Showing posts with label Filmism. Show all posts
Showing posts with label Filmism. Show all posts

Tuesday, July 23, 2013

ദില്‍ ചാഹ്താ ഹേ....




ദില്‍ ചാഹ്താ ഹേ....
ആദ്യമായി ഈ സിനിമ കണ്ടതെന്നാണെന്നു എന്റെ ഓര്‍മ്മ പോലും പിടി തരുന്നില്ല.
പക്ഷെ ഇത് കാണുന്നതിനും എത്രയോ മുന്‍പേ അവര്‍ എനിക്കൊപ്പമുണ്ട്. എന്റെ ഏറ്റവും പ്രിയ ചങ്ങായിമാര്‍ .... സൗഹൃദങ്ങളെ കുറിച്ചോ ബന്ധങ്ങളെ കുറിച്ചോ ചിന്തകളില്ലാതെ ഏകാകിയായി, എങ്ങും തങ്ങാതെ പാറിപറന്നിരുന്നൊരു കൌമാരകാലത്തിലെന്നോ ഞാന്‍ പോലുമറിയാതെ അവരോടു കൂട്ടുകൂടുകയായിരുന്നു. അവരുടെ ചങ്ങാത്തം കിട്ടാനുള്ളത്ര യോഗ്യതയൊന്നും എനിക്കില്ല, അന്നും ഇന്നും.. എന്നിട്ടും അവര്‍ എല്ലായ്പ്പോഴുമെന്നെ ഹൃദയത്തോട് ചേര്‍ക്കുന്നു. എന്നെ സഹിക്കുന്നു... ഈ ലോകത്തില്‍ ഞാന്‍ ഒറ്റപ്പെട്ടു പോവാതിരിക്കാന്‍ അവരുടെ കരുതലുകളാവാം, കാരുണ്യവുമാവാം. എങ്കിലുമെപ്പോഴും ഭ്രമണപഥത്തില്‍ നിന്നും കുതറി തെറിക്കുന്നൊരു താന്തോന്നിയായ, ഒറ്റയാന്‍താരകമാകുന്നു ഞാന്‍ ..

ഇഷ്ടപ്പെട്ടവയെല്ലാം പുറന്തള്ളികൊണ്ടൊരു ഏകാന്തവാസമാണ് എനിക്കീ പ്രവാസകാലം. ആ ഇഷ്ടങ്ങളില്‍ എന്റെ പ്രിയപ്പെട്ടവരെ... നിങ്ങളും...  എത്ര ദൂരെയായിരുന്നാലും, എന്നുമോര്‍ത്തില്ലെങ്കിലും, ജീവിക്കാനുള്ള പരക്കംപാച്ചിലിന്റെ പകലറുതിയില്‍ അന്നേ ദിവസത്തെയെല്ലാ ആലസ്യവുമേറ്റുവാങ്ങുന്ന വിജനരാവില്‍ ഉണര്‍വിനുമുറക്കത്തിനുമിടയിലുള്ള. തീര്‍ത്തുമെന്നിലേക്ക് മടങ്ങുന്ന ഏതാനും നിമിഷങ്ങളില്‍ മനസ്സിന്റെ ഏതോയിടങ്ങളില്‍ ഒരു ശൂന്യത അനുഭവപ്പെടുന്നുവെങ്കില്‍ അത് തീര്‍ച്ചയായും നിങ്ങളെ ചൊല്ലിയായിരിക്കും. ഒരു ദീര്‍ഘനിശ്വാസത്തിന്റെ ആയുസ്സില്‍ എല്ലാ ചിന്തകളെയും മായ്ച്ചു കളഞ്ഞു മറ്റൊരു ദിവസത്തേയ്ക്ക് ഉണര്‍ന്നെഴുന്നേല്പാന്‍ അലാറം സെറ്റ്‌ ചെയ്തു ആ കുഞ്ഞുമരണത്തിലേക്ക് വീണ്ടും വീണുമയങ്ങുന്നു. യന്ത്രത്തിന്റെ ക്ലിപ്തയോടെ ജീവിതം ടിക് - ടിക് എന്ന താളത്തില്‍ വട്ടം തിരിയുന്നു.

നമ്മുടെ ജീവിതത്തില്‍ സംഭവിക്കാന്‍ സാധ്യതയില്ലാത്ത, സ്വപ്നതുല്യമായ പല രംഗങ്ങളും കണ്‍മുന്നില്‍ കാണിച്ചു തരുന്നതു കൊണ്ടാവാം സിനിമയെന്നെയെക്കാലവും വശ്യം ചെയ്യുന്നത്. ദില്‍ ചാഹ്താ ഹേയിലെ അവരുടെ ഗോവന്‍യാത്ര ഒരു സ്വപ്നമായി എല്ലാ ചെറുപ്പക്കാരുടെയും പോലെ ഞങ്ങളിലും നിറഞ്ഞിരുന്നു. കൂട്ടുകാരൊന്നിച്ചു കാലദേശബോധമില്ലാതെ  ഒരുപാടിടങ്ങളില്‍ അലഞ്ഞുതിരിഞ്ഞിട്ടുള്ളപ്പൊഴും ഒരിക്കല്‍ പോലും ഞങ്ങള്‍ ഗോവന്‍തീരത്ത്‌ ചെന്നടിഞ്ഞിട്ടില്ല. എല്ലാവരുടെയും ഒഴിവുകള്‍ ഒന്നിച്ചു ചേരാത്തതു കൊണ്ട് ആ സ്വപ്നം ഇന്നും സ്ക്രീനില്‍ മാത്രം മിന്നി മായുന്നു.

സൗഹൃദം പോലെ പ്രണയവും ഈ സിനിമയെ എന്നിലേക്കടുപ്പിക്കുന്നു. സ്വന്തം പ്രണയിനിയെ കെട്ടാന്‍ തയ്യാറായി നില്‍ക്കുന്ന പയ്യന്റെ മൂക്കിനിടിച്ചു താഴെയിട്ട് വിവാഹതലേന്ന് അവളെ സ്വന്തമാക്കുന്ന നായകന്‍ എന്നത്തെയും പോലെ ഇന്നലെ കണ്ടപ്പോഴും എന്നെ ത്രസിപ്പിച്ചിരുന്നു. പക്ഷെ... സിനിമയ്ക്കുമപ്പുറം എഴുതി തയ്യാറാക്കിയ ശുഭപര്യവസായിയായ തിരകഥകളില്ലാതെ ആടികൊണ്ടിരിക്കുന്ന നിസ്സഹായരായ നമുക്ക് ചില ജീവിതയാഥാര്‍ത്ഥ്യങ്ങളെ അംഗീകരിച്ചേ പറ്റൂ... സിനിമാറ്റിക് രീതിയില്‍ ആകെ ചെയ്യാന്‍ കഴിയുക ചീറി പായുന്ന വാഹനങ്ങളെ നോക്കി, തിരക്കൊഴിഞ്ഞ ഓവര്‍ബ്രിഡ്ജില്‍ നിന്നോ കോണ്ക്രീറ്റ് അടുക്കുകള്‍ നമ്മെ കൊണ്ട് ചെന്നെത്തിക്കുന്ന കണ്ണെത്താത്ത ഉയരങ്ങളില്‍ നിന്നും ഒരു കണ്ണാടിചില്ലിനപ്പുറം, താഴെ തിരക്കില്‍ വീര്‍പ്പു മുട്ടുന്ന നഗരത്തെ നോക്കി തന്‍ഹായി.... എന്ന് ഗദ്ഗദത്തൊണ്ടയില്‍ നീട്ടി പാടാം... പക്ഷെ, ആവര്‍ത്തിച്ചുള്ള പ്രണയതകര്‍ച്ചകള്‍ അത്തരം മടുപ്പിക്കുന്ന വിരഹകാമുകചപലതകളില്‍ നിന്നും എന്നെ വിലക്കുന്നു. ഒരു വിരല്‍ സ്പര്‍ശത്തില്‍ മാഞ്ഞു പോകുന്ന LED പ്രതലം പോലെ മനസ്സും മാഞ്ഞു പോയിരുന്നെങ്കില്‍ ....

