിടങ്ങളില്‍ അലഞ്ഞുതിരിഞ്ഞിട്ടുള്ളപ്പൊഴും ഒരിക്കല്‍ പോലും ഞങ്ങള്‍ ഗോവന്‍തീരത്ത്‌ ചെന്നടിഞ്ഞിട്ടില്ല. എല്ലാവരുടെയും ഒഴിവുകള്‍ ഒന്നിച്ചു ചേരാത്തതു കൊണ്ട് ആ സ്വപ്നം ഇന്നും സ്ക്രീനില്‍ മാത്രം മിന്നി മായുന്നു.

സൗഹൃദം പോലെ പ്രണയവും ഈ സിനിമയെ എന്നിലേക്കടുപ്പിക്കുന്നു. സ്വന്തം പ്രണയിനിയെ കെട്ടാന്‍ തയ്യാറായി നില്‍ക്കുന്ന പയ്യന്റെ മൂക്കിനിടിച്ചു താഴെയിട്ട് വിവാഹതലേന്ന് അവളെ സ്വന്തമാക്കുന്ന നായകന്‍ എന്നത്തെയും പോലെ ഇന്നലെ കണ്ടപ്പോഴും എന്നെ ത്രസിപ്പിച്ചിരുന്നു. പക്ഷെ... സിനിമയ്ക്കുമപ്പുറം എഴുതി തയ്യാറാക്കിയ ശുഭപര്യവസായിയായ തിരകഥകളില്ലാതെ ആടികൊണ്ടിരിക്കുന്ന നിസ്സഹായരായ നമുക്ക് ചില ജീവിതയാഥാര്‍ത്ഥ്യങ്ങളെ അംഗീകരിച്ചേ പറ്റൂ... സിനിമാറ്റിക് രീതിയില്‍ ആകെ ചെയ്യാന്‍ കഴിയുക ചീറി പായുന്ന വാഹനങ്ങളെ നോക്കി, തിരക്കൊഴിഞ്ഞ ഓവര്‍ബ്രിഡ്ജില്‍ നിന്നോ കോണ്ക്രീറ്റ് അടുക്കുകള്‍ നമ്മെ കൊണ്ട് ചെന്നെത്തിക്കുന്ന കണ്ണെത്താത്ത ഉയരങ്ങളില്‍ നിന്നും ഒരു കണ്ണാടിചില്ലിനപ്പുറം, താഴെ തിരക്കില്‍ വീര്‍പ്പു മുട്ടുന്ന നഗരത്തെ നോക്കി തന്‍ഹായി.... എന്ന് ഗദ്ഗദത്തൊണ്ടയില്‍ നീട്ടി പാടാം... പക്ഷെ, ആവര്‍ത്തിച്ചുള്ള പ്രണയതകര്‍ച്ചകള്‍ അത്തരം മടുപ്പിക്കുന്ന വിരഹകാമുകചപലതകളില്‍ നിന്നും എന്നെ വിലക്കുന്നു. ഒരു വിരല്‍ സ്പര്‍ശത്തില്‍ മാഞ്ഞു പോകുന്ന LED പ്രതലം പോലെ മനസ്സും മാഞ്ഞു പോയിരുന്നെങ്കില്‍ ....

പ്രണയങ്ങളുടെ ആവര്‍ത്തനങ്ങള്‍ പോലെ ദില്‍ ചാഹ്താ ഹേ ഇനിയും കണ്ടു കൊണ്ടിരിക്കും. അറ്റമില്ലാത്ത സ്വപ്നങ്ങളും തേടി ഏതോ ഗോവന്‍ തീരത്തണയാന്‍ ഇനിയും കാത്തിരിപ്പ്‌ തുടര്‍ന്നു കൊണ്ടേയിരിക്കും.....
പ്രണയിയോം ക സിന്ദകി ജോ കഭി നഹി കദം ഹോ ജാത്തി ഹേ....... 

