Showing posts with label WALL FRAMES. Show all posts
Showing posts with label WALL FRAMES. Show all posts

Tuesday, July 23, 2013

ദില്‍ ചാഹ്താ ഹേ....




ദില്‍ ചാഹ്താ ഹേ....
ആദ്യമായി ഈ സിനിമ കണ്ടതെന്നാണെന്നു എന്റെ ഓര്‍മ്മ പോലും പിടി തരുന്നില്ല.
പക്ഷെ ഇത് കാണുന്നതിനും എത്രയോ മുന്‍പേ അവര്‍ എനിക്കൊപ്പമുണ്ട്. എന്റെ ഏറ്റവും പ്രിയ ചങ്ങായിമാര്‍ .... സൗഹൃദങ്ങളെ കുറിച്ചോ ബന്ധങ്ങളെ കുറിച്ചോ ചിന്തകളില്ലാതെ ഏകാകിയായി, എങ്ങും തങ്ങാതെ പാറിപറന്നിരുന്നൊരു കൌമാരകാലത്തിലെന്നോ ഞാന്‍ പോലുമറിയാതെ അവരോടു കൂട്ടുകൂടുകയായിരുന്നു. അവരുടെ ചങ്ങാത്തം കിട്ടാനുള്ളത്ര യോഗ്യതയൊന്നും എനിക്കില്ല, അന്നും ഇന്നും.. എന്നിട്ടും അവര്‍ എല്ലായ്പ്പോഴുമെന്നെ ഹൃദയത്തോട് ചേര്‍ക്കുന്നു. എന്നെ സഹിക്കുന്നു... ഈ ലോകത്തില്‍ ഞാന്‍ ഒറ്റപ്പെട്ടു പോവാതിരിക്കാന്‍ അവരുടെ കരുതലുകളാവാം, കാരുണ്യവുമാവാം. എങ്കിലുമെപ്പോഴും ഭ്രമണപഥത്തില്‍ നിന്നും കുതറി തെറിക്കുന്നൊരു താന്തോന്നിയായ, ഒറ്റയാന്‍താരകമാകുന്നു ഞാന്‍ ..

ഇഷ്ടപ്പെട്ടവയെല്ലാം പുറന്തള്ളികൊണ്ടൊരു ഏകാന്തവാസമാണ് എനിക്കീ പ്രവാസകാലം. ആ ഇഷ്ടങ്ങളില്‍ എന്റെ പ്രിയപ്പെട്ടവരെ... നിങ്ങളും...  എത്ര ദൂരെയായിരുന്നാലും, എന്നുമോര്‍ത്തില്ലെങ്കിലും, ജീവിക്കാനുള്ള പരക്കംപാച്ചിലിന്റെ പകലറുതിയില്‍ അന്നേ ദിവസത്തെയെല്ലാ ആലസ്യവുമേറ്റുവാങ്ങുന്ന വിജനരാവില്‍ ഉണര്‍വിനുമുറക്കത്തിനുമിടയിലുള്ള. തീര്‍ത്തുമെന്നിലേക്ക് മടങ്ങുന്ന ഏതാനും നിമിഷങ്ങളില്‍ മനസ്സിന്റെ ഏതോയിടങ്ങളില്‍ ഒരു ശൂന്യത അനുഭവപ്പെടുന്നുവെങ്കില്‍ അത് തീര്‍ച്ചയായും നിങ്ങളെ ചൊല്ലിയായിരിക്കും. ഒരു ദീര്‍ഘനിശ്വാസത്തിന്റെ ആയുസ്സില്‍ എല്ലാ ചിന്തകളെയും മായ്ച്ചു കളഞ്ഞു മറ്റൊരു ദിവസത്തേയ്ക്ക് ഉണര്‍ന്നെഴുന്നേല്പാന്‍ അലാറം സെറ്റ്‌ ചെയ്തു ആ കുഞ്ഞുമരണത്തിലേക്ക് വീണ്ടും വീണുമയങ്ങുന്നു. യന്ത്രത്തിന്റെ ക്ലിപ്തയോടെ ജീവിതം ടിക് - ടിക് എന്ന താളത്തില്‍ വട്ടം തിരിയുന്നു.

നമ്മുടെ ജീവിതത്തില്‍ സംഭവിക്കാന്‍ സാധ്യതയില്ലാത്ത, സ്വപ്നതുല്യമായ പല രംഗങ്ങളും കണ്‍മുന്നില്‍ കാണിച്ചു തരുന്നതു കൊണ്ടാവാം സിനിമയെന്നെയെക്കാലവും വശ്യം ചെയ്യുന്നത്. ദില്‍ ചാഹ്താ ഹേയിലെ അവരുടെ ഗോവന്‍യാത്ര ഒരു സ്വപ്നമായി എല്ലാ ചെറുപ്പക്കാരുടെയും പോലെ ഞങ്ങളിലും നിറഞ്ഞിരുന്നു. കൂട്ടുകാരൊന്നിച്ചു കാലദേശബോധമില്ലാതെ  ഒരുപാടിടങ്ങളില്‍ അലഞ്ഞുതിരിഞ്ഞിട്ടുള്ളപ്പൊഴും ഒരിക്കല്‍ പോലും ഞങ്ങള്‍ ഗോവന്‍തീരത്ത്‌ ചെന്നടിഞ്ഞിട്ടില്ല. എല്ലാവരുടെയും ഒഴിവുകള്‍ ഒന്നിച്ചു ചേരാത്തതു കൊണ്ട് ആ സ്വപ്നം ഇന്നും സ്ക്രീനില്‍ മാത്രം മിന്നി മായുന്നു.

സൗഹൃദം പോലെ പ്രണയവും ഈ സിനിമയെ എന്നിലേക്കടുപ്പിക്കുന്നു. സ്വന്തം പ്രണയിനിയെ കെട്ടാന്‍ തയ്യാറായി നില്‍ക്കുന്ന പയ്യന്റെ മൂക്കിനിടിച്ചു താഴെയിട്ട് വിവാഹതലേന്ന് അവളെ സ്വന്തമാക്കുന്ന നായകന്‍ എന്നത്തെയും പോലെ ഇന്നലെ കണ്ടപ്പോഴും എന്നെ ത്രസിപ്പിച്ചിരുന്നു. പക്ഷെ... സിനിമയ്ക്കുമപ്പുറം എഴുതി തയ്യാറാക്കിയ ശുഭപര്യവസായിയായ തിരകഥകളില്ലാതെ ആടികൊണ്ടിരിക്കുന്ന നിസ്സഹായരായ നമുക്ക് ചില ജീവിതയാഥാര്‍ത്ഥ്യങ്ങളെ അംഗീകരിച്ചേ പറ്റൂ... സിനിമാറ്റിക് രീതിയില്‍ ആകെ ചെയ്യാന്‍ കഴിയുക ചീറി പായുന്ന വാഹനങ്ങളെ നോക്കി, തിരക്കൊഴിഞ്ഞ ഓവര്‍ബ്രിഡ്ജില്‍ നിന്നോ കോണ്ക്രീറ്റ് അടുക്കുകള്‍ നമ്മെ കൊണ്ട് ചെന്നെത്തിക്കുന്ന കണ്ണെത്താത്ത ഉയരങ്ങളില്‍ നിന്നും ഒരു കണ്ണാടിചില്ലിനപ്പുറം, താഴെ തിരക്കില്‍ വീര്‍പ്പു മുട്ടുന്ന നഗരത്തെ നോക്കി തന്‍ഹായി.... എന്ന് ഗദ്ഗദത്തൊണ്ടയില്‍ നീട്ടി പാടാം... പക്ഷെ, ആവര്‍ത്തിച്ചുള്ള പ്രണയതകര്‍ച്ചകള്‍ അത്തരം മടുപ്പിക്കുന്ന വിരഹകാമുകചപലതകളില്‍ നിന്നും എന്നെ വിലക്കുന്നു. ഒരു വിരല്‍ സ്പര്‍ശത്തില്‍ മാഞ്ഞു പോകുന്ന LED പ്രതലം പോലെ മനസ്സും മാഞ്ഞു പോയിരുന്നെങ്കില്‍ ....

പ്രണയങ്ങളുടെ ആവര്‍ത്തനങ്ങള്‍ പോലെ ദില്‍ ചാഹ്താ ഹേ ഇനിയും കണ്ടു കൊണ്ടിരിക്കും. അറ്റമില്ലാത്ത സ്വപ്നങ്ങളും തേടി ഏതോ ഗോവന്‍ തീരത്തണയാന്‍ ഇനിയും കാത്തിരിപ്പ്‌ തുടര്‍ന്നു കൊണ്ടേയിരിക്കും.....
പ്രണയിയോം ക സിന്ദകി ജോ കഭി നഹി കദം ഹോ ജാത്തി ഹേ....... 

Wednesday, December 12, 2012

എകാന്തയുടെ താളം....




സമചതുരക്കളങ്ങളില്‍
ഗണിതസൂത്രങ്ങള്‍ തെറ്റാതെ,
ആരോഹണാവരോഹണങ്ങള്‍
മറന്നു പെയ്യുന്ന
വിളറിയ മഴ....

എകാന്തയുടെ താളം.... :(

Saturday, October 27, 2012

സഫറോം ക്കി സിന്ദകി....


ഒരു കടലോരഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നതിനാലാവണം കടല്‍ എന്നെ അത്രയൊന്നും ആകര്‍ഷിച്ചിട്ടില്ല.... എങ്കിലും സങ്കടങ്ങള്‍ മനസ്സില്‍ കുറുകുമ്പോള്‍ ഒറ്റയ്ക്ക് കടപ്പുറത്ത് പോയി കരിങ്കല്‍ കൂട്ടത്തില്‍ മലര്‍ന്നു കിടക്കുകയും അനന്തവിഹായസില്‍ പാറി പറക്കുന്ന വെളിച്ചപ്രാവുകളെ കണ്ണില്‍ കോരുക്കാനും എന്നെന്നും ഇഷ്ടവുമാണ്....