പ്രണയങ്ങളുടെ ആവര്‍ത്തനങ്ങള്‍ പോലെ ദില്‍ ചാഹ്താ ഹേ ഇനിയും കണ്ടു കൊണ്ടിരിക്കും. അറ്റമില്ലാത്ത സ്വപ്നങ്ങളും തേടി ഏതോ ഗോവന്‍ തീരത്തണയാന്‍ ഇനിയും കാത്തിരിപ്പ്‌ തുടര്‍ന്നു കൊണ്ടേയിരിക്കും.....
പ്രണയിയോം ക സിന്ദകി ജോ കഭി നഹി കദം ഹോ ജാത്തി ഹേ....... 

Monday, February 18, 2013

കഥാവശേഷന്‍

"For the shame of being alive" - കഥാവശേഷന്‍

ജീവിച്ചിരിക്കാനുള്ള നാണക്കേട് കൊണ്ടാണ് ഗോപിനാഥ മേനോന്‍ ഇത്തരമൊരു കുറിപ്പ് എഴുതി വെച്ച് ആത്മഹത്യ ചെയ്യുന്നത്... അത്രമേല്‍ തല ചെടിപ്പിക്കുന്ന കാഴ്ചകളാണ് ഓരോ ദിവസം നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്....

ടി.വി. ചന്ദ്രന്റെ "കഥാവശേഷന്‍ " എന്ന സിനിമ അതിന്റെ മികച്ച അവതരണരീതി കൊണ്ടും സാമൂഹികപ്രസക്തി കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു. കഥാവശേഷനായ നായകന്റെ പൂര്‍വ്വകാല കഥകള്‍ അന്വേഷിച്ചു പോകുന്ന അയാളുടെ പ്രതിശ്രുതവധുവിലൂടെയാണ് കഥ നീങ്ങുന്നത്.... അയാളുടെ സുഹൃത്തുകളില്‍ നിന്നും പരിചയക്കാരില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ ചേര്‍ത്തു വെച്ച് നമുക്ക് ഗോപിനാഥമേനോന്റെ ജീവിതത്തിന്റെ രേഖാചിത്രം വരച്ചു തീര്‍ക്കാനാവും.... അയാളുടെ ആത്മഹത്യയ്ക്ക് കാരണം തിരയുകയാണ് രേണുകയോടൊപ്പം പ്രേക്ഷകരും...

കലാപങ്ങളിലും മറ്റു അക്രമങ്ങളിലും പെട്ട് മാനവും ജീവനും ജീവിതവും നഷ്ടപ്പെടുന്ന സ്ത്രീകള്‍ / മനുഷ്യരുടെ ദൈന്യതയിലേക്കാണ് സിനിമ ഒടുവില്‍ ചെന്നെത്തുന്നത്.... ആ ദുരന്തങ്ങളുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത വണ്ണം അയാള്‍ ഈ ലോകത്തില്‍ ജീവിച്ചിരിക്കാന്‍ അര്‍ഹനല്ലെന്ന് കണ്ടു ജീവിതം അവസാനിപ്പിക്കുകയാണ് ഒടുവില്‍ ...

ഇതിലെ ബംഗാളി പെണ്‍കുട്ടി പാടുന്ന ഹിന്ദി പാട്ടാണ് കഴിഞ്ഞ രാവ് മുതല്‍ എന്നെ വിടാതെ പിന്തുടരുന്നത്....
അവള്‍ പാടുന്നു... മുറിവേറ്റവരുടെ ഈണത്തില്‍ ....

"ഇവിടെ മരണത്തിന്റെ നിഴലുകള്‍ മാത്രം
ഈ ലോകത്തിലെങ്ങും അന്ധകാരം മാത്രം
ഈ ലോകം എന്റെ ലോകമല്ല
ഈ ലോകം എന്റെ ലോകമല്ല...."


Saturday, June 16, 2012

SPIRIT




ഇന്നലെ സെക്കന്റ്‌ ഷോയ്ക്ക് പോയി  സ്പിരിറ്റ്‌ കണ്ടാര്‍ന്നു. പണ്ട് ദൂരദര്‍ശനിലും മറ്റും കണ്ടിട്ടുള്ള, പൊതുജന നന്മയ്ക്കു വേണ്ടി പടച്ചുണ്ടാക്കുന്ന ഫിലിം ഡിവിഷന്‍ ഡോക്യുമെന്റ്ററി പോലെയാണ് രഞ്ജിത്തിന്റെ 'സ്പിരിറ്റ്‌' എനിക്ക് അനുഭവപ്പെട്ടത്. ലഹരി വിരുദ്ധപ്രചാരണത്തിന് പ്രാധാന്യം കൊടുത്തപ്പോള്‍ രഞ്ജിത്ത് സിനിമയെന്ന കലയെ മറന്നു പോയെന്നു തോന്നുന്നു. അതോ ഭൂതകാലപ്രതാപങ്ങളില്‍ തളച്ചിടപ്പെടുന്നുണ്ടോ എന്റെ പ്രിയപ്പെട്ട സംവിധായകനേയും കാലം.??

രഞ്ജിത്ത് എന്ന ബ്രാന്‍ഡിനെ നടപ്പു മലയാളസിനിമയുടെ നെറുകയിലെത്തിക്കാന്‍ സഹായിച്ച അദ്ദേഹത്തിന്‍റെ മുന്‍ചിത്രങ്ങളായ പ്രാഞ്ചിയേട്ടനിലെ മാതിരി തൃശ്ശൂര്‍ ഭാഷ ഒരു സീനില്‍ പ്രയോഗിച്ചു തീയറ്റര്‍ കയ്യടി നേടുന്നുണ്ട് ലാലേട്ടന്‍ .. ഇന്ത്യന്‍ റുപിയിലേതു പോലെ ഒരു സൗഹൃദസായാഹ്നത്തില്‍ നായകന്‍, കുറഞ്ഞ ഇന്‍സ്ട്രുമെന്റ്സിന്റെ പിന്‍ബലത്തോടെ പാടുന്ന പാട്ടു സീനും കടം കൊള്ളുന്നുണ്ട് ഈ സിനിമയില്‍ . സ്വന്തം സൃഷ്ടികളുടെ പ്രേതബാധയാണ് ഏതൊരു കലാകാരന്റെയും ശാപമെന്ന് ഓര്‍ത്തു പോയി ഈ സീനുകള്‍ കണ്ടപ്പോള്‍ ..