Wednesday, May 22, 2013

ഗാര്‍ഡ്‌ ഓഫ് ഓണര്‍


നീണ്ട പ്രണയത്തിനൊടുവില്‍
വേര്‍പ്പെട്ടു പോയ രണ്ടു പേര്‍
പച്ചപായല്‍ പോലെ വഴുവഴുക്കുന്ന
ഓര്‍മ്മകള്‍ നിറഞ്ഞ ചെമ്മണ്ണി-
ടവഴിയില്‍ വെച്ച് വീണ്ടും കണ്ടു മുട്ടുന്നു.

കൊഴിഞ്ഞു പോയ പ്രണയദിനങ്ങളെയവര്‍
മധുരതരമായി പെറുക്കി കൂട്ടുന്നു.

വേര്‍പ്പെട്ടു പോകാനുണ്ടായിരുന്ന സ്വ-
കാര്യങ്ങളെ കുഴി തോണ്ടിയെടുത്ത്,
പോസ്റ്റ്‌മോര്‍ട്ടം നടത്തിയവര്‍
വൃണപ്പെട്ട ഹൃദയത്തെ
പരസ്പരം ചൊറിഞ്ഞു നീറ്റുന്നു.

ഇനിയൊരിക്കലും പരുവപ്പെടാത്ത വിധം
വികാരങ്ങളുടെ ആഗ്നേയശൈലങ്ങളി -
രുവര്‍ക്കുമിടയില്‍ നിര്‍ജ്ജീവമാകുന്നതറിയുന്നു.

നിസ്സംഗതയുടെ ഹിമാലയന്‍ ശീതതത്വത്തിന്റെ
സാധ്യതകളിലവര്‍ സാഹസികരാവുന്നു.

നഷ്ടപ്പെടലിന്റെ ആഴങ്ങളെ കുറിച്ചവര്‍
ഒന്നിനുമല്ലാതെ വാചാലരാവുന്നു.
മരണപ്പെട്ടൊരു പ്രണയത്തിനവ്വിധമവര്‍
ഗാര്‍ഡ്‌ ഓഫ് ഓണര്‍ കൊടുക്കുന്നു.
അഥവാ....
മൂന്നാവര്‍ത്തി ആകാശത്തേക്കാചാര -
വെടി മുഴക്കുന്നു...

(ഠോ.... ഠോ.... ഠോ....)

Sunday, May 19, 2013

അസമയത്തെക്കുറിച്ചൊരു അധോതല കിന്നാരം
രണ്ടു വ്യത്യസ്ത ടൈംസോണില്‍
ഇരിക്കുന്ന മനസ്സുകള്‍
അതിവേഗത്തില്‍ സഞ്ചരിച്ചു
ആകാശത്തിനും,
ഭൂമിയ്ക്കും,
ഗന്ധര്‍വ്വലോകത്തിനുമപ്പുറം
ശൂന്യമായൊരിടത്തു കണ്ടു മുട്ടുമ്പോള്‍
ഇരുവര്‍ക്കുമിടയിലൊരു
ജെറ്റ്‌ ലാഗ് സംഭവിക്കും...

അവന്‍, അവള്‍ക്ക് മുന്‍പേ
ഉമ്മകള്‍ കൈമാറുകയു -
മതിന്റെ തരംഗദൈര്‍ഘ്യം
അവസാനിക്കുന്നിടത്ത് അവളാ -
ഉമ്മകളുടെ നേര്‍ത്ത പ്രതിധ്വനികളെ
പേര്‍ത്തും പേര്‍ത്തുമുമ്മ വെച്ചു
തിരിച്ചയയ്ച്ചു കൊണ്ടൊരു കാലഭേദിയായ
മതിഭ്രമത്തിലാവും ഇരുവരുമപ്പോള്‍ .

അവനവന്റെ സമയത്തെയൊരു
ദാലി ചിത്രമാക്കുന്നു..
അവനവളുടെ സമയത്തെയുരുക്കിയാ
ദാലി ചിത്രത്തിലൊഴിക്കുന്നു.