ഇന്നലെ പെരുന്നാള്‍ അവധി ആഘോഷമാക്കാന്‍ മല കേറി പോയത് യിത്തി എന്ന ഒമാന്‍ ഉള്‍ഗ്രാമത്തിലേക്കായിരുന്നു... ഒരു മഴ പെയ്താല്‍ ഉരുള്‍പൊട്ടി, പുറം ലോകവുമായുള്ള സമസ്തബന്ധങ്ങളും നഷ്ടപ്പെടുന്നത്ര മലകളാല്‍ ചുറ്റപ്പെട്ടതും ഒറ്റപ്പെട്ടതുമായ ഗ്രാമമാണ് യിത്തി.. മലയും കടലും വാധികളും കണ്ടല്‍ കാടുകളും കൂറ്റന്‍ പാറക്കെട്ടുകളും നിറഞ്ഞ വന്യമായ ഭൂപ്രകൃതിയിലൂടെ വളഞ്ഞുലഞ്ഞു പോകുന്ന നീണ്ട കറുത്തപാതയിലൂടെയുള്ള സാഹസികമായ യാത്ര.... ജീവിതം പോലെ ഇടയ്ക്കിടെ അപ്രതീക്ഷിതമായ കുത്തനെയുള്ള കയറ്റിറക്കങ്ങള്‍ ...



കുന്നു കേറി ചെന്നപ്പോഴേക്കും സൂര്യന്‍ പടിഞ്ഞാറു ചാഞ്ഞിരുന്നു. യിത്തി ഗ്രാമത്തിന്റെ വഴിയോരത്തു പ്രദേശവാസികള്‍ ഇറച്ചി മുളംകമ്പില്‍ കോര്‍ത്തു കനലില്‍ ചുട്ടെടുക്കുന്നുണ്ടായിരുന്നു. "മുഷ്ക്കാക്ക്" എന്നാണു അവരതിനെ വിളിക്കുന്നത്‌..,... മുള്ളില്‍ കോര്‍ത്തത് എന്നത്രേ അതിനര്‍ത്ഥം. ഉപചാരമര്യാദകളില്‍ അറബികളെ നമ്മള്‍ സ്തുതിയ്ക്കാതെ വയ്യ... മുഷ്‌ക്കാക്ക് ചോദിച്ചു ചെന്നപ്പോള്‍ അവര്‍ സന്തോഷപൂര്‍വം അവരുടെ ഭക്ഷണത്തില്‍ നിന്നും ഒരു പങ്ക് ഞങ്ങള്‍ക്ക് തന്നു. ബുര്‍ഹാത്ത് മസാലയും വറ്റല്‍ മുളകിന്റെ എരിവും പുരണ്ട കാളയിറച്ചി, നാവില്‍ രുചിയുടെ ജെല്ലിക്കെട്ട് നടത്തി..



യിത്തി മലയുടെ മറുവശമുള്ള കടല്‍ത്തീരം വരെ വണ്ടിയോടിച്ചു പോയി; ഗ്രാമത്തിലൂടെ ചെറുങ്ങനെയൊന്നു വലംവെച്ച് മടക്കം. ഇരുള്‍ കനത്ത മരുപ്പാതയിലൂടെ മടങ്ങുമ്പോള്‍ കൂടെയുണ്ടായിരുന്ന ചങ്ങാതികള്‍ ജിന്നുകളുടെയും മലക്കുകളുടെയും അതിശയിപ്പിക്കുന്ന കഥകള്‍ പറയാന്‍ തുടങ്ങി. അറബിനാട്ടിലെ ഇബിലീസുങ്ങളുടെ അപദാനങ്ങള്‍ പറഞ്ഞു പറഞ്ഞു ഒടുവില്‍ നാട്ടിലെ യക്ഷി, മാടന്‍ , മറുത, ഒടിയന്‍, എന്നിങ്ങനെ നീണ്ടു പോകുന്ന പ്രാദേശിക പ്രേതകഥകളിലേക്ക് വന്നെത്തി സംസാരം. ഇടയ്ക്കെപ്പോഴോ നൗഷാദ്‌ മറ്റുളളവര്‍ക്ക് ഹൈമാവതിയുടെ കഥ പറഞ്ഞു കൊടുത്തു... എന്റെ ചിന്തയപ്പോള്‍ ഹൈമാവതിയിലേക്ക് പാറി പറന്നു പോയി... തിരുവനന്തപുരം കാര്യവട്ടത്തെ ആ പ്രണയ/ യക്ഷി കഥ കഴിഞ്ഞ മാസമാ ഞാന്‍ ആദ്യമായ്‌ കേള്‍ക്കുന്നത്.. മറ്റു യക്ഷി കഥകളില്‍ നിന്നും പാടേ വ്യത്യസ്തമായി കാല്‍പ്പനികമായൊരു മാനം എങ്ങനെയോ ഹൈമാവതിയില്‍ വന്നു കൂടിയിട്ടുണ്ട്...

തലേ ദിവസത്തെ ഉറക്കമൊഴിച്ചുള്ള ജോലികള്‍ ശരീരത്തിനും മനസ്സിനും വരുത്തിയ ക്ഷീണം, മലങ്കാറ്റുമായി പ്രതിപ്രവര്‍ത്തിച്ചു എന്നെ മയക്കക്കത്തിലേക്ക് തള്ളി വീഴ്ത്തിയെപ്പോഴോ.. ഹൈമാവതിയെ കുറിച്ച് എനിക്ക് പറഞ്ഞു തന്ന എന്റെ "യക്ഷി കുഞ്ഞ്" മയക്കത്തിലെന്നെ കൈ പിടിച്ചു കാര്യവട്ടത്തെ അക്വേഷ്യാ കാടിനുള്ളിലൂടെ ഹൈമാവതികുളത്തിലേക്ക് കൊണ്ടു പോയി. അവള്‍ വാ തോരാതെ പെയ്യുന്നുണ്ടായിരുന്നു ഹൈമാവതിയെ കുറിച്ച്. ഞാനതില്‍ നനഞ്ഞു കുതിരുകയും.

മലയിറക്കത്തിന്റെ അവസാനത്തെ കൊടുംവളവു തിരിഞ്ഞപ്പോഴേക്കും ഞാനുണര്‍ന്നു കൂടെയുള്ളവരുടെ സംസാരങ്ങളില്‍ ചെന്നു ചേര്‍ന്നു. മത്രയും മസ്ക്കറ്റും കോര്‍ണിഷും വലം വെച്ച് സഹയാത്രികര്‍ക്ക് രാത്രി സലാം വെച്ച് റുസൈലില്‍ ഇറങ്ങി അവിടെ നിന്നും എനിക്ക് വീടെത്താന്‍ നൗഷാദ്‌ ഏര്‍പ്പാടാക്കി തന്ന ടാക്സിയില്‍ കേറി പിന്നെയും ഒരു മണിക്കൂര്‍ നീണ്ട യാത്ര...

സഫറോം ക്കി സിന്ദകി.... :)


(27/ 10 / 2012)

യിത്തി യാത്രയുടെ ഏതാനും ചിത്രങ്ങള്‍ കൂടി.....















ചിത്രങ്ങള്‍ക്ക് കടപ്പാട് : Noushadali Poolamannil

Thursday, October 18, 2012

തൂവാനത്തുമ്പികള്‍




ആ പഴയ ഒറ്റപ്പാലം തീവണ്ടിയാപ്പീസ്‌....,....
അതിനു ശേഷം പലവട്ടം ആ സ്റ്റേഷന്‍ കടന്നു പോയിട്ടുള്ളപ്പോഴോക്കെയും
പേര്‍ത്തും പേര്‍ത്തും നോക്കിയിട്ടുണ്ട്...
അവിടെയെവിടെയോ ക്ലാരയ്ക്കായ്‌ കാത്തു നില്‍ക്കുന്ന ജയകൃഷ്ണനെ... ♥ ♥ ♥

Thursday, September 20, 2012

ഹരിതരാഗം

പ്രിയപ്പെട്ടവളെ...
നിന്റെ പ്രണയമെന്നിലേക്ക് ചേരുമ്പോള്‍
ഈ ഭൂമിയാകെ പൂത്തു തളിര്‍ക്കും....

നിന്നിലുമെന്നിലുമെല്ലാ പുല്‍ക്കൊടിത്തുമ്പിലും
പൂ മുളയ്ക്കും....
ഓരോരോ രോമകൂപങ്ങളിലും തേന്‍ കിനിയും ....

ഒരു ചുംബനം കൊണ്ടു നമ്മളാ പൂന്തേന്‍ നുകരും...
മറുചുംബനത്താല്‍ നമ്മള്‍ പൂക്കളായ് മാറും.... ♥ ♥ ♥

Friday, September 14, 2012

ഷീലേച്ചിയുടെ പ്രളയപുസ്തകം !!!




ഫേസ്ബുക്കിന്റെ ഇടനാഴിയില്‍ എവിടെ വെച്ചോ ആണ് ഷീലേച്ചിയെ ആദ്യമായ്‌ കാണുന്നത്... കയ്യില്‍ ഒരു പ്രളയപുസ്തകവുമായി.

'മെല്‍ക്വിയാഡിസിന്റെ പ്രളയപുസ്തകം' എന്ന കഥ പേര് കൊണ്ട് കൗതുകം തോന്നി വായിച്ചു തുടങ്ങിയപ്പോള്‍ കാടിന്റെ പച്ചപ്പും പ്രകൃതിയോടുള്ള അനുപമ സ്നേഹവും അനുഭവപ്പെട്ടു. പുട്ടിനു പീര പോലെ ഇടയ്ക്കിടെ വന്നു കേറുന്ന മികച്ച പദപ്രയോഗങ്ങളും വേറിട്ട പ്രമേയവും ആയാസരഹിതമായ അവതരണവും ഈ കഥ നല്ലൊരു വായനാനുഭവം തരികയായിരുന്നു. മുല്ലപ്പെരിയാര്‍ പ്രശ്നം കത്തി നില്‍ക്കുന്ന ഒരു സമയമായിരുന്നു അത്.

കഥ വായിച്ചു തീര്‍ന്നപ്പോഴേക്കും ഉള്ളില്‍ ഒരു "കാടോടിക്കാറ്റ്" വീശുന്നുണ്ടായിരുന്നു. മെല്ലെയത് ഒരു കൊടുങ്കാറ്റായി ചിന്തകളെ ചുഴറ്റിയെറിയുകയും ചെയ്തു.. വരാനിരിക്കുന്ന വറുതിയുടെ കാലത്തിന്റെ മുന്നറിയിപ്പു നല്‍കി കൊണ്ട്, ഭാവി കാലങ്ങളിലേക്ക് നോക്കുന്ന  ദൂരദര്‍ശിനിയാവുകയാണ് ഈ കഥ. സാറാ ടീച്ചര്‍ പറഞ്ഞത് പോലെ ഈ ഒറ്റ കഥയില്‍ നിന്നും ഷീലേച്ചിയുടെ രചനാ വൈഭവം തൊട്ടറിയാന്‍ കഴിയുന്നുണ്ട്..