"പുകവലി, മദ്യപാനം ആരോഗ്യത്തിനു ഹാനികരം" എന്ന മുന്‍കൂര്‍ജാമ്യം സ്ക്രീനിന്റെ ഇടതു വശത്തു താഴെയായി മിക്കാവാറും സീനുകളില്‍ തെളിയുന്നുണ്ട്. അതായതു മദ്യപ്പിക്കുന്നതോ പുകവലിയ്ക്കുന്നതോ ആയ രംഗങ്ങളിലൂടെയാണ് സിനിമ കൂടുതലായും കടന്നു പോകുന്നത്... അതൊരു തെറ്റായി കൂട്ടേണ്ടതില്ലാ... കൊതുകുതിരിയുടെ പരസ്യത്തില്‍ കൊതുകല്ലേ പ്രധാനമോഡല്‍ എന്ന് ഒരു സുഹൃത്ത്‌ പറഞ്ഞത് പോലെ....

സിനിമയുടെ ആദ്യഭാഗത്ത് അമിതമദ്യപാനിയായ നായകന്‍ മദ്യത്തെ പ്രകീര്‍ത്തിക്കുന്ന സംഭാഷണങ്ങളും മൂവന്തി നിറമുള്ളതും / നിറമില്ലാത്തതുമായ ലഹരി നുണഞ്ഞിറക്കുന്നത്, കള്ളിതു വരെ കയ്യോണ്ട് തൊട്ടിട്ടില്ലാത്തവനെ കൂടി കൊതിപ്പിക്കുന്നുണ്ടാര്‍ന്നു. പണ്ട് പട്ട ചാരായത്തില്‍ കരിക്കൊഴിച്ചു കുടിയ്ക്കുന്ന glorified കുടിയ്ക്കു ശേഷം രഞ്ജിത്ത് പുതുമകള്‍ തേടി നായകന് കൊണ്യാക്കില്‍ കട്ടന്‍ ചായയൊഴിച്ചു കൊടുക്കുന്നു ഈ സിനിമയില്‍ ... ഇത് കണ്ടിട്ടോയെന്തോ, ആവേശം മൂത്തയേതോ ആരാധകന്‍ തീയറ്ററിലെ ഇരുട്ടിന്റെ സ്വാതന്ത്രത്തിലിരുന്നു അത്യുച്ചത്തില്‍ ലാലേട്ടനു "ചിയേര്‍സ്" നേരുന്നുണ്ടായിരുന്നു. ഉള്ളില്‍ കിടക്കുന്ന കള്ളിന്റെ ബലമാവും.. ആ... വോ....

പക്ഷെ സിനിമയുടെ ആദ്യപകുതിയുടെ അന്ത്യത്തില്‍ തന്നെ കാര്യങ്ങള്‍ അമ്പേ മാറുകയാണ്. സ്ഥിരമായി കള്ളൊഴിച്ചു കൊടുക്കുന്ന ബാര്‍ബോയില്‍ നിന്നും ജ്ഞാനോദയം ലഭിച്ചു മാനസാന്തരപ്പെടുന്ന നായകന്‍ ഇടവേളയ്ക്കു ശേഷം ഒരു പുതിയ മനുഷ്യനാവുകയാണ്... ശിഷ്യനും സുഹൃത്തുമായ സമീറിന്റെ അമിത മദ്യപാനം മൂലമുള്ള അകാല മരണവും അയാളെ പ്രേരിപ്പിക്കുന്നുണ്ടാ തീരുമാനത്തിലേക്ക്.. നൈജാമാലിയെന്ന വിളി പേരില്‍ നിന്ന് കൊണ്ട് രവിയെന്ന ഇതിഹാസകഥാപാത്രത്തിന്റെ ജന്മമെന്നു സ്വയം വിശേഷിപ്പിച്ച ആ കഥാപാത്രം മനസ്സില്‍ പതിഞ്ഞു. ബൊഹീമിയന്‍ ഗാനം പകുതിയില്‍ പതറി നിര്‍ത്തിയ അതെ ജോണ്‍ ലൈന്‍ .... :-)

കഥാഗതിയ്ക്ക് വേണ്ടി കൂട്ടി തുന്നിയ ഇത്യാദി സംഭവങ്ങള്‍ക്ക് ശേഷം ലഹരിവിമുക്തമായ പുതിയ പ്രഭാതങ്ങള്‍ നായകനെ തേടി വരുന്നു. കുടിച്ചു തീര്‍ത്ത കാലത്തെ ഓര്‍മ്മിപ്പിക്കാന്‍, ഒഴിഞ്ഞ കുപ്പികള്‍ ഷോകേയ്സില്‍ കിടപ്പുണ്ടപ്പോഴും, കുറ്റബോധത്തിന്റെ നിഴല്‍ പോലെ. പാപപരിഹാരം പ്രായശ്ചിത്തമെന്ന യുക്തിയില്‍ ലഹരി വിരുദ്ധപ്രചാരണത്തിനു തന്റെതായ ഒരു വഴി കണ്ടെത്തുകയാണ് നായകന്‍ . "ഷോ ദ സ്പിരിറ്റ്‌" എന്ന സ്വന്തം ടെലിവിഷന്‍ ഷോയിലൂടെ പ്രേക്ഷകര്‍ക്ക്‌ മഹത്തായ ഉത്ഭോധനം നല്‍കി കൊണ്ട് നായകനും സംവിധായകനും സിനിമ അവസാനിപ്പിക്കുമ്പോള്‍ പറയാന്‍ ശ്രമിച്ച സന്ദേശം ജനങ്ങളിലേക്ക് പൂര്‍ണ്ണമായും എത്തിക്കാന്‍ കഴിഞ്ഞു എന്ന സംതൃപ്തി ഇവര്‍ക്ക്‌ സ്വന്തമാണ്. സിനിമ എന്ന നിലയില്‍ അത്രയൊന്നും മികച്ചതാവാന്‍ സ്പിരിറ്റിനായില്ലായെങ്കിലും കേരളത്തിലെ അനേകായിരം കുടിയന്മാരെ ഒരല്‍പ്പമെങ്കിലും ചിന്തിപ്പിക്കാന്‍ ഈ സിനിമയ്ക്ക് സാധിച്ചുവെങ്കില്‍ ഇതിന്റെ അണിയറ പ്രവര്‍ത്തകരെ അനുമോദിക്കാതെ തരമില്ല. മദ്യപാനത്തെ സ്നേഹിക്കുന്നവരും വെറുക്കുന്നവരും ഒരുപോലെ കണ്ടിരിക്കേണ്ട ഒരു സിനിമ.

തന്റെ സിനിമയില്‍ രഞ്ജിത്ത് കരുതി വെയ്ക്കുന്ന നാടിന്റെ ചില സമകാലീന സംജ്ഞകളെ ഈ സിനിമയിലും വിദഗ്ധമായി ഉള്‍ച്ചേര്‍ത്തിരിക്കുന്നു.  അതിലൊന്ന് സ്ത്രീകളെ പൊതു സ്ഥലത്തു വെച്ച് കേറി പിടിയ്ക്കുന്നതും മറ്റും മൊബൈല്‍ ക്യാമറയിലൂടെ പകര്‍ത്തി അതു യൂ ട്യൂബിലും മറ്റും അപ്പ്‌ ലോഡ്‌ ചെയ്തു കൗമാരരതി തൃഷ്ണകള്‍ തീര്‍ക്കുന്ന ഒരു പയ്യന്റെ / പയ്യന്മാരുടെ വികലമനസ്സ് രഞ്ജിത്ത് തിരകഥയില്‍ എഴുതി ചേര്‍ത്തത്..