സമയവും പ്രകാശവുമൊരു കുപ്പിക്കുലുക്കലിലൊ-
ന്നാക്കിയവര്‍ നിഴല്‍ഘടികാരം വരയ്ക്കുന്നു.
അതിന്റെ സൂചികളെ അവള്‍ പിന്നിലേക്കും
അവന്‍ മുന്നിലേക്കും കറക്കുന്നു.
അവര്‍ , ഒന്നെന്ന സമയരൂപത്തിലൊന്നാവുന്നു.

അപ്പോളവരുടെ പ്രണയമാ -
ത്രിശങ്കുവിന്റെ അസന്നിഗ്ദ്ധതയില്‍
ഹര്‍ഷോന്മാദപുളകിതമാവുന്നു.

(inspired by അതിമഴ.....)

Wednesday, April 24, 2013

പ്രണയത്തിന്റെ ലിപ്യേതരഭാഷ്യങ്ങള്‍
നിന്റെ നെഞ്ചിലൂടെ കടന്നു പോകുന്ന
ഓരോ മിന്നല്‍പിണരിലും
വാക്കിന്റെ ഇരുതലവാള്‍ തിളക്കം കാണാം....

നിന്റെ ആകാശവിതാനത്തില്‍
മിന്നി മായുന്ന വെള്ളിനാഗങ്ങള്‍ക്ക് പിന്നാലെ,
ഹൃദയത്തിന്റെ ഇടിതാളം കേള്‍ക്കാം....

നിന്റെ ഭൂമിയുടെ ശൂന്യസ്ഥലികളില്‍
പെയ്തു നിറയുന്ന വിളറിയ മഴയുടെ
സൂചികുത്തുകളേല്‍ക്കാം....

നിന്റെ കടലാഴങ്ങളില്‍
വീണു ചിതറുന്ന മിഴിനീര്‍പൂക്കളില്‍
സ്നേഹത്തിന്റെ ഉപ്പു രുചിക്കാം.....

ആവിപാറുന്ന നമ്മുടെ നിശ്വാസങ്ങള്‍ക്കിടയിലും
ആത്മാവു വെന്തുനീറ്റിയ
ഉന്മത്തഗന്ധം തിരയാം....

അവയിലെല്ലാം പ്രാചീനമാമൊരു
ലിപ്യേതരഭാഷ്യത്തിന്റെ ശബ്ദചിന്ഹങ്ങള്‍
നിനക്ക് കൂട്ടി വായിക്കാം....

Sunday, April 07, 2013

രാഗസാന്ദ്രമായൊരു ബ്ലും !!!മുങ്ങിത്താഴാൻ പോകുന്നൊരുവന്റെ
ഒടുവിലത്തെ കുതിപ്പാണ് പെണ്ണെ,
നിന്നോടുള്ള എന്റെ വാക്കുകൾ ...

നോക്കി പരിഹസിക്കരുത്‌;
സഹതപിക്കയുമരുത് ...

കഴിയുമെങ്കിൽ;
കഴിയുമെങ്കിൽ മാത്രം
കൈയൊട്ടു വിറയാതെ,
നിന്നേക്കാളുമെന്നേക്കാളും 
നമ്മുടെ സ്വപ്നങ്ങളേക്കാളും
നമുക്കു പിറന്ന / പിറക്കാതെ പോയ
കോടാനുകോടി അക്ഷരക്കുഞ്ഞുങ്ങളേക്കാളും
നിരാശമുറ്റിയ ദീർഘമൗനങ്ങളേക്കാളും,
ഘനമേറിയ നിസ്സംഗതയുടെ
വല്യോരുരുളൻ കല്ലെടുത്തെന്റെ 
നെറുകിലേക്കിട്ടെന്നെ വിസ്മൃതിയുടെ
അന്തംകെട്ട ആഴങ്ങളിലേക്ക്‌ മുക്കിക്കളയുക. 
ബ്ലും !!!
----------------

ഇളംപച്ചഞെരമ്പുകള്‍ പിണഞ്ഞു കിടക്കുന്ന
സുതാര്യവും പേലവവുമായ നിന്റെ കൈകൾക്കു പകരം 
കിനാവള്ളികൾ വന്നു മുറുക്കട്ടെയെന്റെ മേൽ .