ഇപ്പോള്‍ ഷീലേച്ചിയുടെ ഒന്‍പതു കഥകള്‍ ചേര്‍ത്തു പ്രളയപുസ്തകമായി പുറത്തിറങ്ങിയിരിക്കുന്നു. മഷി മണം മായാത്ത പേജുകളുമായി കണ്ണിനു കുളിര്‍ പകരുന്ന മുഖചിത്രവുമായി ഇന്നലെയീ പുസ്തകം കൈപറ്റി...

മുഖമൊഴിയില്‍ ഷീലേച്ചി എന്നെയും അനുസ്മരിച്ചിരിക്കുന്നു എന്നത് ഒട്ടൊരു അഹങ്കാരത്തോടെ എടുത്തു പറയട്ടെ... ഒരു നാളില്‍ ഞാന്‍ മരിച്ചു പോയാലും കുറച്ചു പേരുടെ മനസ്സില്‍ ഞാന്‍ ജീവിക്കുമല്ലോ എന്ന ഗൂഡാനന്ദം.... ഒപ്പം ഈ ചേച്ചിയുടെ അനിയനെന്നു പറയാനുള്ള അഭിമാനവും..

എഴുത്തുകാരിയുടെ കയ്യൊപ്പോടു കൂടിയ ഈ പ്രളയപുസ്തകം ഞാന്‍ ഹൃദയത്തോട് ചേര്‍ക്കുന്നു..... സ്നേഹം !!!

പബ്ലിഷേഴ്സ് : ലിപി പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌ (9847262583)
lipipublicationsclt@gmail.com

വില : 75 രൂപ

Wednesday, September 12, 2012

പുനര്‍ജ്ജനിയുടെ കൂട്

\


കാട് ഒരു പച്ചിലക്കൂടായി
എന്നെ പൊതിഞ്ഞു പിടിച്ചെ -
ന്റെ പുനര്‍ജ്ജനിയുടെ വട്ടമൊരുക്കുന്നു...

നില തെറ്റി വന്നൊരു പരദേശിക്കാറ്റ്
അലസമായ്‌ ഓംകാരമൂതുന്നു....

ഇഹത്തിലീ കബനിയുടെ കുത്തൊഴുക്കിലാ
ശിഷ്ടപാപങ്ങളും കഴുകികള -
ഞ്ഞതിന്‍ മാറിലൊരു ജലസമാധി ...

അപ്പോള്‍ പരത്തില്‍ ,
വേരുകള്‍ അറുത്തുയര്‍ന്ന ഒരു മരം
ആകാശഗംഗയ്ക്ക് കുറുകെ നടപ്പാലം തീര്‍ക്കുന്നു...

(06/ 04/ 2012)

Location : Kurava Island, Wayanad
Photo : Mahesh Vijayan

Tuesday, September 04, 2012

കാദറെ അബ്ദുല്‍ കാദറെ...



കാദറെ അബ്ദുല്‍ കാദറെ...
നാമിനിയും നടക്കാം..

മഗ്റീബിനു മുന്‍പേ മണല്‍ക്കാടു താണ്ടാം
നോവിന്റെ ശൂലമുന മുകളില്‍ കരേറാം.
നാരായബിന്ദുവിലാദിത്യനെ കാണാം.

*(അഗസ്ത്യഹൃദയം പൊറുക്കുമാകട്ടെ....)

Friday, August 31, 2012

നൊസ്റ്റാള്‍ജിയ ഒരു രോഗമാണോ ഡോക്ടര്‍ര്‍ര്‍ര്‍ര്‍ര്‍ര്............



മടി മൂത്ത് സ്കൂളില്‍ പോകാതിരിക്കുന്ന ദിവസങ്ങളില്‍ ,
കളിക്കൂട്ടുകാരെ കിട്ടാഞ്ഞ് അമ്പേ തനിച്ചാവുന്ന വിഷമസന്ധിയില്‍ ,
കയറഴിഞ്ഞു പോയ പശുവിനെ പോലെ,
കുഞ്ഞായിരുന്ന ഞാന്‍ പറമ്പിലേക്ക്‌ ഇറങ്ങും.

കിളച്ചു മറിച്ചിട്ട മണ്ണില്‍ പുതുമഴയില്‍ തളിര്‍ത്ത
ു പൊങ്ങുന്ന കുഞ്ഞു ചെടികളെ സാകൂതം നോക്കി നോക്കിയങ്ങ് നടക്കും.. ആ കൂട്ടത്തില്‍ എരിവുള്ള ഈ മഞ്ഞപൂവിനോട് വല്ലാത്തൊരിഷ്ടമാ...

ഇതില്‍ കുറച്ചെണ്ണം പറിച്ചെടുത്ത് അടുത്തു നില്‍ക്കുന്ന ചേമ്പിലയില്‍ തങ്ങി നില്‍ക്കുന്ന മഴക്കുളിരില്‍ മുക്കി മണ്ണു കളഞ്ഞ് മെല്ലെ വായിലിട്ട് ചവയ്ക്കും....

ഹാ..........

ഓര്‍മ്മകള്‍ക്ക് മേലൊരു ഊച്ചല്‍ ....

LABEL : നൊസ്റ്റാള്‍ജിയ ഒരു രോഗമാണോ ഡോക്ടര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ ............

Tuesday, August 28, 2012

സോമന്റെ ഉത്തമഗീതങ്ങള്‍ 16 - 12



പ്രിയേ വരിക...

നമുക്ക് ഗ്രാമങ്ങളില്‍ ചെന്നു രാപ്പാര്‍ക്കാം...

അതികാലങ്ങളില്‍ എണീറ്റ്‌ വയലേലകളിലേക്ക് നമുക്ക് പോകാം.

അവിടെ ചക്കിപ്പൂ വിരിഞ്ഞോയെന്നും

ആമ്പലില്‍ മൊട്ടുകളിട്ടോയെന്നും നോക്കാം...

പൂവട്ടികളില്‍ ആവുന്നത്ര പൂ നിറയ്ക്കാം...

നമ്മുടെ വീടിന്റെ കൊച്ചു മുറ്റത്ത് പൂക്കളമൊരുക്കാം....

അവിടെ വെച്ച് ഞാന്‍ നിനക്കെന്റെ ഓണാശംസകള്‍ നേരും....




(സോമന്റെ ഉത്തമഗീതങ്ങള്‍ 16 - 12 )

Saturday, June 30, 2012

പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേ



ഈയാഴ്ച മാതൃഭൂമിയില്‍ പ്രിയ.ഏ.എസിന്റെ
"പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേ"
എന്ന കഥ വായിച്ചോ ആരെങ്കിലും....??

ഇപ്പോഴും ആളുകള്‍ ഈ ജാതി കഥകള്‍ എഴുതുന്നുണ്ടോ..??
അതൊക്കെ മാതൃഭൂമിയേ പോലൊരു ആനുകാലികം പ്രസിദ്ധികരിക്കുന്നുണ്ടോ
എന്നോര്‍ത്ത് അത്ഭുതപ്പെടുന്നു.

ഒരു സാധാരണ കൗമാരഭാവനയ്ക്കപ്പുറം ആ കഥയില്‍ എന്താണുള്ളത്....??
സര്‍വസ്വതന്ത്രരായ സ്ത്രീ പുരുഷബന്ധം.... അല്ലെങ്കില്‍ അന്തികൂട്ടിനു ഊരും പേരുമില്ലാത്തൊരുവളെ പ്രതീക്ഷിക്കുന്ന യൗവനതൃഷ്ണകള്‍ ,
ഇതിലും മികച്ച രതിഭാവനകള്‍ നമ്മെ കൊണ്ട് കാണിച്ചിട്ടുണ്ടാവും / കാണിച്ചേക്കാം...

രണ്ടു നാള്‍ മാത്രം ആയുസ്സുള്ള ഒരു ബന്ധത്തിന്റെ ഓര്‍മ്മകുത്തായി അവള്‍ തന്റെ അര്‍ദ്ധചന്ദ്രാകൃതിയിലുള്ള മൂക്കുത്തി സമ്മാനിച്ചു കൊണ്ട് ഒരു യാത്ര പോലും പറയാതെ കടന്നു പോകുമ്പോള്‍ കഥയിലുടനീളം പപ്പേട്ടന്റെ ക്ലാരയും ലോലയും ദുഃഖസ്മൃതിയായ്‌ തെളിഞ്ഞു തെളിഞ്ഞു വരികയായിരുന്നു.

നിലക്കക്കള്ളി, ഉള്ളുകള്ളന്‍ , നക്ഷത്രത്തിളക്കമുള്ള വൈര മൂക്കുത്തി, കഥയിലുടനീളമുള്ള പാട്ടുകള്‍ , കൊന്നപ്പൂ ജനാല വിരിപ്പ്, "കാട്ടില്‍ പോകാം വീട്ടില്‍ പോകാം" എന്ന കുസൃതി ചോദ്യം.... ഇവിടെയൊക്കെ ഒരു പൈങ്കിളി ചിറകടിച്ചു ചുറ്റി പറക്കുന്നതായി തോന്നി എന്റെ വായനയില്‍ ... കഥയെ വിചിത്രമാക്കാന്‍ / പുതു അനുഭവമാക്കാനുള്ള ഓരോരോ രചനാതന്ത്രങ്ങളാവും.... ആ......

മുടിയില്ലാത്ത (മൊട്ടയടിച്ച) ഒരു പെണ്ണിനെ സമൂഹം സ്ത്രീയായ് പോലും കരുതില്ലാ എന്നൊരു വസ്തുത കഥയിലൊരിടത്തു പറയുന്നതിനു താഴെ ഒരൊപ്പ്... അവര്‍ അനുഭവിക്കുന്ന "കേശഭാര"രഹിത ജീവിതത്തിന്റെ അര്‍ത്ഥവ്യാപ്തിയെ കുറിച്ച് അല്‍പ്പനേരം ചിന്തിച്ചു പോയി ഞാനും. പക്ഷെ ഒരു വേള മൊട്ടയായിരിക്കുന്നതില്‍ / ആ സ്വാതന്ത്രത്തില്‍ അവള്‍ ഉല്ലാസവതിയും അതെ സമയം ഉമ്മ വെയ്ക്കാന്‍ ഒരാളില്ലാത്തതിന്റെ ഏകാന്തഭാവവും വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നു. കഥാപാത്രത്തിന്റെ ഇരട്ടവ്യക്തിത്വം ഇവിടെ വെളിവാകുന്നുണ്ട്. സ്വയം ഉണ്ടാക്കിയെടുക്കുന്ന ഒരു ഒറ്റപ്പെടലിനെ ചൊല്ലി എന്ത് സഹതാപം നേടാനാണവള്‍ ശ്രമിക്കുന്നത്...?