മറ്റൊന്ന് സംസാരശേഷിയില്ലാത്ത മകന്റെ ആംഗ്യഭാഷ മനസ്സിലാകാതെ നിസഹായനാവുന്ന നായകനെ പകര്‍ത്തുന്നതിലൂടെ, വളര്‍ന്നു വരുന്ന മക്കളുടെ ലോകത്തു നിന്നും അകന്നു പോകുന്ന പുതിയകാല മാതാപിതാക്കളെ ഒളിഞ്ഞു കുത്തുന്നുണ്ട് സംവിധായകന്റെ വിരുത് .

പിന്നൊന്ന്, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ radiation ഏല്‍ക്കുന്നത് കുറയ്ക്കാന്‍ ഹെഡ് സെറ്റ്‌ ഉപയോഗിക്കണം എന്നുള്ള ഒരു സന്ദേശം കൊടുക്കും പോലെ ഇതിലെ നായകന്‍ മൊബൈല്‍ ഫോണിനു കൂടെ കൊണ്ട് നടക്കുന്ന ഫോണ്‍ റിസീവര്‍ ആദ്യം ഒരു കൗതുകമായി കണ്ടെങ്കിലും പിന്നീട് അതൊരു നല്ല ആശയമാണെന്ന് തോന്നി. (അതോരെണ്ണം എവിടെന്നെങ്കിലും തരപ്പെടുത്തിയെടുക്കണം) അങ്ങനെയങ്ങനെ ഒരുപാട് സന്ദേശങ്ങള്‍ പ്രേക്ഷകന് കൊടുത്തു കൊണ്ട് സിനിമ അവതരിപ്പിക്കാന്‍ രഞ്ജിത്ത് പതിവ് പോലെ ശ്രദ്ധിച്ചിട്ടുണ്ട്.

ആവര്‍ത്തിച്ചുള്ള ആംഗലേയ തെറി പറച്ചിലുകളും , സ്ത്രീകഥാപാത്രം തെറി പറയുന്നതുമൊക്കെ കേള്‍ക്കുമ്പോള്‍ കാണികള്‍ കോള്‍മയിര്‍ കൊള്ളുന്നതു മനസ്സില്‍ കണ്ട്  സംവിധായകന്‍ അളന്നു കുറിച്ച് ആ ജാതി ചൂടന്‍ ഡയലോഗ്സ് ഈ സിനിമയില്‍ എഴുതി വെച്ചിട്ടുണ്ട്... പുതുസിനിമയുടെ അവശ്യസംഭാഷണമായി മാറിയിരിക്കുന്നോ FUCK എന്ന പദം.... ഏതാണ്ട് എടുത്താ പൊന്താത്ത പീരങ്കിയെടുത്ത് ശത്രുവിനു നേരെ പ്രയോഗിക്കുന്ന അതെ വീര്യമാകും ഈ മെട്രോ ജീവികള്‍ക്ക് FUCK എന്ന് പിറുപിറുക്കുമ്പോള്‍ ... 
(നാട്ടിന്‍പുറത്തെ തെറികള്‍ നന്മകളാല്‍ സമൃദ്ധം എന്നൊരു പഴഞ്ചൊല്ലുണ്ടാക്കണം...)

അത് പോലെ ലാലേട്ടന്‍ ഫാന്‍സിനെ സന്തോഷിപ്പിക്കാനുള്ള തരത്തില്‍ അത്യാവശ്യം ഗിമ്മിക്കുകളും ചേര്‍ത്തിരിക്കുന്നു. ബി.ഉണ്ണികൃഷ്ണന്‍ ചേട്ടനോളം തരംതാഴേണ്ടതില്ലായിരുന്നു രഞ്ജിത്ത് എന്ന് തോന്നി ഒരു സീനില്‍ ; നിങ്ങള്‍ നല്ല ആക്ടറാണെന്നു സിനിമയിലെ തന്നെ ഒരു കഥാപാത്രത്തെ കൊണ്ട് പറയിച്ച് കൈയ്യടി നേടാന്‍ ഗ്രാന്‍ഡ്‌ മാസ്റ്ററില്‍ ശ്രമിച്ചത് അതുപോലെ ഇവിടെയും അനുകരിച്ചിരിക്കുന്നു. ഫാന്‍സിനു വേണ്ടി സ്ക്രിപ്റ്റ് തിരുത്താന്‍ / കൂട്ടി ചേര്‍ക്കാന്‍ രഞ്ജിത്തും തയ്യാറാവുന്നോ... ?? ശ്ശൊ...

എന്റെ പ്രിയ സംവിധായകാ.... നിങ്ങളില്‍ നിന്നും ഇതിലുമധികം പ്രതീക്ഷിക്കുന്നുണ്ട് ഞങ്ങള്‍ .... പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ഭാരമാവാതെ സ്വന്തം പുറംതോടില്‍ അടയിരിക്കാതെ മികച്ച സിനിമകളുമായി ഇനിയുമെത്താന്‍ സാധിക്കട്ടെ അങ്ങേക്ക്.... എന്ന് ആശംസിച്ചു കൊണ്ട് സന്ദീപ്‌ സൈനിംഗ് ഓഫ് ...
ബ്ലിംഗ് !!!!

Wednesday, May 16, 2012

22 F K



ഇന്നാണൊന്ന് 22 F K കാണാന്‍ നേരം കിട്ടിയത്....
ഫേസ്ബുക്കായ ഫേസ്ബുക്ക് മുഴുവന്‍
ലോകായ ലോകര്‍ മുഴുവന്‍ സ്ത്രീപക്ഷ സിനിമ
എന്ന പേരില്‍ കൊണ്ടാടിയ / ചര്‍ച്ച ചെയ്ത സിനിമ
സത്യത്തില്‍ ആട്ടിന്‍ത്തോല്‍ അണിഞ്ഞു വന്ന
ചെന്നായാണെന്നാ എനിക്ക് തോന്നിയത്....

ഒരുവന്‍ ഒരുവളെ ചതിച്ചാല്‍
അവനെ തിരിച്ചു ചതിക്കുന്നവളാ പെണ്ണെന്നു
പ്രഖ്യാപിക്കുകയാണ് സിനിമ..
അതിനൊപ്പം വേലി ചാടിയ പശുവിന് കോല് കൊണ്ട് മരണം
എന്ന സന്മാര്‍ഗ്ഗപാഠവും സിനിമ കൊടുക്കുന്നുണ്ട്....

ഇതൊരു വിമര്‍ശനമല്ലാ...
മറിച്ച് ഇത് എന്റെ ആസ്വാദനം മാത്രം..

സിനിമ എന്ന നിലയില്‍ ഞാന്‍ ആസ്വദിച്ചു...
ഈ കാലത്ത് കാണേണ്ട ഒരു സിനിമയുമാ........
ആരെയും വിശ്വസിക്കാനാവാത്ത ഒരു സമൂഹത്തില്‍ ജീവിക്കുന്നവരെ
അല്‍പ്പമെങ്കിലും ചിന്തിക്കാന്‍ സിനിമ പ്രേരിപ്പിച്ചെങ്കില്‍
അത് സിനിമയുടെ വന്‍ വിജയം തന്നെ...