നിന്റെ ചെഞ്ചോരചുണ്ടുകള്‍
കൊതിച്ചയെന്റെയധരങ്ങളില്‍
കടലൊച്ചുകൾ കൂട്ടമായ്‌ വന്നു
വഴുവഴുത്തുമ്മകൾ വെയ്ക്കട്ടെ..

ഒരോ അണുവിലും നിന്നെ പ്രതീക്ഷിച്ചു -
ച്ചത്തിൽ വിയർത്ത മാംസം
നത്തോലികൂട്ടങ്ങൾക്കു തിരുവത്താഴമാകട്ടെ..

ശേഷിക്കുന്നൊരസ്ഥിപഞ്ചരം
കൂട്ടം പിരിഞ്ഞു പോയൊരു
പിരാനക്കുഞ്ഞിനു ഒറ്റവായ്‌ തീറ്റയാവട്ടെ.

അപ്പോഴും,
അവറ്റകളൊക്കെയുമാദ്യം തിരഞ്ഞ-
യെന്റെ ഹൃദയം മാത്രം ഭദ്രമായ്‌
നിന്റെ പക്കലുണ്ടല്ലോ..
അത്രമാത്രം മതിയീ ജീവന്‌,
നിത്യമുക്തിയേകുവാന്‍ ...

Sunday, March 17, 2013

കൃഷ്ണലീല

ഗോപികമാരുടെ ശല്യം സഹിക്കാതെയാണ് കണ്ണന്‍ മഥുരാപുരിയിലേക്ക് നാട് വിടുന്നത്.... 
ഗോപികമാരെക്കാള്‍ ഭേദം 
കംസന്‍ തന്നെയെന്ന് കരുതീട്ട്.... 

(കംസനൊരു മോളുണ്ടായിരുന്നു എന്നും, 
മുറപ്പെണ്ണിനെ കെട്ടാനും 
അമ്മാവന്റെ സ്വത്ത്‌ സ്വന്തമാക്കാനുമുള്ള 
ഗൂഡലക്ഷ്യങ്ങള്‍ 
മനസ്സില്‍ കണ്ടു കൊണ്ട് പോയതാന്നു 
അസൂയക്കാര്‍ അക്കാലത്ത്‌ അമ്പാടിയില്‍ 
പറഞ്ഞു പരത്തിയിരുന്നു...

മോളെ കെട്ടിച്ചു തരില്ലെന്ന് പറഞ്ഞ അമ്മാവനെ
നെഞ്ചാങ്കൂട് ഇടിച്ചു പൊളിച്ചു പഞ്ഞിക്കിട്ടെങ്കിലും
മുറപ്പെണ്ണ് അപ്പോഴേക്കും തന്റെ പൂര്‍വ്വകാമുകനോടൊപ്പം
ഹസ്തനപുരിയിലേക്ക് ഒളിച്ചോടിയിരുന്നു...

വേദവ്യാസന്‍ കുലമഹിമ സംരക്ഷിക്കാന്‍
പലതും പറയാതെ മറച്ചു.... ഹും... )