കഥയ്ക്കപ്പുറം : ഡൈയ്മണ്ട് നെക്ലേസ് എന്ന സിനിമയിലേ കാന്‍സര്‍ രോഗിയായ നായികയുടെ കീമോ കഴിഞ്ഞ ഉണ്ണിമൊട്ട കണ്ടപ്പോ പ്രിയ ചേച്ചിയ്ക്ക് തോന്നിയ ശുഷ്കഭാവനയാവും ഈ കഥയെന്നു ഞാന്‍ ബലമായി സംശയിക്കുന്നു.

കഥ വായിച്ചവര്‍ നിങ്ങളുടെ വായനാനുഭവം അറിയിക്കുമല്ലോ...
കഥ വായിക്കാത്തവര്‍ ഈ ലിങ്കില്‍ പോയി വായിക്കൂ...
എന്നിട്ട് അഭിപ്രായം അറിയിക്കൂ ട്ടോ...

Saturday, June 16, 2012

SPIRIT




ഇന്നലെ സെക്കന്റ്‌ ഷോയ്ക്ക് പോയി  സ്പിരിറ്റ്‌ കണ്ടാര്‍ന്നു. പണ്ട് ദൂരദര്‍ശനിലും മറ്റും കണ്ടിട്ടുള്ള, പൊതുജന നന്മയ്ക്കു വേണ്ടി പടച്ചുണ്ടാക്കുന്ന ഫിലിം ഡിവിഷന്‍ ഡോക്യുമെന്റ്ററി പോലെയാണ് രഞ്ജിത്തിന്റെ 'സ്പിരിറ്റ്‌' എനിക്ക് അനുഭവപ്പെട്ടത്. ലഹരി വിരുദ്ധപ്രചാരണത്തിന് പ്രാധാന്യം കൊടുത്തപ്പോള്‍ രഞ്ജിത്ത് സിനിമയെന്ന കലയെ മറന്നു പോയെന്നു തോന്നുന്നു. അതോ ഭൂതകാലപ്രതാപങ്ങളില്‍ തളച്ചിടപ്പെടുന്നുണ്ടോ എന്റെ പ്രിയപ്പെട്ട സംവിധായകനേയും കാലം.??

രഞ്ജിത്ത് എന്ന ബ്രാന്‍ഡിനെ നടപ്പു മലയാളസിനിമയുടെ നെറുകയിലെത്തിക്കാന്‍ സഹായിച്ച അദ്ദേഹത്തിന്‍റെ മുന്‍ചിത്രങ്ങളായ പ്രാഞ്ചിയേട്ടനിലെ മാതിരി തൃശ്ശൂര്‍ ഭാഷ ഒരു സീനില്‍ പ്രയോഗിച്ചു തീയറ്റര്‍ കയ്യടി നേടുന്നുണ്ട് ലാലേട്ടന്‍ .. ഇന്ത്യന്‍ റുപിയിലേതു പോലെ ഒരു സൗഹൃദസായാഹ്നത്തില്‍ നായകന്‍, കുറഞ്ഞ ഇന്‍സ്ട്രുമെന്റ്സിന്റെ പിന്‍ബലത്തോടെ പാടുന്ന പാട്ടു സീനും കടം കൊള്ളുന്നുണ്ട് ഈ സിനിമയില്‍ . സ്വന്തം സൃഷ്ടികളുടെ പ്രേതബാധയാണ് ഏതൊരു കലാകാരന്റെയും ശാപമെന്ന് ഓര്‍ത്തു പോയി ഈ സീനുകള്‍ കണ്ടപ്പോള്‍ ..

"പുകവലി, മദ്യപാനം ആരോഗ്യത്തിനു ഹാനികരം" എന്ന മുന്‍കൂര്‍ജാമ്യം സ്ക്രീനിന്റെ ഇടതു വശത്തു താഴെയായി മിക്കാവാറും സീനുകളില്‍ തെളിയുന്നുണ്ട്. അതായതു മദ്യപ്പിക്കുന്നതോ പുകവലിയ്ക്കുന്നതോ ആയ രംഗങ്ങളിലൂടെയാണ് സിനിമ കൂടുതലായും കടന്നു പോകുന്നത്... അതൊരു തെറ്റായി കൂട്ടേണ്ടതില്ലാ... കൊതുകുതിരിയുടെ പരസ്യത്തില്‍ കൊതുകല്ലേ പ്രധാനമോഡല്‍ എന്ന് ഒരു സുഹൃത്ത്‌ പറഞ്ഞത് പോലെ....

സിനിമയുടെ ആദ്യഭാഗത്ത് അമിതമദ്യപാനിയായ നായകന്‍ മദ്യത്തെ പ്രകീര്‍ത്തിക്കുന്ന സംഭാഷണങ്ങളും മൂവന്തി നിറമുള്ളതും / നിറമില്ലാത്തതുമായ ലഹരി നുണഞ്ഞിറക്കുന്നത്, കള്ളിതു വരെ കയ്യോണ്ട് തൊട്ടിട്ടില്ലാത്തവനെ കൂടി കൊതിപ്പിക്കുന്നുണ്ടാര്‍ന്നു. പണ്ട് പട്ട ചാരായത്തില്‍ കരിക്കൊഴിച്ചു കുടിയ്ക്കുന്ന glorified കുടിയ്ക്കു ശേഷം രഞ്ജിത്ത് പുതുമകള്‍ തേടി നായകന് കൊണ്യാക്കില്‍ കട്ടന്‍ ചായയൊഴിച്ചു കൊടുക്കുന്നു ഈ സിനിമയില്‍ ... ഇത് കണ്ടിട്ടോയെന്തോ, ആവേശം മൂത്തയേതോ ആരാധകന്‍ തീയറ്ററിലെ ഇരുട്ടിന്റെ സ്വാതന്ത്രത്തിലിരുന്നു അത്യുച്ചത്തില്‍ ലാലേട്ടനു "ചിയേര്‍സ്" നേരുന്നുണ്ടായിരുന്നു. ഉള്ളില്‍ കിടക്കുന്ന കള്ളിന്റെ ബലമാവും.. ആ... വോ....

പക്ഷെ സിനിമയുടെ ആദ്യപകുതിയുടെ അന്ത്യത്തില്‍ തന്നെ കാര്യങ്ങള്‍ അമ്പേ മാറുകയാണ്. സ്ഥിരമായി കള്ളൊഴിച്ചു കൊടുക്കുന്ന ബാര്‍ബോയില്‍ നിന്നും ജ്ഞാനോദയം ലഭിച്ചു മാനസാന്തരപ്പെടുന്ന നായകന്‍ ഇടവേളയ്ക്കു ശേഷം ഒരു പുതിയ മനുഷ്യനാവുകയാണ്... ശിഷ്യനും സുഹൃത്തുമായ സമീറിന്റെ അമിത മദ്യപാനം മൂലമുള്ള അകാല മരണവും അയാളെ പ്രേരിപ്പിക്കുന്നുണ്ടാ തീരുമാനത്തിലേക്ക്.. നൈജാമാലിയെന്ന വിളി പേരില്‍ നിന്ന് കൊണ്ട് രവിയെന്ന ഇതിഹാസകഥാപാത്രത്തിന്റെ ജന്മമെന്നു സ്വയം വിശേഷിപ്പിച്ച ആ കഥാപാത്രം മനസ്സില്‍ പതിഞ്ഞു. ബൊഹീമിയന്‍ ഗാനം പകുതിയില്‍ പതറി നിര്‍ത്തിയ അതെ ജോണ്‍ ലൈന്‍ .... :-)

കഥാഗതിയ്ക്ക് വേണ്ടി കൂട്ടി തുന്നിയ ഇത്യാദി സംഭവങ്ങള്‍ക്ക് ശേഷം ലഹരിവിമുക്തമായ പുതിയ പ്രഭാതങ്ങള്‍ നായകനെ തേടി വരുന്നു. കുടിച്ചു തീര്‍ത്ത കാലത്തെ ഓര്‍മ്മിപ്പിക്കാന്‍, ഒഴിഞ്ഞ കുപ്പികള്‍ ഷോകേയ്സില്‍ കിടപ്പുണ്ടപ്പോഴും, കുറ്റബോധത്തിന്റെ നിഴല്‍ പോലെ. പാപപരിഹാരം പ്രായശ്ചിത്തമെന്ന യുക്തിയില്‍ ലഹരി വിരുദ്ധപ്രചാരണത്തിനു തന്റെതായ ഒരു വഴി കണ്ടെത്തുകയാണ് നായകന്‍ . "ഷോ ദ സ്പിരിറ്റ്‌" എന്ന സ്വന്തം ടെലിവിഷന്‍ ഷോയിലൂടെ പ്രേക്ഷകര്‍ക്ക്‌ മഹത്തായ ഉത്ഭോധനം നല്‍കി കൊണ്ട് നായകനും സംവിധായകനും സിനിമ അവസാനിപ്പിക്കുമ്പോള്‍ പറയാന്‍ ശ്രമിച്ച സന്ദേശം ജനങ്ങളിലേക്ക് പൂര്‍ണ്ണമായും എത്തിക്കാന്‍ കഴിഞ്ഞു എന്ന സംതൃപ്തി ഇവര്‍ക്ക്‌ സ്വന്തമാണ്. സിനിമ എന്ന നിലയില്‍ അത്രയൊന്നും മികച്ചതാവാന്‍ സ്പിരിറ്റിനായില്ലായെങ്കിലും കേരളത്തിലെ അനേകായിരം കുടിയന്മാരെ ഒരല്‍പ്പമെങ്കിലും ചിന്തിപ്പിക്കാന്‍ ഈ സിനിമയ്ക്ക് സാധിച്ചുവെങ്കില്‍ ഇതിന്റെ അണിയറ പ്രവര്‍ത്തകരെ അനുമോദിക്കാതെ തരമില്ല. മദ്യപാനത്തെ സ്നേഹിക്കുന്നവരും വെറുക്കുന്നവരും ഒരുപോലെ കണ്ടിരിക്കേണ്ട ഒരു സിനിമ.