- 24 MALE KODUNGALLUR

Thursday, May 03, 2012

ഗ്രാന്‍ഡ്‌ മാസ്റ്റര്‍




ഒട്ടും നിനച്ചിരിക്കാതെയായാണ് ഇന്ന് ഗ്രാന്‍ഡ്‌ മാസ്റ്റര്‍ എന്ന മോഹന്‍ലാല്‍ ചിത്രം കാണാന്‍ പോയത്. ഇന്ന് റിലീസ്‌ ആണെന്നോ അതിന്റെ സംവിധായകന്‍ ആരെന്നോ ഒന്നും അറിയില്ലായിരുന്നു. തുടര്‍ച്ചയായ തിക്താനുഭവങ്ങള്‍ കൊണ്ട് പൊതുവേ ഇപ്പൊ താരരാജാക്കന്മാരുടെ ചിത്രങ്ങളില്‍ ഉറ്റു നോക്കാറില്ലാ ഞാന്‍ ... planned അല്ലാതിരുന്നതിനാല്‍ ഓടി കിതച്ചു ചെന്നപ്പോഴേക്കും പടത്തിനു മുന്‍പുള്ള പതിവ്  സാറ്റലൈറ്റ് പരസ്യങ്ങള്‍ ഒക്കെ കഴിഞ്ഞു പടം തുടങ്ങിയത് കൊണ്ട് ടൈറ്റില്‍ പോലും കാണാന്‍ പറ്റിയില്ലാ... (അത്രയും നല്ലത്.)

ചതുരംഗപലകയ്ക്ക് മുന്നില്‍ ഇരുന്നു ചെസ്സിനെ കുറിച്ച് സൈദ്ധാന്തിക ഊര്‍ജ്ജവ്യയം നടത്തുന്ന നായകനെ കണ്ടു കൊണ്ടാണ് തിയറ്ററിന്റെ ചുവപ്പ് കലര്‍ന്ന ഇരുട്ടിലേക്ക് കാല്‍ വെച്ച് കേറിയത്. introduction ജഗപൊക പോലെ റിയാസ്‌ ഖാന്‍ എന്ന മസില്‍ മാനെ ചെന്നിയില്‍ നര കേറിയ പോലീസ് നായകന്‍ കാല്‍പന്ത് പോലെ തട്ടി തെറിപ്പിച്ചു തറയില്‍ ഇടുന്നതും മൂന്നു പെണ്‍കൊടിമാരെ രക്ഷിക്കുന്ന ബ്രഹ്മാണ്ഡ scene അവിടെ ഇരുന്ന ഒരു ലാലേട്ടന്‍ ഫാനിനെ പോലും തെല്ലും ത്രസ്സിപ്പിച്ചില്ല എന്നതത്ഭുതം. (ഓ.. ഇതൊക്കെയെന്ത് എന്ന ഭാവം...) അത്രയും അരോചകമായിരുന്നു പ്രകടനം, അല്ലെങ്കില്‍ പതിവ് ത്രില്ലര്‍ സിനിമയുടെ രസക്കൂട്ടായി കഴിഞ്ഞിരിക്കുന്നു ഈ നായകന്‍റെ കര്‍ട്ടന്‍ റൈസര്‍ അര്‍മാദം...

ഹാ.. അങ്ങനെ നമ്മള്‍ കഥയിലേക്ക് കടക്കുകയാണ്.. ശ്ശൊ.. നമ്മളല്ല.. കഥാ നായകനും ശിങ്കിടികളായ പോലീസന്‍മാരും മുഖം മറച്ച വില്ലനും കരിഞ്ഞ മുഖവുമായി ബാബു ആന്‍റണിയെന്ന പ്രാചീനവില്ലനും.. ഒരു കത്തി എടുത്തു കുത്തിയാലും മുഖത്ത് തനതു ഭാവമായ നിസ്സംഗത മാത്രം വരുന്ന  ഏകഭാവാഭിനയ ചക്രവര്‍ത്തിയായി, ഭരതേട്ടന്റെ ചിലമ്പ് മുതല്‍ നമുക്ക് സുപരിചിതനായ ആക്ഷന്‍ താരമാണ് അദ്ദേഹം.

കഥയെഴുതി സംവിധാനം വരെ ചെയ്ത ഫെഫ്ക്ക 'മാടമ്പി'യായ ഉണ്ണികൃഷ്ണന്‍ ചേട്ടന് ഡാവിഞ്ചി കോഡ് എന്ന നോവല്‍ സാരമായി സ്വാധീനിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ബാബു ആന്റണിയുടെ വിക്ടര്‍ എന്ന കഥാപാത്രം നോവലിലെ സൈലാസിനെ ഓര്‍മ്മപ്പെടുത്തി. ഫാദര്‍ അരിങ്ങോസയും ലേ ടീബിങ്ങുമായി സിനിമയില്‍ പ്രധാനവില്ലന്‍ അഥവാ മറഞ്ഞിരിക്കുന്ന പ്രതിയോഗിയെത്തുന്നു. നോവലില്‍ നിന്നും തത്തുല്യമായ മറ്റു കഥാപാത്രങ്ങളെയും വേണമെങ്കില്‍ സിനിമയില്‍ തിരഞ്ഞു നോക്കിയാല്‍ കണ്ടെത്താം. ഹെന്താ കഥ.. (നോവല്‍ വായിച്ചത് അബദ്ധമായോ എന്തോ... ഹേയ്.. )

ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തില്‍ കൊലപാതകം നടത്തുന്ന ഒരു maniac serial killer എന്നൊക്കെ സിനിമയില്‍ എടുത്തെടുത്തു പറയുമ്പോള്‍ ചിരി വരികയാണ്.. മലയാള അപസര്‍പ്പക കഥകള്‍ / സിനിമകള്‍ ഇപ്പോഴും LKG ക്ലാസ്സില്‍ ഇംഗ്ലീഷ് ആല്‍ഫബെറ്റ്സ് പഠിക്കുന്നെയുള്ളൂ.. ഹോ... പിന്നെ സ്ക്രീസോഫ്രീനിയ ബാധിച്ചയാളെകൊണ്ട് ഇങ്ങനെ ചില കാര്യങ്ങള്‍ ചെയ്യിക്കാന്‍ സാധിക്കുമല്ലേ.. പണ്ട് ഈ തണുത്ത വെളുപ്പാന്‍കാലത്ത് എന്ന മമ്മൂട്ടി ചിത്രവും ഇവിടെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ടെന്നു തോന്നുന്നു.