ലേബല്‍ : അബോധത്തിലുണ്ടാവുന്ന ജ്ഞാനധാര

ഓം ഡിങ്കായ യമഹ...പങ്കിലക്കാട്ടില്‍ നടത്തിയ ഉത്ഖനനത്തില്‍ നിന്നും
വക്ക് പൊട്ടിയ ഡിങ്കപംഞ്ചാഗം ലഭിച്ചെന്നും,
അതില്‍ പറയുന്നത് വരുന്ന സെപ്റ്റംബറില്‍ ഭൂമിയില്‍ പ്രളയമുണ്ടാകുമെന്നും
ഡിങ്കന്റെ അനുയായികള്‍ക്കായി ഡിങ്കഭഗവാന്‍
പ്രത്യേകം പേടകം അയച്ചു കൊടുക്കുകയും
അവരെ രക്ഷിക്കുകയും
അവര്‍ക്ക് സുന്ദരമായൊരു ലോകം
പുതുതായി നിര്‍മ്മിച്ച്‌ കൊടുക്കുമെന്നും അറിയുന്നു.....

ഓം ഡിങ്കായ യമഹ :D

(ചിത്രത്തിനു കടപ്പാട് : ഉപബുദ്ധന്‍ )

Tuesday, March 05, 2013

അഹങ്കാരം

അഹങ്കരിക്കാൻ മാത്രമൊന്നുമില്ലെങ്കിലും
നമ്മുടെ അഹങ്കാരത്തിനു മാത്രം
ഒരു കുറവുമില്ലടീ പെണ്ണേ... :-)

Monday, March 04, 2013

ന്റെ ഓപ്പോള്‍ ....
മനസ്സിലെന്നും ന്റെ ഓപ്പോള്‍ക്ക്
ഈ* രൂപമാണ്....

ആതിരനിലാവിന്റെ നിറമോലും നേര്യേതുടുത്ത്,
അഴിച്ചിട്ട ഈറന്‍മുടിയില്‍ തുളസിക്കതിര്‍ ചൂടി,
നെറുകില്‍ സ്നേഹഗന്ധിയായ രാസ്നാദി തൂവി,
നെറ്റിമേല്‍ സാന്ധ്യസൂര്യന്റെ വട്ടപ്പൊട്ടു തൊട്ടു,
വാലിട്ടു, കണ്‍നിറയെ
രാവിന്റെ മഷിക്കറുപ്പെഴുതി
ന്റെ ഓപ്പോള്‍ ....

കാതില്‍ പുലര്‍ക്കാലനക്ഷത്രം പതിച്ച കമ്മലിട്ട്,
കഴുത്തില്‍ പായല്‍പ്പച്ചയാര്‍ന്ന
പാലയ്ക്കാമാലയണിഞ്ഞു,
കൈകളില്‍ മഞ്ചാടിചോപ്പുള്ള,
കിലുകിലെ കൊഞ്ചുന്ന കുപ്പിവളകളിട്ടു,
കാലില്‍ വെള്ളിക്കൊലുസും
കാല്‍വിരല്‍മോതിരവുമിട്ടു.
ന്റെ ഓപ്പോള്‍ ....

തൊടിയില്‍ **
കളിച്ചു കൊണ്ടിരിക്കുന്ന
അനിയന്‍കുട്ടനെ
അഴിവാതിളിലൂടെ ***
നോക്കിയിരിക്കുന്നു
ന്റെ ഓപ്പോള്‍സ് ....

----------------------------

* E- രൂപം
** ഫേസ്ബുക്കില്‍
***WINDOWS 5ലൂടെ

Thursday, February 28, 2013

എന്റെ കാല്‍പ്പാടുകളെനിക്ക് മായ്ക്കണം....

എരിഞ്ഞു തീരും മുന്‍പ്,
നടന്നു കേറിയ വഴികളിലൂടൊക്കെയും
എനിക്ക് തിരിച്ചു നടക്കണം....

ആരുടെയൊക്കെയോ മനസ്സില്‍ പതിഞ്ഞ
എന്റെ കാല്‍പ്പാടുകളെനിക്ക് മായ്ക്കണം....

ഭൂമിയില്‍ എന്റേതായ ഒരു അടയാളവും
ബാക്കി വെയ്ക്കാതെ
എനിക്ക് തിരിച്ചു പോകണം... :)

ലേബല്‍ : അത്യാഗ്രഹം