തന്റെ സിനിമയില്‍ രഞ്ജിത്ത് കരുതി വെയ്ക്കുന്ന നാടിന്റെ ചില സമകാലീന സംജ്ഞകളെ ഈ സിനിമയിലും വിദഗ്ധമായി ഉള്‍ച്ചേര്‍ത്തിരിക്കുന്നു.  അതിലൊന്ന് സ്ത്രീകളെ പൊതു സ്ഥലത്തു വെച്ച് കേറി പിടിയ്ക്കുന്നതും മറ്റും മൊബൈല്‍ ക്യാമറയിലൂടെ പകര്‍ത്തി അതു യൂ ട്യൂബിലും മറ്റും അപ്പ്‌ ലോഡ്‌ ചെയ്തു കൗമാരരതി തൃഷ്ണകള്‍ തീര്‍ക്കുന്ന ഒരു പയ്യന്റെ / പയ്യന്മാരുടെ വികലമനസ്സ് രഞ്ജിത്ത് തിരകഥയില്‍ എഴുതി ചേര്‍ത്തത്..

മറ്റൊന്ന് സംസാരശേഷിയില്ലാത്ത മകന്റെ ആംഗ്യഭാഷ മനസ്സിലാകാതെ നിസഹായനാവുന്ന നായകനെ പകര്‍ത്തുന്നതിലൂടെ, വളര്‍ന്നു വരുന്ന മക്കളുടെ ലോകത്തു നിന്നും അകന്നു പോകുന്ന പുതിയകാല മാതാപിതാക്കളെ ഒളിഞ്ഞു കുത്തുന്നുണ്ട് സംവിധായകന്റെ വിരുത് .

പിന്നൊന്ന്, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ radiation ഏല്‍ക്കുന്നത് കുറയ്ക്കാന്‍ ഹെഡ് സെറ്റ്‌ ഉപയോഗിക്കണം എന്നുള്ള ഒരു സന്ദേശം കൊടുക്കും പോലെ ഇതിലെ നായകന്‍ മൊബൈല്‍ ഫോണിനു കൂടെ കൊണ്ട് നടക്കുന്ന ഫോണ്‍ റിസീവര്‍ ആദ്യം ഒരു കൗതുകമായി കണ്ടെങ്കിലും പിന്നീട് അതൊരു നല്ല ആശയമാണെന്ന് തോന്നി. (അതോരെണ്ണം എവിടെന്നെങ്കിലും തരപ്പെടുത്തിയെടുക്കണം) അങ്ങനെയങ്ങനെ ഒരുപാട് സന്ദേശങ്ങള്‍ പ്രേക്ഷകന് കൊടുത്തു കൊണ്ട് സിനിമ അവതരിപ്പിക്കാന്‍ രഞ്ജിത്ത് പതിവ് പോലെ ശ്രദ്ധിച്ചിട്ടുണ്ട്.

ആവര്‍ത്തിച്ചുള്ള ആംഗലേയ തെറി പറച്ചിലുകളും , സ്ത്രീകഥാപാത്രം തെറി പറയുന്നതുമൊക്കെ കേള്‍ക്കുമ്പോള്‍ കാണികള്‍ കോള്‍മയിര്‍ കൊള്ളുന്നതു മനസ്സില്‍ കണ്ട്  സംവിധായകന്‍ അളന്നു കുറിച്ച് ആ ജാതി ചൂടന്‍ ഡയലോഗ്സ് ഈ സിനിമയില്‍ എഴുതി വെച്ചിട്ടുണ്ട്... പുതുസിനിമയുടെ അവശ്യസംഭാഷണമായി മാറിയിരിക്കുന്നോ FUCK എന്ന പദം.... ഏതാണ്ട് എടുത്താ പൊന്താത്ത പീരങ്കിയെടുത്ത് ശത്രുവിനു നേരെ പ്രയോഗിക്കുന്ന അതെ വീര്യമാകും ഈ മെട്രോ ജീവികള്‍ക്ക് FUCK എന്ന് പിറുപിറുക്കുമ്പോള്‍ ... 
(നാട്ടിന്‍പുറത്തെ തെറികള്‍ നന്മകളാല്‍ സമൃദ്ധം എന്നൊരു പഴഞ്ചൊല്ലുണ്ടാക്കണം...)

അത് പോലെ ലാലേട്ടന്‍ ഫാന്‍സിനെ സന്തോഷിപ്പിക്കാനുള്ള തരത്തില്‍ അത്യാവശ്യം ഗിമ്മിക്കുകളും ചേര്‍ത്തിരിക്കുന്നു. ബി.ഉണ്ണികൃഷ്ണന്‍ ചേട്ടനോളം തരംതാഴേണ്ടതില്ലായിരുന്നു രഞ്ജിത്ത് എന്ന് തോന്നി ഒരു സീനില്‍ ; നിങ്ങള്‍ നല്ല ആക്ടറാണെന്നു സിനിമയിലെ തന്നെ ഒരു കഥാപാത്രത്തെ കൊണ്ട് പറയിച്ച് കൈയ്യടി നേടാന്‍ ഗ്രാന്‍ഡ്‌ മാസ്റ്ററില്‍ ശ്രമിച്ചത് അതുപോലെ ഇവിടെയും അനുകരിച്ചിരിക്കുന്നു. ഫാന്‍സിനു വേണ്ടി സ്ക്രിപ്റ്റ് തിരുത്താന്‍ / കൂട്ടി ചേര്‍ക്കാന്‍ രഞ്ജിത്തും തയ്യാറാവുന്നോ... ?? ശ്ശൊ...

എന്റെ പ്രിയ സംവിധായകാ.... നിങ്ങളില്‍ നിന്നും ഇതിലുമധികം പ്രതീക്ഷിക്കുന്നുണ്ട് ഞങ്ങള്‍ .... പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ഭാരമാവാതെ സ്വന്തം പുറംതോടില്‍ അടയിരിക്കാതെ മികച്ച സിനിമകളുമായി ഇനിയുമെത്താന്‍ സാധിക്കട്ടെ അങ്ങേക്ക്.... എന്ന് ആശംസിച്ചു കൊണ്ട് സന്ദീപ്‌ സൈനിംഗ് ഓഫ് ...
ബ്ലിംഗ് !!!!

Sunday, June 10, 2012

ഐസുമ്മ




ഐസുമ്മ....
ആവി പറക്കുന്ന നിശ്വാസങ്ങള്‍ക്കിരുപുറം
തണുത്തു തരിയ്ക്കുന്ന ചുണ്ടുകള്‍
പരസ്പരം കെട്ടിപ്പുണരുന്നു.

നെയ്ത്തോടം പോല്‍ എന്നില്‍ നിന്നും
നിന്നിലേക്ക് തെന്നിയിറങ്ങുന്നു മഞ്ഞുകട്ട;
തിരിച്ചും.

അറ്റു പോയൊരു തണുപ്പിന്റെ വേര് തിരഞ്ഞു
ആഴങ്ങളറിഞ്ഞു കുഴയുന്നു നമ്മള്‍ .

നാവ്,
തമ്മില്‍ ഞൊട്ടി നുണഞ്ഞു
പ്രണയത്തിന്‍ പുതുരുചി തേടുന്നു.


(10 / 06 / 2012 - 12 : 43 AM )

Tuesday, June 05, 2012

രാത്രിയുടെ അന്ത്യകാലത്തിലൊരു അബോധക്കുറിപ്പ്





സമയം 4: 50 AM

"ഈശ്വരാ...
ഈ ഈയാംപാറ്റകള്‍ക്കൊന്നും ഒറക്കോമില്ലേ..."

മഴ കാണാന്‍ തുറന്നിട്ടതാ ജനാലകള്‍ ...
കുറെയെണ്ണം വിളിക്കാതെ കൂടി മഴയ്ക്കൊപ്പം വന്നകത്ത് കേറി.
ഇപ്പൊ ചെവിയില്‍ കിരുകിരാ ഒച്ച കേള്‍പ്പിച്ചോണ്ട്
വെളിച്ചത്തിന്റെ ദിക്കിലെ ചുവരില്‍ പറ്റിപ്പിടിച്ചു
തല തല്ലിയാര്‍ക്കുവാ....
ഇടയ്ക്ക് നില തെറ്റി ചിലത് താഴേയ്ക്ക്;
എന്റെ തലയ്ക്കു ചുറ്റും പ്രകാശവലയങ്ങള്‍ (Aura) കണ്ടിട്ടാവും
എനിക്ക് ചുറ്റുമിങ്ങനെ ധൂമകേതുക്കളെ പോലവ
തോന്ന്യവാസഭ്രമണം ചെയ്യുന്നത്....
ഹോ... എന്തൊരു ശല്യായിത്...

പ്രപിതാമഹന്‍മാരായ പല്ലികളോടൊക്കെ
വിധേയത്വം കാണിക്കേണ്ടുന്ന അവസരമിതാണ്...
"തന്തേ, തായേ... തായ്‌കുലങ്ങളെ....
പോയി കടിച്ചു കുടയീന്‍ ഈ മഴപ്പാറ്റകളെ...."

ഈ കാണുന്ന എഴുത്തിലൊക്കെ
അറിയാതെയഗ്നിയെ പുണര്‍ന്നു
വെന്തു തീരുന്ന ജന്മങ്ങളല്ലോ -
യെന്ന് നമ്മള്‍ വിലപിച്ചതും
സഹതാപം കൂറിയതും ഇവറ്റകളെയല്ലോ...
ഇവര്‍ രാവിന്റെ ഇരുട്ടില്‍ നിന്നും
വെളിച്ചത്തുരുത്തിന്റെ അരങ്ങില്‍
വന്നാടി തിമിര്‍ക്കുകയാണ്... വെറുതെ.....
വെറുതെ നമ്മുടെ അനുകമ്പ നേടാന്‍ ...