മിക്ക കൊലപാതക കഥകളും പകയുടെ ബാക്കിപത്രങ്ങളായി മാത്രമേ ഉണ്ടാവുന്നുള്ള എന്ന അലിഖിത നിയമത്തെ ആവും ഈ കഥയും ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്. അങ്ങനെ ഇരുട്ടിലിരുന്നു നായകനുമായി ചതുരംഗം കളിയ്ക്കുന്ന ഒരു കൊലപാതകിയും പിന്നെ ഒരു ഡമ്മി കൊലപാതകിയും ഒരു വശത്തും എതിരാളിയുടെയുടെ മുപ്പത്താറു നീക്കങ്ങള്‍ വരെ മുന്‍കൂട്ടി കണ്ടു കളിയ്ക്കാന്‍ സിദ്ധിയുള്ള ധീഷണശാലിയായ നായകനെയും കൊണ്ടാണ് കഥാകൃത്ത് കഷ്ടപ്പെട്ട് കഥ പറഞ്ഞു തീര്‍ക്കുന്നത്. ഒരു ക്രൈം ത്രില്ലറില്‍ ആവശ്യം വേണ്ടുന്ന ചടുലതകള്‍ പോലുമില്ലാതെ ഇഴഞ്ഞു വലിയുന്നുണ്ട് കഥ ഇടയ്ക്കെപ്പോഴോ. പിന്നെ അനവസരത്തിലും അസ്ഥാനത്തും കയറി വരുന്ന അരോചകമായ പാട്ട് (നിശാക്ലബ്ബ് സംഗീതം) ദീപക്‌ ദേവ് എന്ന സംഗീതസംവിധായകനെ ഈ രാവ് വെളുക്കും മുന്‍പേ മൂന്നു വട്ടം തള്ളി പറയാന്‍ തോന്നിപ്പിക്കുന്നുണ്ട്.

ഒരു നാടകത്തിലൂടെ കഥ കൊട്ടികലാശം നടത്തി വെള്ളിത്തിരയ്ക്ക് മീതെ തിരശീല വീണപ്പോള്‍ അല്‍പ്പം ആശ്വാസമായി... എങ്കിലും ആവറേജ്‌ സിനിമ എന്ന് പറഞ്ഞില്ലെങ്കില്‍ ലാലേട്ടന്‍ ഫാന്‍സ്‌ എന്നെ കയ്യേറ്റം ചെയ്തു കളയാന്‍ സാധ്യതയുള്ളത് കൊണ്ട് ഒറ്റവാക്കില്‍ "കണ്ടിരിക്കാം" എന്ന് മാത്രം പറയുന്നു. കാസനോവയിലെ പ്രണയരാജാവായി വന്ന ലാലേട്ടനേക്കാള്‍ നല്ലത് ഒരു ഭര്‍ത്താവായ, നര കേറിയ പിതാവായ, റോള്‍ തന്നെ... ഈ റോള്‍ ലാലേട്ടന് യോജിക്കുന്നുണ്ടെന്നു സമ്മതിക്കാതെ വയ്യ. ഇനിയിപ്പോ ശിക്കാറിലെ പോലെ, പ്രണയത്തിലെ പോലെ,  ഈ ജാതി ഒതുക്കമുള്ള വേഷങ്ങള്‍ മതിയെന്ന് അദ്ദേഹം തീരുമാനിച്ചാല്‍ അദ്ദേഹത്തിനു കൊള്ളാം. ഇനിയൊരു ചൈനാ ടൌണ്‍ താങ്ങാന്‍ ശേഷിയില്ലാത്ത എളിയ ആരാധകന്റെ വാക്കുകള്‍ മാത്രം.

Tuesday, April 24, 2012

സെവന്‍സ്‌




ഇന്നലെ രാത്രി സെവന്‍സ്‌ കണ്ടു ..
തല്ലിപ്പൊളി എന്ന് കരുതി കാണാന്‍ ഇരുന്നത് കൊണ്ട്
അത്ര നിരാശപ്പെടുത്തിയില്ല സിനിമ...
എന്നാലും പത്രമൊക്കെ വായിക്കുന്നവര്‍ക്ക്
ക്ലൈമാക്സ്‌ ഒക്കെ നേരത്തെ ഊഹിക്കാന്‍ പറ്റുന്നതായിപ്പോയി.....
ഇക്ബാല്‍ കുറ്റിപ്പുറം കുറെ കൂടി ശ്രദ്ധിക്കണമായിരുന്നു.

കാസ്റ്റിംഗില്‍ ജോഷി നല്ല തിരഞ്ഞെടുപ്പു നടത്തിയെങ്കിലും
കമ്മീഷണര്‍ റോളില്‍ നാദിയയുടെ പെര്‍ഫോര്‍മന്‍സ്
കുട്ടിക്കളി പോലെ തോന്നി...
സിറ്റിസണ്‍ എന്ന തമിഴ്‌ പടത്തില്‍ നഗ്മാ മോഡല്‍ പ്രകടനം ആവും
സംവിധായകനും ഉദ്ദേശിച്ചിരിക്കുക.....

മലയാളത്തില്‍ ഇറങ്ങിയ ഒരുപാടു കൊട്ടേഷന്‍ സംഘങ്ങളുടെ കഥ പറയുന്ന
സിനിമകളുടെ കൂട്ടത്തില്‍ ഒന്ന് മാത്രമായി പന്തുരുട്ടാനേ ഈ ഏഴംഗസംഘത്തിനു സാധിച്ചുള്ളൂ...

Sunday, April 22, 2012

പ്രണയം



കാത്തിരുന്ന പ്രണയം കൈയില്‍ വന്നിട്ട് കുറെ ദിവസങ്ങളായി. അടുത്തു (തീയറ്ററില്‍ ) വന്നപ്പോഴും കാണാന്‍ അവസരമില്ലാതെ പോയതാണ്. കാത്തിരിപ്പ് നമ്മെ കൊണ്ട് സ്വപ്നം കാണിക്കുകയും കാഴ്ചയെ മികച്ച അനുഭവമാക്കുകയും ചെയ്യുമെന്ന സത്യം അറിയാവുന്നത് കൊണ്ട് യോജിച്ചൊരു ദിവസത്തിനായി ഞാനും കാത്തിരിക്കുകയായിരുന്നു. ഈ രാത്രിയില്‍ മഴ പെയ്തു തുടങ്ങിയ നേരത്ത്, മനസ്സില്‍ പ്രണയം നുരഞ്ഞെത്തി. ലാപ്പ്ടോപ്പ് നെഞ്ചോട് ചേര്‍ത്തു വെച്ച് പ്രണയത്തിന്റെ ലബ്ബ് ടബ്ബ് താളം നുകര്‍ന്ന് ഞാനാ സിനിമ കാണാനിരുന്നു.

സിനിമയില്‍ നിന്നും കടലും മഴയും ഇപ്പോള്‍ എനിക്കു മുന്നില്‍ നിറഞ്ഞു വരുന്നു. നായകനും നായികയും തമ്മില്‍ കാണുന്ന കൂടുതല്‍ സീനുകളും അവിടെ ഫോര്‍ട്ട്‌കൊച്ചിയില്‍ കായല്‍ കടലിനോടു ചേരുന്നതിന്റെ ഓരത്തെ വാക്ക്‌വേയില്‍ വെച്ചായിരുന്നു. എന്റെ ആദ്യപ്രണയത്തോട് അവസാനമായി സംസാരിച്ചതിനു ശേഷമുള്ള ദിവസം കോഡര്‍ ഹൗസിലെ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയത് തൊട്ടു മുന്നിലെ ആ കടല്‍ വഴിയിലായിരുന്നു. കൂട്ടിനു മഴയും.. ഏതോ നഷ്ടബോധത്തില്‍ സ്വയം നനഞ്ഞ് ഞാന്‍ വെയിലും മഴയും കൈകോര്‍ത്തു പെയ്യുന്ന ആ കടല്‍ സന്ധ്യയുടെ അറ്റത്തേക്ക് നടന്നു. കടലുപ്പ് കനപ്പിച്ച കാറ്റ് ലംബമായ്‌ വീശി മഴയുടെ സംഗീതം കാതില്‍ നിറച്ചു കൊണ്ടിരുന്നു. ചുണ്ടിലിറ്റിയ മഴത്തുള്ളികളില്‍ കണ്ണീര്‍ ചുവയ്ക്കുന്നതറിയിച്ച നാവു ഇവിടെ ഒരു രസം കൊല്ലിയാണ്. തൂഫ്....

അപ്പോള്‍ , ആ വഴിയുടെ വിരാമത്തില്‍ നില്‍ക്കുമ്പോള്‍ ഫോര്‍ട്ട്കൊച്ചിയുടെ വടക്കേ മുനമ്പില്‍ നിന്നും വൈപ്പില്‍ ദ്വീപിലേക്ക് വക്രിച്ചു നീളുന്ന, പണ്ടെങ്ങോ അറ്റു പോയൊരു മഴവില്ലിനെ വിരലറ്റം കൊണ്ട് വരച്ചു മുഴുമിപ്പിക്കാനുള്ള കാല്പനികശ്രമത്തിലായിരുന്നു ഞാന്‍.

വൈദ്യുതി നിലച്ചതേതുമറിയാതെ ഗൂഡസ്മൃതികളില്‍ അഭിരമിച്ച് സിനിമ ആസ്വദിക്കുകയായിരുന്നു അത്രനേരം ഞാന്‍. വരകളൊക്കെയും വര്‍ത്തുളമായി പാതി വഴിയില്‍ തീര്‍ന്നു പോകുന്ന മഴവില്ലു പോലെ ഒടുവില്‍ , ലാപ്ടോപ്പ് ഊര്‍ദ്ധന്‍ വലിച്ചു ചിത്രം മാഞ്ഞു, hibernate മോഡിന്റെ ഒടുക്കത്തെ ചുവപ്പ് കത്തിയമര്‍ന്നു. ഇരുട്ടിന്റെ തിരശീലയില്‍ അതുവരെ കണ്ട പ്രണയത്തിന്റെ ഭാഗങ്ങള്‍ വീണ്ടും വീണ്ടും കാട്ടി തന്നു കൊണ്ടിരുന്നു ന്റെ ലാപ്ടോപ്പ്. സ്വപ്‌നങ്ങള്‍ പറഞ്ഞു മുഴുമിപ്പിക്കാതെ, ഇടവേളയില്‍ ഇറങ്ങി പോയൊരു പ്രണയമായ്‌ അവളും യാത്ര പറയാതെ തിരിച്ചു നടക്കുന്നതാണിപ്പോള്‍ കാണുന്നത്.

ഇനിയീ സ്നേഹരാവില്‍ ഒരിക്കലും കയ്യെത്തി പിടിക്കാന്‍ പറ്റാത്ത വിധം അകലെയായിരിക്കുന്നു ന്റെ പ്രണയം. നാളെയുടെ പ്രഭാതം പ്രണയത്തിനായുള്ള കാത്തിരിപ്പിലേക്കും കനിവിലേക്കും കണ്‍ തുറക്കട്ടെ.

ഇപ്പോള്‍ നിങ്ങള്‍ക്ക് കേള്‍ക്കാമോ ആ പാട്ട്...



"സാഗരം മാറിലേറ്റും കതിരോന്‍ വീണെരിഞ്ഞു
കാതരേ നിന്റെ നെഞ്ചില്‍ എരിയും സൂര്യനാരോ..
.........................
പ്രണയമൊരസുലഭമധുരമാം നിർവൃതീ...
ഒഴുകും പാട്ടില്‍ ഈ പാട്ടില്‍ .. ഇനിയും നീ ഉണരില്ലേ...
"

- ഈ സാക്സഫോണ്‍ പാടുന്നത് നോവിന്റെ പാട്ടാണ്. അതിന്റെ വളഞ്ഞ കുഴലുകളില്‍ പ്രണയം നിറച്ച് അകലങ്ങളില്‍ നിന്നാരോ ന്റെ ഹൃദയത്തിലേക്ക് ഊതുകയാണ്.

കണ്ണില്‍ നിന്നും പ്രണയക്കടല്‍ മാഞ്ഞപ്പോള്‍ , പഴയ ഡച്ചു സെമിത്തേരി വലതു ഭാഗത്തെ  ആളൊഴിഞ്ഞ വഴിയിലൂടെ നനഞ്ഞൊട്ടിയ മനസ്സോടെ ഞാന്‍ ടാറ്റയുടെ ആ പ്രേതഭവനത്തിലേക്ക് നടന്നു കൊണ്ടിരുന്നു. നടന്ന വഴികളിലൂടെയൊക്കെയും വീണ്ടും വീണ്ടും നടന്നു കൊണ്ടിരുന്നു. രാവ് തീരും മുന്‍പേ ലക്ഷ്യമണയാന്‍ കഴിയാത്ത മട്ടില്‍ വഴി മറന്നു പോയിരുന്നു ഞാന്‍.

(21/ 04/ 2012)

Sunday, April 01, 2012

CITY OF GOD





ചില സിനിമകള്‍ ഇങ്ങനെയാണ്... പിടി തരാതെ തുടരും.... 

CITY OF GOD ഇറങ്ങിയ നാളില്‍ തീയറ്ററില്‍ പോയി കാണാനിരിക്കുമ്പോള്‍ എന്റെ നല്ലവരായ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചത് കൊണ്ട് ഈ പടം ഒഴിവാക്കി multiplexന്റെ സുഖിമയില്‍ ചൈനാ ടൌണ്‍ എന്ന തലവേദന കാണാന്‍ പോവേണ്ടി വന്നു... (അശോക വന്നതില്‍ പിന്നെ ശ്രീകാളീശ്വരി തീയറ്ററിന് ക്ലാസ്സ്‌ പോരെന്നായിരിക്കുന്നു കൊടുങ്ങല്ലുരത്തെ പിള്ളാര്‍ക്ക്... ഹും !!! )

ഇന്ന് കൈരളി ടി.വിയില്‍ CITY OF GOD വന്നപ്പോഴും കാണുവാന്‍ കഴിയാതെ പോകുന്നു. ഭക്ഷണം കഴിക്കുന്ന അല്‍പ്പനേരമല്ലാതെ ടി.വി കാഴ്ചകള്‍ അന്യമായിട്ടു വര്‍ഷങ്ങളായിരിക്കുന്നു.. പരസ്യങ്ങളുടെ മടുപ്പിക്കുന്ന ഇടവേളകള്‍ കാഴ്ചകളെ പിന്നോട്ട് വലിക്കുന്നത് കൊണ്ടോ എന്തോ.. ഒരു മുഴുനീള സിനിമയൊക്കെ ടി.വി.യില്‍ കണ്ടിരിക്കാന്‍ ഇന്നത്തെ അവസ്ഥയില്‍ മനസ്സു പിടി തരുന്നില്ലാ... :(