നിങ്ങള്‍ക്കറിയില്ല ഇവരുടെ ഉള്‍ക്കറുപ്പ്....
ജന്മരഹസ്യങ്ങള്‍ ഒളിപ്പിച്ചൊളിച്ചിരിക്കും ...
മഴ പെയ്യുന്ന രാവുകളില്‍ ഒരു കള്ളനെ പോല്‍ പമ്മി ചെന്നാ -
രോരുമറിയാതെ മേഘങ്ങളില്‍ നിന്നും
ഒരു ചിറകു കട്ടെടുത്ത് നമ്മള്‍ക്ക് മുന്നില്‍
മാലാഖമാരെ പോലഭിനയിക്കുകയാണിവര്‍....

രാവ് കെട്ടോടുങ്ങുമ്പോഴേക്കും,
പുലരി തെളിയുമ്പോഴേക്കും ഇവരങ്ങനെ
ചിറകു പൊഴിച്ച് വെറും തിണ്ണയില്‍
ഇഴഞ്ഞു തുഴഞ്ഞു നീങ്ങും...

ചിറകു പറിഞ്ഞ വേദനയില്‍ കുറെയെണ്ണം ചത്തു മലയ്ക്കുകയോ
അത് കണ്ടാ -
വ്യസനത്തില്‍ ചിലത് ആത്മാഹൂതി ചെയ്യുകയോ പതിവാത്രേ...
മ്മ്... എന്നിട്ടെന്താ....
എന്റെ എറുമ്പുകള്‍ക്ക് പ്രാതലിന് തീറ്റയാവാന്‍....
ഹല്ലേ... എന്തിനീ ശപ്തജന്മങ്ങള്‍ ഇവറ്റകള്‍ക്ക്.....


05 / 06 / 2012

Friday, May 25, 2012

ഗംഗാ ജ്ഞാനം



"ഓടിയോടി, കുറെയോടി തളര്‍ന്നു കഴിഞ്ഞു വന്നു
ഭൂമിയോട് ചേര്‍ന്ന് കിടക്കണം...
സ്വന്തം ഹൃദയമിടിപ്പും നേര്‍ത്ത ശ്വാസവും
ലോകത്തിന്റെ കറക്കവും ശ്രദ്ധിച്ച് കൊണ്ടങ്ങനെ കിടക്കണം,
ശവാസനത്തില്‍ ...."

"ശവാസനത്തില്‍ കിടന്നു സമാധിയില്‍ എത്താനൊക്കോ..."

"ഓ.. ചുമ്മാ... അതൊക്കെ ഒരു പറ്റീരല്ലേ..."

"അപ്പൊ..."

"ന്താ... പ്പൊ....
ഞാനങ്ങനെ കിടന്ന് കിടന്ന് കിടന്നിടത്തെ മണ്ണൊക്കെ സൂക്ഷ്മാഗ്രികളാവും...
ശരശയ്യയില്‍ കിടന്ന് ഞാന്‍ ഗംഗയേ ധ്യാനിക്കും...
ഗംഗയെ തീണ്ടി ഞാന്‍ അശുദ്ധയാക്കും...
എന്റെ പൂര്‍വ്വജന്മഭാരങ്ങള്‍ പേറി അവള്‍ ഗതിവിഗതികളറിയാതെ
പുണ്യദേശങ്ങളിലൂടെ ഒഴുകിയലഞ്ഞകലും....

"നിനക്ക് നൊസ്സാ..."

"അപ്പൊ നിനക്കോ....."

"ഹ ഹ ഹ..."

"വല്ലാണ്ട് ഭ്രമിക്കണ്ട നീ ന്റെ ഗംഗേ...."

(25/ 05/ 2012)

Wednesday, May 16, 2012

22 F K



ഇന്നാണൊന്ന് 22 F K കാണാന്‍ നേരം കിട്ടിയത്....
ഫേസ്ബുക്കായ ഫേസ്ബുക്ക് മുഴുവന്‍
ലോകായ ലോകര്‍ മുഴുവന്‍ സ്ത്രീപക്ഷ സിനിമ
എന്ന പേരില്‍ കൊണ്ടാടിയ / ചര്‍ച്ച ചെയ്ത സിനിമ
സത്യത്തില്‍ ആട്ടിന്‍ത്തോല്‍ അണിഞ്ഞു വന്ന
ചെന്നായാണെന്നാ എനിക്ക് തോന്നിയത്....

ഒരുവന്‍ ഒരുവളെ ചതിച്ചാല്‍
അവനെ തിരിച്ചു ചതിക്കുന്നവളാ പെണ്ണെന്നു
പ്രഖ്യാപിക്കുകയാണ് സിനിമ..
അതിനൊപ്പം വേലി ചാടിയ പശുവിന് കോല് കൊണ്ട് മരണം
എന്ന സന്മാര്‍ഗ്ഗപാഠവും സിനിമ കൊടുക്കുന്നുണ്ട്....

ഇതൊരു വിമര്‍ശനമല്ലാ...
മറിച്ച് ഇത് എന്റെ ആസ്വാദനം മാത്രം..

സിനിമ എന്ന നിലയില്‍ ഞാന്‍ ആസ്വദിച്ചു...
ഈ കാലത്ത് കാണേണ്ട ഒരു സിനിമയുമാ........
ആരെയും വിശ്വസിക്കാനാവാത്ത ഒരു സമൂഹത്തില്‍ ജീവിക്കുന്നവരെ
അല്‍പ്പമെങ്കിലും ചിന്തിക്കാന്‍ സിനിമ പ്രേരിപ്പിച്ചെങ്കില്‍
അത് സിനിമയുടെ വന്‍ വിജയം തന്നെ...

- 24 MALE KODUNGALLUR

Thursday, May 03, 2012

ഗ്രാന്‍ഡ്‌ മാസ്റ്റര്‍




ഒട്ടും നിനച്ചിരിക്കാതെയായാണ് ഇന്ന് ഗ്രാന്‍ഡ്‌ മാസ്റ്റര്‍ എന്ന മോഹന്‍ലാല്‍ ചിത്രം കാണാന്‍ പോയത്. ഇന്ന് റിലീസ്‌ ആണെന്നോ അതിന്റെ സംവിധായകന്‍ ആരെന്നോ ഒന്നും അറിയില്ലായിരുന്നു. തുടര്‍ച്ചയായ തിക്താനുഭവങ്ങള്‍ കൊണ്ട് പൊതുവേ ഇപ്പൊ താരരാജാക്കന്മാരുടെ ചിത്രങ്ങളില്‍ ഉറ്റു നോക്കാറില്ലാ ഞാന്‍ ... planned അല്ലാതിരുന്നതിനാല്‍ ഓടി കിതച്ചു ചെന്നപ്പോഴേക്കും പടത്തിനു മുന്‍പുള്ള പതിവ്  സാറ്റലൈറ്റ് പരസ്യങ്ങള്‍ ഒക്കെ കഴിഞ്ഞു പടം തുടങ്ങിയത് കൊണ്ട് ടൈറ്റില്‍ പോലും കാണാന്‍ പറ്റിയില്ലാ... (അത്രയും നല്ലത്.)

ചതുരംഗപലകയ്ക്ക് മുന്നില്‍ ഇരുന്നു ചെസ്സിനെ കുറിച്ച് സൈദ്ധാന്തിക ഊര്‍ജ്ജവ്യയം നടത്തുന്ന നായകനെ കണ്ടു കൊണ്ടാണ് തിയറ്ററിന്റെ ചുവപ്പ് കലര്‍ന്ന ഇരുട്ടിലേക്ക് കാല്‍ വെച്ച് കേറിയത്. introduction ജഗപൊക പോലെ റിയാസ്‌ ഖാന്‍ എന്ന മസില്‍ മാനെ ചെന്നിയില്‍ നര കേറിയ പോലീസ് നായകന്‍ കാല്‍പന്ത് പോലെ തട്ടി തെറിപ്പിച്ചു തറയില്‍ ഇടുന്നതും മൂന്നു പെണ്‍കൊടിമാരെ രക്ഷിക്കുന്ന ബ്രഹ്മാണ്ഡ scene അവിടെ ഇരുന്ന ഒരു ലാലേട്ടന്‍ ഫാനിനെ പോലും തെല്ലും ത്രസ്സിപ്പിച്ചില്ല എന്നതത്ഭുതം. (ഓ.. ഇതൊക്കെയെന്ത് എന്ന ഭാവം...) അത്രയും അരോചകമായിരുന്നു പ്രകടനം, അല്ലെങ്കില്‍ പതിവ് ത്രില്ലര്‍ സിനിമയുടെ രസക്കൂട്ടായി കഴിഞ്ഞിരിക്കുന്നു ഈ നായകന്‍റെ കര്‍ട്ടന്‍ റൈസര്‍ അര്‍മാദം...

ഹാ.. അങ്ങനെ നമ്മള്‍ കഥയിലേക്ക് കടക്കുകയാണ്.. ശ്ശൊ.. നമ്മളല്ല.. കഥാ നായകനും ശിങ്കിടികളായ പോലീസന്‍മാരും മുഖം മറച്ച വില്ലനും കരിഞ്ഞ മുഖവുമായി ബാബു ആന്‍റണിയെന്ന പ്രാചീനവില്ലനും.. ഒരു കത്തി എടുത്തു കുത്തിയാലും മുഖത്ത് തനതു ഭാവമായ നിസ്സംഗത മാത്രം വരുന്ന  ഏകഭാവാഭിനയ ചക്രവര്‍ത്തിയായി, ഭരതേട്ടന്റെ ചിലമ്പ് മുതല്‍ നമുക്ക് സുപരിചിതനായ ആക്ഷന്‍ താരമാണ് അദ്ദേഹം.