കണ്ട പത്തു നിമിഷങ്ങള്‍ കൊണ്ടു തന്നെ മികച്ചതെന്ന് തോന്നിയ പുത്തന്‍ അവതരണരീതി.. പല കഥാപാത്രങ്ങളുടെ ജീവിതം ഇടകലര്‍ത്തിയും ഇഴയടര്‍ത്തിയും ചടുലമായ ചിത്രസംയോജനം കൊണ്ടു ത്രസിപ്പിക്കുന്ന കാഴ്ച തരുമ്പോള്‍ തന്നെയും, ഒരു ശോകതാളം സിനിമയിലുടനീളം ഉണ്ടെന്നു തോന്നുന്നു.... ഋതുവിന് ശേഷം റീമയുടെ ഒരു റോള്‍ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത് ഇതാവും....
( ഈ സിനിമ എന്നെങ്കിലും പൂര്‍ണ്ണമായി കാണാന്‍ സാധിച്ചാല്‍ ബാക്കി എഴുതാം... മുഴുവന്‍ കണ്ടു കഴിയുമ്പോള്‍ ഇപ്പൊ ഉള്ള നല്ല അഭിപ്രായം മാറ്റേണ്ടി വരുമോ എന്തോ... ഇന്റര്‍വല്ലിനു ശേഷം "ഓഡിനറി" കണ്ട ആരും ഇങ്ങനെ സംശയിച്ചേക്കും... )

Wednesday, March 07, 2012

Joan's Rainbow - ഒരു കേക്ക് ഉണ്ടായ കഥ



സെക്കന്റ്‌ വേള്‍ഡ് വാര്‍ അവസാനിപ്പിച്ചുന്നു പറയുന്ന ഒരു കേക്കുണ്ട്. നാലു ദിവസം കൊണ്ടാ അതുണ്ടാക്കുന്നത്. ജുവാന്‍സ് റൈയ്ന്‍ബോ എന്നാണു ഈ കേക്കിന്റെ പേര്.. ജുവാന്‍ ലോബോ എന്ന ഫ്രെഞ്ചുകാരി യുദ്ധത്തിനു പോയ ഭര്‍ത്താവായ ആല്‍ബര്‍ട്ടിനു വേണ്ടി ഉണ്ടാകിയതാണ് ഈ റെസിപ്പി. സ്ട്രോബറി കൊണ്ടാണ് ജുവാന്‍ ആദ്യദിവസം കേക്കുണ്ടാക്കിയത്. യുദ്ധമാവസാനിച്ചില്ല. വരാമെന്നു പറഞ്ഞ ദിവസം ആല്‍ബര്‍ട്ട് വന്നില്ല.

പിറ്റേന്ന് ജുവാന്‍ ഒരു പിസ്താ കേക്കുണ്ടാക്കി ആല്‍ബേര്‍ട്ടിനെ കാത്തിരുന്നു. അന്നും അയാള്‍ വന്നില്ല. അവളതു സ്ട്രോബറി കേക്കിനോട് ചേര്‍ത്തു വെച്ചു.

പ്രതീക്ഷയുടെ മൂന്നാം നാള്‍ ...
ജുവാന്‍ തന്റെ മുറ്റത്ത് ആദ്യമായ്‌ കായ്ച്ച ഓറഞ്ചു മരത്തില്‍ നിന്നും പഴുത്ത ഓറഞ്ചുകള്‍ നോക്കി പറിച്ചെടുത്ത് കേക്കുകുണ്ടാക്കി കാത്തിരുന്നു. പക്ഷെ അന്നും യുദ്ധമാവസാനിച്ചില്ല.

നാലാം നാള്‍ ...
യുദ്ധം അവസാനിച്ചു.. മൂന്നു ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചോക്ലേറ്റുകളുമായി ആല്‍ബേര്‍ട്ട് വന്നു. അവള്‍ അതവനു വേണ്ടി കരുതി വെച്ച കേക്കിലേക്ക് ഉരുക്കി ചേര്‍ത്തൂ. അവരൊരുമിച്ചു ആ കേക്കു കഴിച്ചു.
ആല്‍ബെര്‍ട്ട് അവളുടെ ചെവിയില്‍ പറഞ്ഞു.
- "നീ ഒരു ലോകമഹായുദ്ധം അവസാനിപ്പിച്ചിരിക്കുന്നു"




(from the movie Salt & Pepper )

കേക്കിന്റെ recipe വേണ്ടവര്‍ ഈ ലിങ്കില്‍ നോക്കൂ.... Joan’s Rainbow Cake

Sunday, February 12, 2012

സെക്കന്റ്‌ ഷോ





ഇന്നലെ ഫസ്റ്റ് ഷോയ്ക്കു "സെക്കന്റ്‌ ഷോ"യ്ക്കു പോയിരുന്നു..
ഒറ്റ വാക്കില്‍ വേണമെങ്കില്‍ നമുക്ക് പറയാം നല്ല പടമെന്ന് ...
തമിഴിലെ സുബ്രഹ്മണ്യപുരം, കമ്പനി, പോക്കിരി പോലുള്ള സിനിമകള്‍ ചേര്‍ത്തു വെച്ചത്...
എന്നാലും രസമുണ്ട്...

പുതിയ പിള്ളാരുടെ അഭിനയം കിടിലന്‍ ...
പ്രത്യേകിച്ചും "കുരുടി" എന്ന കഥാപാത്രം അഭിനയിച്ച സണ്ണി സുജിത്ത്..
"ലാലു" എന്ന കേന്ദ്രകഥാപാത്രം അഭിനയിച്ചതിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ അച്ഛന്റെ മാനം കാത്തൂ.. (ഇനിയുള്ള പ്രകടനങ്ങള്‍ കൂടി കണ്ടിട്ട് നമുക്ക് ഒരു വിധിയെഴുത്തു മതിയെന്നാണ് മനസ്സു പറയുന്നത്...)
അല്‍പ്പനേരമെങ്കിലും "ചാവേര്‍ വാവച്ചന്‍ " എന്ന റോളില്‍ ബാബുരാജും തകര്‍ത്തു..

അവിയല്‍ ബാന്‍ഡിന്റെ സംഗീതസാന്നിധ്യം സിനിമയ്ക്കു ഏറെ ചേരുന്നതാണ്.. പ്രത്യേകിച്ചും കഥാഗതി പാട്ടിലൂടെ അവതരിപ്പിക്കുന്ന രീതിയിലുള്ള പാട്ടുകളുടെയും വിന്യാസം.. സിനിമയുടെ ഉടനീളമുള്ള ചടുലതയ്ക്കു കരുത്തേകുന്നു ഈ ഗാനങ്ങള്‍ ...

ആദ്യഭാഗം അവതരണത്തിലെ പുതുമ കൊണ്ടു മികച്ചു നില്‍ക്കുന്നു..
എന്നാല്‍ രണ്ടാം പകുതി ഇത്തരം പ്രമേയങ്ങളിലുള്ള സിനിമകളുടെ അവര്‍ത്തനമാകുന്നു.
അങ്ങനെ സാമൂഹ്യാധിബോധമുള്ള സംവിധായകന്‍ / തിരകഥാകൃത്ത് കാണികളിലേക്ക് നന്മയുടെ സന്ദേശം പകര്‍ന്നു കൊണ്ടു ക്ലൈമാക്സ്‌ വെടി വെച്ചിടുന്നു.

സിനിമയുടെ സാരാംശം : വാളെടുത്തവന്‍ വാളു വെച്ചു ചാവും