കഥയെഴുതി സംവിധാനം വരെ ചെയ്ത ഫെഫ്ക്ക 'മാടമ്പി'യായ ഉണ്ണികൃഷ്ണന്‍ ചേട്ടന് ഡാവിഞ്ചി കോഡ് എന്ന നോവല്‍ സാരമായി സ്വാധീനിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ബാബു ആന്റണിയുടെ വിക്ടര്‍ എന്ന കഥാപാത്രം നോവലിലെ സൈലാസിനെ ഓര്‍മ്മപ്പെടുത്തി. ഫാദര്‍ അരിങ്ങോസയും ലേ ടീബിങ്ങുമായി സിനിമയില്‍ പ്രധാനവില്ലന്‍ അഥവാ മറഞ്ഞിരിക്കുന്ന പ്രതിയോഗിയെത്തുന്നു. നോവലില്‍ നിന്നും തത്തുല്യമായ മറ്റു കഥാപാത്രങ്ങളെയും വേണമെങ്കില്‍ സിനിമയില്‍ തിരഞ്ഞു നോക്കിയാല്‍ കണ്ടെത്താം. ഹെന്താ കഥ.. (നോവല്‍ വായിച്ചത് അബദ്ധമായോ എന്തോ... ഹേയ്.. )

ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തില്‍ കൊലപാതകം നടത്തുന്ന ഒരു maniac serial killer എന്നൊക്കെ സിനിമയില്‍ എടുത്തെടുത്തു പറയുമ്പോള്‍ ചിരി വരികയാണ്.. മലയാള അപസര്‍പ്പക കഥകള്‍ / സിനിമകള്‍ ഇപ്പോഴും LKG ക്ലാസ്സില്‍ ഇംഗ്ലീഷ് ആല്‍ഫബെറ്റ്സ് പഠിക്കുന്നെയുള്ളൂ.. ഹോ... പിന്നെ സ്ക്രീസോഫ്രീനിയ ബാധിച്ചയാളെകൊണ്ട് ഇങ്ങനെ ചില കാര്യങ്ങള്‍ ചെയ്യിക്കാന്‍ സാധിക്കുമല്ലേ.. പണ്ട് ഈ തണുത്ത വെളുപ്പാന്‍കാലത്ത് എന്ന മമ്മൂട്ടി ചിത്രവും ഇവിടെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ടെന്നു തോന്നുന്നു.

മിക്ക കൊലപാതക കഥകളും പകയുടെ ബാക്കിപത്രങ്ങളായി മാത്രമേ ഉണ്ടാവുന്നുള്ള എന്ന അലിഖിത നിയമത്തെ ആവും ഈ കഥയും ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്. അങ്ങനെ ഇരുട്ടിലിരുന്നു നായകനുമായി ചതുരംഗം കളിയ്ക്കുന്ന ഒരു കൊലപാതകിയും പിന്നെ ഒരു ഡമ്മി കൊലപാതകിയും ഒരു വശത്തും എതിരാളിയുടെയുടെ മുപ്പത്താറു നീക്കങ്ങള്‍ വരെ മുന്‍കൂട്ടി കണ്ടു കളിയ്ക്കാന്‍ സിദ്ധിയുള്ള ധീഷണശാലിയായ നായകനെയും കൊണ്ടാണ് കഥാകൃത്ത് കഷ്ടപ്പെട്ട് കഥ പറഞ്ഞു തീര്‍ക്കുന്നത്. ഒരു ക്രൈം ത്രില്ലറില്‍ ആവശ്യം വേണ്ടുന്ന ചടുലതകള്‍ പോലുമില്ലാതെ ഇഴഞ്ഞു വലിയുന്നുണ്ട് കഥ ഇടയ്ക്കെപ്പോഴോ. പിന്നെ അനവസരത്തിലും അസ്ഥാനത്തും കയറി വരുന്ന അരോചകമായ പാട്ട് (നിശാക്ലബ്ബ് സംഗീതം) ദീപക്‌ ദേവ് എന്ന സംഗീതസംവിധായകനെ ഈ രാവ് വെളുക്കും മുന്‍പേ മൂന്നു വട്ടം തള്ളി പറയാന്‍ തോന്നിപ്പിക്കുന്നുണ്ട്.

ഒരു നാടകത്തിലൂടെ കഥ കൊട്ടികലാശം നടത്തി വെള്ളിത്തിരയ്ക്ക് മീതെ തിരശീല വീണപ്പോള്‍ അല്‍പ്പം ആശ്വാസമായി... എങ്കിലും ആവറേജ്‌ സിനിമ എന്ന് പറഞ്ഞില്ലെങ്കില്‍ ലാലേട്ടന്‍ ഫാന്‍സ്‌ എന്നെ കയ്യേറ്റം ചെയ്തു കളയാന്‍ സാധ്യതയുള്ളത് കൊണ്ട് ഒറ്റവാക്കില്‍ "കണ്ടിരിക്കാം" എന്ന് മാത്രം പറയുന്നു. കാസനോവയിലെ പ്രണയരാജാവായി വന്ന ലാലേട്ടനേക്കാള്‍ നല്ലത് ഒരു ഭര്‍ത്താവായ, നര കേറിയ പിതാവായ, റോള്‍ തന്നെ... ഈ റോള്‍ ലാലേട്ടന് യോജിക്കുന്നുണ്ടെന്നു സമ്മതിക്കാതെ വയ്യ. ഇനിയിപ്പോ ശിക്കാറിലെ പോലെ, പ്രണയത്തിലെ പോലെ,  ഈ ജാതി ഒതുക്കമുള്ള വേഷങ്ങള്‍ മതിയെന്ന് അദ്ദേഹം തീരുമാനിച്ചാല്‍ അദ്ദേഹത്തിനു കൊള്ളാം. ഇനിയൊരു ചൈനാ ടൌണ്‍ താങ്ങാന്‍ ശേഷിയില്ലാത്ത എളിയ ആരാധകന്റെ വാക്കുകള്‍ മാത്രം.

Tuesday, May 01, 2012

" യെന്‍ രാസാത്തി മിറിഗം.... " - ചില ചോര മണക്കുന്നു വാക്കുകള്‍ ....





"യെന്‍ രാസാത്തി മിറിഗം.... " - ചില ചോര മണക്കുന്നു വാക്കുകള്‍ ....

ഇന്റര്‍നെറ്റിന്റെ ഞരമ്പോട്ടങ്ങള്‍ മന്ദീഭവിച്ച ഈ രാവില്‍ ചുംബനശബ്ദതാരാവലി കയ്യിലെടുത്തൂ... മഷിമണം മായാത്ത ഏടുകളില്‍ മുഖമമര്‍ത്തി വായിച്ചു തുടങ്ങി... ആദ്യ പേജുകളിലെ വൈവിധ്യങ്ങളായ ഉമ്മകളെ കുറിച്ച് വിവരിക്കുന്ന ഭാഗം (dictionary of kisses) വായിച്ചപ്പോള്‍ പ്രണയത്തിന്റെ നാളുകളില്‍ നിന്നും ഒഴിഞ്ഞു പോയ ചുംബനസ്മൃതികളെ നഷ്ടബോധത്തോടെ താലോലിച്ചുറക്കി...

പുസ്തകത്തിലെ സമര്‍പ്പണം വായിച്ചു നന്നേ രസിച്ചു പോയി.... ഇന്ദു ചേച്ചി ആദ്യമായി മോഷ്ടിച്ചെടുത്ത വജ്രനക്ഷത്രക്കണ്ണുള്ള ആ പ്രിയപ്പെട്ട കറുത്ത പേനയെ കുറിച്ചായിരുന്നു അത്... കഥാകാരിയുടെ വാക്കുകളില്‍ കവിത മണക്കുന്നു.... ഒരായുഷ്കാലം മുഴുവന്‍ എഴുതി നിറയ്ക്കാന്‍ ഈ പേനയുണ്ടാവട്ടെ എന്നാശംസിക്കുന്നു... എനിക്ക് മുന്നില്‍ വായിക്കാന്‍ എട്ടു കഥകള്‍ .... ആദ്യകഥയായ ചക്.ലിയന്‍ എന്നാ കഥ ശീര്‍ഷകം കൊണ്ട് പുതുമ തോന്നി വായിച്ചതാണ്... വായിച്ചു മുഴുമിച്ചപ്പോള്‍ മൂക്കില്‍ തള്ളി കേറുന്ന രക്തഗന്ധം.. ഹൌ....

കഥയുടെ പരിസരങ്ങളുടെ വര്‍ണ്ണനയില്‍ പുതുമ നിലനിര്‍ത്താന്‍ കഥാകാരിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.. കഥാതന്തു പരിചയമുള്ളതും.... ചിന്തകളെ കുരുക്കുന്ന ഒരു ഭാഷയുണ്ടിതില്‍ . ഒപ്പം ഉള്ളം നീറിയ്ക്കുന്ന ചില ജീവിതസത്യങ്ങളും.... ചതിക്കപ്പെടുന്നവന്റെ വേദന, തുടര്‍ച്ചയായി പരാജയപ്പെടുന്നവന്റെ നിസഹായതയെല്ലാം ചക്.ലിയനില്‍ കാണാം. കഥ തീരുമ്പോഴും ചേര്‍ത്തു വായിക്കാന്‍ ഒരുപാട് കഥാശകലങ്ങള്‍ നമുക്ക് തരുന്നുണ്ട് കഥാകാരി. കഥയില്‍ നിന്നും പുറത്തു പോവുന്ന ചില കഥാപാത്രങ്ങള്‍ പിന്നെ വായനക്കാരുടെ മനസ്സിലേക്ക് നടന്നു കേറുന്ന അനുഭവം മുന്‍പും  വായനയില്‍ ഉണ്ടായിട്ടുണ്ട്... ഇതിലെ അരുന്ധതിയേക്കുറിച്ചായിരുന്നു എന്റെ വേവലാതികള്‍ . പിന്നെ.... കഥയില്‍ ചോദ്യമില്ലായെന്ന ന്യായം ഓര്‍മ്മയിലുണ്ടെങ്കിലും ചില സംശയങ്ങള്‍ മനസ്സില്‍ നിറയുകയാണ്...

ചക്.ലിയന്റെ ആദ്യ മകളായ ജ്യോതിയെ കുറിച്ച് കഥയില്‍ ഇടയ്ക്ക് പറയുന്നുണ്ട് എങ്കിലും അവള്‍ ഇതില്‍ തീര്‍ത്തും അപ്രസക്തയായി എവിടെയോ മറഞ്ഞു നില്‍കുന്നു... ആ കഥാപാത്രത്തിന്റെ ധര്‍മ്മം എന്തായിരുന്നു...?? അല്ലെങ്കില്‍ ആ കഥാപാത്രത്തെ പിന്നീട് പരാമര്‍ശിച്ചു കാണുന്നില്ല കഥയില്‍ .... എവിടെയാണവള്‍ ...

കുഞ്ഞായിരിക്കുമ്പോള്‍ ആരതി അപ്പാവോട് കൊഞ്ചുന്നുണ്ട്... "എനിക്കും വേണം അന്ത സിന്‍ഡ്രല്ലാവോടെ സെരിപ്പ്".. വര്‍ഷങ്ങള്‍ക്കപ്പുറം, മകള്‍ മരിച്ച വേദനയില്‍ പെറ്റുവീണ നേരത്ത് അവളുടെ പൊക്കിള്‍ക്കൊടി മുറിച്ച അതേ വീതുളിയാലേ അയാളുടെ അരുമയാം രാസാത്തി മൃഗത്തിന്റെ തോലറുത്തെടുത്തു മാന്ത്രികചെരുപ്പ് തുന്നുകയാണ് അയാള്‍ .... ഈ ഉന്മാദചിത്രത്തില്‍ നിന്നും കണ്ണ വലിച്ച് കൊണ്ട് പുസ്തകമടച്ചു ഞാന്‍ അറിയാതെ പറഞ്ഞു പോയി... കണ്ണേ മടങ്ങുക.... അനന്തരം ഒരു ദീര്‍ഘനിശ്വാസം....

( എന്റെ വായന - ചുംബനശബ്ദതാരാവലി - കഥ ഒന്ന് : ചക്.ലിയന്‍)

Tuesday, April 24, 2012

സെവന്‍സ്‌




ഇന്നലെ രാത്രി സെവന്‍സ്‌ കണ്ടു ..
തല്ലിപ്പൊളി എന്ന് കരുതി കാണാന്‍ ഇരുന്നത് കൊണ്ട്
അത്ര നിരാശപ്പെടുത്തിയില്ല സിനിമ...
എന്നാലും പത്രമൊക്കെ വായിക്കുന്നവര്‍ക്ക്
ക്ലൈമാക്സ്‌ ഒക്കെ നേരത്തെ ഊഹിക്കാന്‍ പറ്റുന്നതായിപ്പോയി.....
ഇക്ബാല്‍ കുറ്റിപ്പുറം കുറെ കൂടി ശ്രദ്ധിക്കണമായിരുന്നു.

കാസ്റ്റിംഗില്‍ ജോഷി നല്ല തിരഞ്ഞെടുപ്പു നടത്തിയെങ്കിലും
കമ്മീഷണര്‍ റോളില്‍ നാദിയയുടെ പെര്‍ഫോര്‍മന്‍സ്
കുട്ടിക്കളി പോലെ തോന്നി...
സിറ്റിസണ്‍ എന്ന തമിഴ്‌ പടത്തില്‍ നഗ്മാ മോഡല്‍ പ്രകടനം ആവും
സംവിധായകനും ഉദ്ദേശിച്ചിരിക്കുക.....

മലയാളത്തില്‍ ഇറങ്ങിയ ഒരുപാടു കൊട്ടേഷന്‍ സംഘങ്ങളുടെ കഥ പറയുന്ന
സിനിമകളുടെ കൂട്ടത്തില്‍ ഒന്ന് മാത്രമായി പന്തുരുട്ടാനേ ഈ ഏഴംഗസംഘത്തിനു സാധിച്ചുള്ളൂ...

Sunday, April 22, 2012

പ്രണയം



കാത്തിരുന്ന പ്രണയം കൈയില്‍ വന്നിട്ട് കുറെ ദിവസങ്ങളായി. അടുത്തു (തീയറ്ററില്‍ ) വന്നപ്പോഴും കാണാന്‍ അവസരമില്ലാതെ പോയതാണ്. കാത്തിരിപ്പ് നമ്മെ കൊണ്ട് സ്വപ്നം കാണിക്കുകയും കാഴ്ചയെ മികച്ച അനുഭവമാക്കുകയും ചെയ്യുമെന്ന സത്യം അറിയാവുന്നത് കൊണ്ട് യോജിച്ചൊരു ദിവസത്തിനായി ഞാനും കാത്തിരിക്കുകയായിരുന്നു. ഈ രാത്രിയില്‍ മഴ പെയ്തു തുടങ്ങിയ നേരത്ത്, മനസ്സില്‍ പ്രണയം നുരഞ്ഞെത്തി. ലാപ്പ്ടോപ്പ് നെഞ്ചോട് ചേര്‍ത്തു വെച്ച് പ്രണയത്തിന്റെ ലബ്ബ് ടബ്ബ് താളം നുകര്‍ന്ന് ഞാനാ സിനിമ കാണാനിരുന്നു.

സിനിമയില്‍ നിന്നും കടലും മഴയും ഇപ്പോള്‍ എനിക്കു മുന്നില്‍ നിറഞ്ഞു വരുന്നു. നായകനും നായികയും തമ്മില്‍ കാണുന്ന കൂടുതല്‍ സീനുകളും അവിടെ ഫോര്‍ട്ട്‌കൊച്ചിയില്‍ കായല്‍ കടലിനോടു ചേരുന്നതിന്റെ ഓരത്തെ വാക്ക്‌വേയില്‍ വെച്ചായിരുന്നു. എന്റെ ആദ്യപ്രണയത്തോട് അവസാനമായി സംസാരിച്ചതിനു ശേഷമുള്ള ദിവസം കോഡര്‍ ഹൗസിലെ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയത് തൊട്ടു മുന്നിലെ ആ കടല്‍ വഴിയിലായിരുന്നു. കൂട്ടിനു മഴയും.. ഏതോ നഷ്ടബോധത്തില്‍ സ്വയം നനഞ്ഞ് ഞാന്‍ വെയിലും മഴയും കൈകോര്‍ത്തു പെയ്യുന്ന ആ കടല്‍ സന്ധ്യയുടെ അറ്റത്തേക്ക് നടന്നു. കടലുപ്പ് കനപ്പിച്ച കാറ്റ് ലംബമായ്‌ വീശി മഴയുടെ സംഗീതം കാതില്‍ നിറച്ചു കൊണ്ടിരുന്നു. ചുണ്ടിലിറ്റിയ മഴത്തുള്ളികളില്‍ കണ്ണീര്‍ ചുവയ്ക്കുന്നതറിയിച്ച നാവു ഇവിടെ ഒരു രസം കൊല്ലിയാണ്. തൂഫ്....

അപ്പോള്‍ , ആ വഴിയുടെ വിരാമത്തില്‍ നില്‍ക്കുമ്പോള്‍ ഫോര്‍ട്ട്കൊച്ചിയുടെ വടക്കേ മുനമ്പില്‍ നിന്നും വൈപ്പില്‍ ദ്വീപിലേക്ക് വക്രിച്ചു നീളുന്ന, പണ്ടെങ്ങോ അറ്റു പോയൊരു മഴവില്ലിനെ വിരലറ്റം കൊണ്ട് വരച്ചു മുഴുമിപ്പിക്കാനുള്ള കാല്പനികശ്രമത്തിലായിരുന്നു ഞാന്‍.

വൈദ്യുതി നിലച്ചതേതുമറിയാതെ ഗൂഡസ്മൃതികളില്‍ അഭിരമിച്ച് സിനിമ ആസ്വദിക്കുകയായിരുന്നു അത്രനേരം ഞാന്‍. വരകളൊക്കെയും വര്‍ത്തുളമായി പാതി വഴിയില്‍ തീര്‍ന്നു പോകുന്ന മഴവില്ലു പോലെ ഒടുവില്‍ , ലാപ്ടോപ്പ് ഊര്‍ദ്ധന്‍ വലിച്ചു ചിത്രം മാഞ്ഞു, hibernate മോഡിന്റെ ഒടുക്കത്തെ ചുവപ്പ് കത്തിയമര്‍ന്നു. ഇരുട്ടിന്റെ തിരശീലയില്‍ അതുവരെ കണ്ട പ്രണയത്തിന്റെ ഭാഗങ്ങള്‍ വീണ്ടും വീണ്ടും കാട്ടി തന്നു കൊണ്ടിരുന്നു ന്റെ ലാപ്ടോപ്പ്. സ്വപ്‌നങ്ങള്‍ പറഞ്ഞു മുഴുമിപ്പിക്കാതെ, ഇടവേളയില്‍ ഇറങ്ങി പോയൊരു പ്രണയമായ്‌ അവളും യാത്ര പറയാതെ തിരിച്ചു നടക്കുന്നതാണിപ്പോള്‍ കാണുന്നത്.

ഇനിയീ സ്നേഹരാവില്‍ ഒരിക്കലും കയ്യെത്തി പിടിക്കാന്‍ പറ്റാത്ത വിധം അകലെയായിരിക്കുന്നു ന്റെ പ്രണയം. നാളെയുടെ പ്രഭാതം പ്രണയത്തിനായുള്ള കാത്തിരിപ്പിലേക്കും കനിവിലേക്കും കണ്‍ തുറക്കട്ടെ.

ഇപ്പോള്‍ നിങ്ങള്‍ക്ക് കേള്‍ക്കാമോ ആ പാട്ട്...



"സാഗരം മാറിലേറ്റും കതിരോന്‍ വീണെരിഞ്ഞു
കാതരേ നിന്റെ നെഞ്ചില്‍ എരിയും സൂര്യനാരോ..
.........................
പ്രണയമൊരസുലഭമധുരമാം നിർവൃതീ...
ഒഴുകും പാട്ടില്‍ ഈ പാട്ടില്‍ .. ഇനിയും നീ ഉണരില്ലേ...
"

- ഈ സാക്സഫോണ്‍ പാടുന്നത് നോവിന്റെ പാട്ടാണ്. അതിന്റെ വളഞ്ഞ കുഴലുകളില്‍ പ്രണയം നിറച്ച് അകലങ്ങളില്‍ നിന്നാരോ ന്റെ ഹൃദയത്തിലേക്ക് ഊതുകയാണ്.

കണ്ണില്‍ നിന്നും പ്രണയക്കടല്‍ മാഞ്ഞപ്പോള്‍ , പഴയ ഡച്ചു സെമിത്തേരി വലതു ഭാഗത്തെ  ആളൊഴിഞ്ഞ വഴിയിലൂടെ നനഞ്ഞൊട്ടിയ മനസ്സോടെ ഞാന്‍ ടാറ്റയുടെ ആ പ്രേതഭവനത്തിലേക്ക് നടന്നു കൊണ്ടിരുന്നു. നടന്ന വഴികളിലൂടെയൊക്കെയും വീണ്ടും വീണ്ടും നടന്നു കൊണ്ടിരുന്നു. രാവ് തീരും മുന്‍പേ ലക്ഷ്യമണയാന്‍ കഴിയാത്ത മട്ടില്‍ വഴി മറന്നു പോയിരുന്നു ഞാന്‍.

(21/ 04/ 2012)